
ന്യൂഡല്‍ഹി: ബാഡ്‌മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിന് ഇന്നു തുടക്കം. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ 23 വരെയാണു ചാമ്പ്യന്‍ഷിപ്പ്. 64 പുരുഷ/വനിതാ താരങ്ങളാണ് ആകെ മത്സരിക്കുന്നത്‌്. മൂന്ന് ഡബിള്‍സ് വിഭാഗങ്ങളിലായി 48 ജോഡികളും മത്സരിക്കും.
ഒരു സ്വര്‍ണമടക്കം അഞ്ച് മെഡലുള്ള ഒളിമ്പ്യന്‍ പി.വി. സിന്ധുവാണ് ഇന്ത്യയുടെ ശ്രദ്ധാകേന്ദ്രം. 31 വയസുകാരിയായ സിന്ധുവിന്റെ ഏഴാം ചാമ്പ്യന്‍ഷിപ്പാണ്. ഇന്നു നടക്കുന്ന വനിതാ സിംഗിള്‍സ് ഒന്നാം റൗണ്ടില്‍ അയര്‍ലന്‍ഡിന്റെ സോഫിയ നോബിള്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തിന്റെ എതിരാളിയാകും. 2013, 2014, 2017, 2018, 2019 കാലഘട്ടങ്ങളിലാണു താരം മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചത്. സിന്ധു 2019 ല്‍ സ്വര്‍ണം നേടി. 2017 ലും 2018 ലും വെള്ളി. 2013, 2014 പതിപ്പുകളില്‍ വെങ്കലമാണ് സമ്പാദ്യം. 2015, 2021, 2025 സീസണുകളില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. 2023 ല്‍ പ്രീ ക്വാര്‍ട്ടര്‍ കടക്കാനായില്ല. 15 വര്‍ഷത്തിനു ശേഷമാണ് ലോക ചാമ്പ്യന്‍ഷിപ്പ് ഇന്ത്യയില്‍ നടക്കുന്നത്. 2009 ല്‍ ഹൈദരാബാദായിരുന്നു വേദി. 29 ചാമ്പ്യന്‍ഷിപ്പുകളിലായി ഇന്ത്യക്ക് ഒരു സ്വര്‍ണവും നാല് വെള്ളിയും 10 വെങ്കലവുമാണ്. രാവിലെ ഒമ്പത് മുതല്‍ ഒന്നാം റൗണ്ട് മത്സരങ്ങള്‍ തുടങ്ങും. 21 ന് ക്വാര്‍ട്ടര്‍ ഫൈനലും 22 ന് സെമി ഫൈനലും നടക്കും. ഞായറാഴ്‌ചയാണ് ഫൈനല്‍. പുരുഷ സിംഗിള്‍സില്‍ ലക്ഷ്യാസെനും ആയുഷ് ഷെട്ടിയുമാണ് .. ആയുഷിന് നിലവിലെ ചാമ്പ്യന്‍ ചൈനയുടെ ഷി യു ഖിയാണ് ഒന്നാം റൗണ്ടിലെ എതിരാളി. ലക്ഷ്യ ഓസ്‌ട്രിയയുടെ കോളിന്‍സ് ഫിലിമനെ നേരിടും. വനിതാ സിംഗിള്‍സില്‍ സിന്ധുവിന് പുറമെ ഉന്നതി ഹൂഡയും കളിക്കും. പുരുഷ ഡബിള്‍സില്‍ സാത്വിക് സായ്‌രാജ്‌റെങ്കിറെഡ്‌ഡി ചിരാഗ് ഷെട്ടി സഖ്യം മെഡല്‍ പ്രതീക്ഷിക്കുന്നു. അവര്‍ കഴിഞ്ഞ തവണ വെങ്കലം നേടിയിരുന്നു. മലയാളിയായ എം ആര്‍ അര്‍ജുന്‍ - ഹരിഹരന്‍ അംസ കരുണന്‍ സഖ്യവും വനിതാ ഡബിള്‍സില്‍ മലയാളി താരം ട്രീസ ജോളി - ഗായത്രി ഗോപിചന്ദ് സഖ്യവും മത്സരിക്കുന്നുണ്ട്.
മിക്‌സഡ് ഡബിള്‍സില്‍ ധ്രുവ് കപില- ടാനിഷ ക്രാസ്‌റ്റോ സഖ്യവും രോഹന്‍ കപൂര്‍ - ഋതിക ശിവാനി ഗാഡെ കൂട്ടുകെട്ടും മത്സരിക്കും. ഡെന്‍മാര്‍ക്കിന്റെ ലോക നാലാം നമ്പര്‍ ആന്‍ഡേഴ്‌സ് ആന്റണ്‍സെന്‍ ഇത്തവണ കിരീടം തേടിയെത്തുന്നുണ്ട്. കഴിഞ്ഞ മൂന്ന് ഇന്ത്യന്‍ ഓപ്പണ്‍ ടൂര്‍ണമെന്റുകളിലും ആന്റണ്‍സെന്‍ മത്സരിച്ചില്ല. ഡല്‍ഹിയിലെ വായു മലിനീകരണമാണു താരം കാരണമായി പറഞ്ഞിരുന്നത്‌്.
ദക്ഷിണ കൊറിയയുടെ ആന്‍ സെന്‍ യങ്, ജപ്പാന്റെ അകാനെ യാമാഗുചി, ഒളിമ്പിക് ചാമ്പ്യന്‍ ചെന്‍ യുഫി, ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ വാങ് സി യി എന്നിവരാണു സിന്ധുവിനൊപ്പം സിംഗിള്‍സില്‍ മത്സരിക്കുന്നത്. അഞ്ച് വര്‍ഷം സൂപ്പര്‍ 500 കിരീടങ്ങളില്ലാതിരുന്ന സിന്ധു ജപ്പാന്‍ ഓപ്പണിലൂടെയാണു വരള്‍ച്ച ഇല്ലാതാക്കിയത്. ഫൈനലില്‍ ഹാന്‍ യുവിനെ തോല്‍പ്പിച്ച ഇന്ത്യന്‍ താരം ചെന്‍ യു ഫി, യാമാഗുചി എന്നിവരെയും മറികടന്നു.






Comments