ന്യൂഡല്‍ഹി: പ്രഥമ ഫിഫ ആസിയാന്‍ കപ്പ് ഫുട്‌ബോളില്‍നിന്ന് ഇന്ത്യ പിന്മാറി. അഞ്ചുവട്ടം ലോകചാമ്പ്യന്മാരായ ബ്രസീലുമായി സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കേണ്ടതുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണു പിന്മാറ്റം. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) ഡെപ്യൂട്ടി സെക്രട്ടറി എം. സത്യനാരായണനാണ് ഇക്കാര്യം അറിയിച്ചത്.
അടുത്തമാസം 21 മുതല്‍ ഒക്‌ടോബര്‍ ആറുവരെ ഇന്തോനീഷ്യയിലും ഹോങ്കോങ്ങിലുമായാണ് ആസിയാന്‍ കപ്പ് മത്സരങ്ങള്‍ നിശ്‌ചയിച്ചിരിക്കുന്നത്. പക്ഷേ, ഒക്‌ടോബര്‍ മൂന്നിന് ബ്രസീലിനെതിരേ കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ ഇന്ത്യക്കു മത്സരമുണ്ട്. ഇതോടെയാണ് ആസിയാന്‍ കപ്പില്‍ പങ്കെടുക്കുന്നതില്‍ അനിശ്‌ചിതത്വം ഉടലെടുത്തത്.
യുവനിരയെ ആസിയാന്‍ കപ്പിന് അയച്ച് കാനറികള്‍ക്കെതിരേ സീനിയര്‍ ടീമിനെ കളത്തിലിറക്കാന്‍ നേരത്തെ ആലോചിച്ചിരുന്നു. പക്ഷേ, എ.ഐ.എഫ്.എഫ്. തീരുമാനം മാറ്റുകയായിരുന്നു. പകരം ഇക്കാലയളവില്‍ ഇതര ഫുട്‌ബോള്‍ ശക്‌തികളുമായി സൗഹൃദ മത്സരം സംഘടിപ്പിക്കാനാണ് ആലോചിക്കുന്നത്.
ഇന്തോനീഷ്യ, മലേഷ്യ, സിംഗപ്പുര്‍ ടീമുകള്‍ അടങ്ങുന്ന ഡിവിഷന്‍-1 ഗ്രൂപ്പ് എയിലാണ് ആസിയാന്‍ കപ്പില്‍ ഇന്ത്യ ഉള്‍പ്പെട്ടിരുന്നത്.







Comments