പടിക്കലിന്റെ സെഞ്ചുറി ഇന്ത്യന്‍ ടീം കോച്ച് ഗൗതം ഗംഭീറിന് ആശ്വാസമാണ്. 2024 ജൂലൈ മുതല്‍ ഗംഭീര്‍ മൂന്നാം നമ്പറില്‍ ഏഴ് പേരെയാണു പരീക്ഷിച്ചത്. തന്റെ മൂന്നാം ടെസ്റ്റിലാണ് ദേവ്ദത്ത് പടിക്കല്‍ സെഞ്ചുറി കുറിച്ചത്. കൊളംബോയില്‍ നടന്ന സന്നാഹ മത്സരത്തിലെ സെഞ്ചുറി പ്രകടനം ഇവിടെയും ആവര്‍ത്തിക്കുകയായിരുന്നു. 2024 മാര്‍ച്ചില്‍ ധര്‍മശാലയില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. ഏകദിനത്തിലും ട്വന്റി20യിലും അരങ്ങേറി മൂന്ന് വര്‍ഷത്തിന് ശേഷമായിരുന്നു അത്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ രാഹുലിന് പകരം അവസാന ഇലവനില്‍ ഇടം നേടിയ ദേവ്ദത്ത് 103 പന്തില്‍ 65 റണ്ണെടുത്തു. എട്ട് മാസങ്ങള്‍ക്കു ശേഷം നവംബറില്‍ ഓസ്ട്രേലിയയ്ക്കെതിരേ പെര്‍ത്ത് ടെസ്റ്റിലും കളിച്ചു. അന്ന് തിളങ്ങാനായില്ല. ഒന്നാം ഇന്നിങ്സില്‍ പൂജ്യത്തിനു മടങ്ങിയ ദേവ്ദത്ത് രണ്ടാം ഇന്നിങ്സില്‍ 25 റണ്ണെടുത്തു. ബാറ്റിങ് ലൈനപ്പിലെ മത്സരങ്ങള്‍ കാരണം ദേവ്ദത്തിന് രണ്ട് വര്‍ഷം കാത്തിരിക്കേണ്ടി വന്നു.
സായ് സുദര്ശന് പരുക്കേറ്റതോടെയാണു ദേവ്ദത്തിനെ പരീക്ഷിച്ചത്. സന്നാഹത്തില്‍ മികവ് തെളിയിച്ചു ഗംഭീറിന്റെ വിശ്വാസം നേടി. 142 റണ്ണാണു ദേവ്ദത്ത് അടിച്ചെടുത്തത്. കോച്ചായി ചുമതലയേറ്റ ശേഷം പരീക്ഷിച്ച ഏഴ് പേരും കൂടെ 35 ഇന്നിങ്സ് കളിച്ചപ്പോള്‍ 50 ല്‍ കൂടുതല്‍ കണ്ടെത്തിയത് അഞ്ച് തവണ മാത്രം.
ബാറ്റിങ് ശരാശരിയാകട്ടെ 27.28. സൗരവ് ഗാംഗുലിക്ക് പിന്നാലെ മൂന്നാം നമ്പറിലിറങ്ങി സെഞ്ചുറിയടിക്കുന്ന ഇടംകൈയന്‍ ബാറ്റര്‍ കൂടിയാണ് ദേവ്ദത്ത്. മൂന്നാം നമ്പറില്‍ ഇറങ്ങി നാല് സെഞ്ചുറി നേടിയ വിനോദ് കാംബ്ലിയാണ് ഇടംകൈയന്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ ഒന്നാമത്. ഗാംഗുലി മൂന്നെണ്ണം അടിച്ചെടുത്തു. സലീം ദുരാനി, ബാപു നട്കര്ണി, അജിത് വഡേക്കര്‍, ഏകനാഥ് സോള്‍കര്‍, സുരീന്ദര്‍ അമര്‍നാഥ് എന്നിവരോടൊപ്പം മൂന്നാമതാണു ദേവ്ദത്ത്.
മലപ്പുറം ജില്ലയില്‍ വേരുകളുള്ള ദേവ്ദത്തിന്റെ പിതാവ് ബാബുനു കുന്നത്ത് നിലമ്പൂര്‍ സ്വദേശിയായ വ്യവസായിയാണ്. മാതാവ് അമ്പിളി പടിക്കലിന്റെ നാടായ എടപ്പാളിലാണ് ദേവ്ദത്ത് ജനിച്ചത്. മകന് നാല് വയസുള്ളപ്പോള്‍ പിതാവിന്റെ ജോലിസ്ഥലമായ ഹൈദരാബാദിലേക്ക് പോയി. കുട്ടിക്കാലത്ത് തന്നെ അവന്റെ ക്രിക്കറ്റ് പ്രേമം മനസിലാക്കിയ മാതാപിതാക്കള്‍ 2011 ല്‍ ബംഗളൂരുവിലേക്ക് താമസം മാറി. 2019 ല്‍ വിജയ് ഹസാരെ ട്രോഫിയില്‍ ടോപ് സ്കോററായി. കര്‍ണാടകയെ ജേതാക്കളാക്കിയതോടെയാണ് ദേവ്ദത്ത് ശ്രദ്ധിക്കപ്പെട്ടത്. ഐ.പി.എല്ലില്‍ 2020 ല്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ടീമിലെത്തി. രാജസ്ഥാന് റോയല്‍സിനും ലഖ്നൗ സൂപ്പര്‍ ജയന്റ്സിലും കളിച്ചു. 2021 ല്‍ ശ്രീലങ്കയ്ക്കെതിരെയായിരുന്നു ട്വന്റി20 അരങ്ങേറ്റം.







Comments