ന്യൂഡല്‍ഹി: ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയെ കേന്ദ്ര കായിക മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്‌തു. ഫെഡറേഷന്റെ താല്‍ക്കാലിക നടത്തിപ്പിനായി അഡ്-ഹോക്ക് കമ്മിറ്റി രൂപീകരിക്കാന്‍ മന്ത്രാലയം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനോടു നിര്‍ദേശിച്ചു. സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ അലംഭാവമുണ്ടായതും താരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണു നടപടിക്കു പിന്നില്‍.
സ്‌പോര്‍ട്‌സ് ഫെഡറേഷനുകളില്‍ സുതാര്യതയും ജനാധിപത്യപരമായ പ്രവര്‍ത്തനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ തീരുമാനം. മുന്‍പും കോടതി ഇടപെടലിലൂടെ ടി.ടി.എഫ്.എല്‍. സസ്‌പെന്‍ഷന്‍ നേരിട്ടിരുന്നു. സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ച് സെക്രട്ടറി കമലേഷ് മേത്തയെ ജനുവരിയില്‍ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. മുന്‍ താരം കൂടിയായ മേത്ത ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി സസ്‌പെന്‍ഷന്‍ റദ്ദാക്കി. ഫെഡറേഷനിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് സസ്‌പെന്‍ഷന് കാരണമെന്ന് ആരോപണമുണ്ടായിരുന്നു.
2021 ല്‍ വനിതാ താരം മണിക ബത്ര ദേശീയ ടീം കോച്ച് സൗമ്യദീപ് റോയ്‌ക്കെതിരേ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. സൗമ്യദീപ് ഇഷ്‌ടക്കാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നെന്നായിരുന്നു മണികയുടെ ആരോപണം. ടോപ് സീഡാണെങ്കിലും മണിക ബത്രയെ ഏഷ്യന്‍ ഗെയിംസിനുള്ള ടേബിള്‍ ടെന്നീസ് ടീമിലെ റിസര്‍വ് മാത്രമാക്കി. ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാത്തതാണു കാരണമായി കാണിച്ചത്.





Comments