
തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് ആതിഥ്യം വഹിക്കാന്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലെ പിച്ചുകള്‍ ഒരുങ്ങി. മുന്‍ സീസണുകളെപ്പോലെ റണ്ണൊഴുകുന്ന പിച്ചുകളാണ് ഇത്തവണത്തേതുമെന്ന് ക്യൂറേറ്റര്‍ എ.എം. ബിജു പറഞ്ഞു.
ഔട്ട്‌ഫീല്‍ഡിന്റെ ജോലികളും ഏറെക്കുറെ പൂര്‍ത്തിയായി. 20 മുതല്‍ സെപ്‌റ്റംബര്‍ അഞ്ച് വരെയാണ് ടൂര്‍ണമെന്റ്. കെ.സി.എല്ലിന് തൊട്ടുപിന്നാലെ ഏതാനും രാജ്യാന്തര മത്സരങ്ങള്‍ക്കും ഗ്രീന്‍ഫീല്‍ഡ് വേദിയാകും. രണ്ടര മാസം മുന്‍പ് തുടങ്ങിയ ജോലികളാണ് അവസാന ഘട്ടത്തിലെത്തിയത്. റോളിങാണു ബാക്കിയുള്ളത്. കെ.സി.എല്ലിനായി അഞ്ച് പിച്ചുകളായിരുന്നു കഴിഞ്ഞ തവണ തയാറാക്കിയത്. ഇത്തവണ ആറ് പിച്ചുകളുണ്ട്. രണ്ടാഴ്‌ച നീളുന്ന ടൂര്‍ണമെന്റില്‍ ദിവസവും രണ്ട് മത്സരങ്ങള്‍ വീതമുണ്ട്. പിച്ചുകളുടെ ഗുണനിലവാരം നിലനിര്‍ത്താന്‍ മാറിമാറിയായിരിക്കും മത്സരങ്ങള്‍ നടത്തുക. കൂടാതെ പരിശീലനത്തിന് മൂന്ന് പിച്ചുകളും രണ്ട് ആസ്‌ട്രോ ടര്‍ഫ് വിക്കറ്റുകളും വേറെയുണ്ട്. കര്‍ണാടകയിലെ മാണ്ഡ്യയില്‍നിന്ന് പ്രത്യേകമെത്തിച്ച ഗുണനിലവാരമുള്ള മണ്ണുപയോഗിച്ചാണ് പ്രധാന പിച്ചുകള്‍ നിര്‍മിച്ചത്. പരുത്തിക്കൃഷിക്ക് അനുയോജ്യമായ ഈര്‍പ്പം നിലനിര്‍ത്തുന്ന മണ്ണാണ് അവിടുത്തേത്. മികച്ച ബൗണ്‍സ് ഉറപ്പാക്കുകയും പിച്ച് സ്ലോ ആകാതെ നോക്കുകയും ചെയ്യും. ആദ്യ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് സ്‌കോര്‍ 200 കടന്നത്. കഴിഞ്ഞ സീസണില്‍ ഏഴ് മത്സരങ്ങളില്‍ സ്‌കോര്‍ 200 കടന്നു. രണ്ടു സീസണിലും 200 ന് മുകളിലുള്ള ലക്ഷ്യങ്ങള്‍ വിജയകരമായി പിന്തുടര്‍ന്നു. മത്സരത്തിനിടയില്‍ മഴ വില്ലനായാല്‍ പോലും നിരാശരാകണ്ട. മഴ തോര്‍ന്ന് അരമണിക്കൂറില്‍ കളി പുനരാരംഭിക്കാന്‍ ശേഷിയുള്ള അത്യാധുനിക ഡ്രെയിനേജ് സംവിധാനമാണ് ഗ്രീന്‍ഫീല്‍ഡില്‍ സജ്‌ജമാക്കിയത്.
ക്യൂറേറ്റര്‍ ബിജുവിന്റെ നേതൃത്വത്തില്‍ 25 പേര്‍ അടങ്ങുന്ന സംഘമാണ് പിച്ചിന്റെയും ഔട്ട്‌ഫീല്‍ഡിന്റെയും നിര്‍മണത്തില്‍ ഏര്‍പ്പെടുന്നത്‌്. മൂന്നര പതിറ്റാണ്ടിലേറെയായി കെ.സി.എയുടെ വിശ്വസ്‌തനായ ക്യൂറേറ്ററാണ് എ. എം. ബിജു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിച്ചുകളായിരുന്നു ബിജു ആദ്യം ഒരുക്കിയത്. തുടര്‍ന്ന് ഗ്രീന്‍ഫീല്‍ഡിലെയും തുമ്പയിലെയും മംഗലപുരത്തെയുമടക്കം സംസ്‌ഥാനത്തെ മികച്ച സ്‌റ്റേഡിയങ്ങളിലെയും പിച്ചുകള്‍ ഒരുക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നതും ബിജു തന്നെയാണ്.






Comments