
ഡാര്‍വിന്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ബംഗ്ലാദേശിന് ഒന്‍പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. സ്‌കോര്‍: ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് 198. രണ്ടാം ഇന്നിങ്‌സ് 284. ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സ് 426, രണ്ടാം ഇന്നിങ്‌സ് ഒന്നിന് 57.
ബംഗ്ലാദേശ് ഓസ്‌ട്രേലിയയില്‍ കുറിക്കുന്ന ആദ്യ ടെസ്‌റ്റ് ജയമാണിത്. കളി തീരാന്‍ ഒരു ദിവസം ശേഷിക്കേയാണു ബംഗ്ലാദേശ് വിജയ റണ്ണെടുത്തത്. രണ്ട് ടെസ്‌റ്റുകളുടെ പരമ്പരയില്‍ മുന്‍തൂക്കം നേടാനും അവര്‍ക്കായി. 66 റണ്‍ വഴങ്ങി അഞ്ച് വിക്കറ്റെടുത്ത മെഹ്‌ദി ഹസന്‍ മിറാസാണ് ഓസീസിനെ രണ്ടാം ഇന്നിങ്‌സില്‍ കുരുക്കിയത്. ഒന്നാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റെടുത്ത ഹസന്‍ മഹ്‌മൂദ് രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റെടുത്തു. തസ്‌കിന്‍ അഹമ്മദും തായ്‌ജുള്‍ ഇസ്ലാമും ഒരു വിക്കറ്റ് വീതമെടുത്തു. കാമറൂണ്‍ ഗ്രീനിന്റെ സെഞ്ചുറിയാണ് (201 പന്തില്‍ ഒരു സിക്‌സറും നാല് ഫോറുമടക്കം 104) ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കിയത്. അലക്‌സ് ക്യാരി (72 പന്തില്‍ 30) ഗ്രീനിനു പിന്തുണയുമായി ചെറുത്തു.
ക്യാരിയെ മെഹ്‌ദി വിക്കറ്റ് കീപ്പര്‍ ലിട്ടന്‍ ദാസിന്റെ കൈയിലെത്തിച്ചതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. ബ്യൂ വെബ്‌സ്റ്റര്‍ (അഞ്ച്), നായകന്‍ പാറ്റ് കുമ്മിന്‍സ് (എട്ട്), മിച്ചല്‍ സ്‌റ്റാര്‍ക്ക് (18), നഥാന്‍ ലിയോണ്‍ (15) എന്നിവര്‍ നിരാശപ്പെടുത്തി. ഗ്രീന്‍ ഒന്‍പതാമനായാണു പുറത്തായത്. ഹസന്റെ ഷോട്ട്‌പിച്ച് പന്തില്‍ ഗ്രീന്‍ പ്ലേയ്‌ഡ് ഓണായി. അതോടെ ഹസന്‍ ഒന്‍പത് വിക്കറ്റും കുറിച്ചു. ബംഗ്ലാദേശിനായി തസ്‌കിന്‍ അഹമ്മദും തായ്‌ജുള്‍ ഇസ്ലാമും ഒരു വിക്കറ്റ് വീതമെടുത്തു. 57 റണ്ണിന്റെ ലക്ഷ്യവുമായാണു ബംഗ്ലാദേശ് കളിക്കാനിറങ്ങിയത്. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറിയടിച്ച തന്‍സിദ് ഹസന്റെ (അഞ്ച് പന്തില്‍ 0) വിക്കറ്റ് അവര്‍ക്ക് ക്ഷണത്തില്‍ നഷ്‌ടമായി. ജോഷ് ഹാസില്‍വുഡിന്റെ പന്തിനെ പുഷ് ചെയ്‌ത തന്‍സിദിനു പിഴച്ചു. ഓപ്പണര്‍ ശദ്‌മന്‍ ഇസ്ലാം (42 പന്തില്‍ 25), മോമിനുള്‍ ഹഖ് (39 പന്തില്‍ 30) എന്നിവര്‍ ചേര്‍ന്നാണു വിജയ റണ്ണെടുത്തത്‌്. രണ്ട് ഇന്നിങ്‌സുകളിലുമായി ഒന്‍പത് വിക്കറ്റെടുത്ത ഹസന്‍ മഹ്‌മൂദാണു മത്സരത്തിലെ താരം. ഓസ്‌ട്രേലിയയ്‌ക്കെതിരേ കളിച്ച ഏഴ് ടെസ്‌റ്റുകളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണു ബംഗ്ലാദേശ് ജയിച്ചത്. ആദ്യ ജയം 2017 ലെ മിര്‍പുര്‍ ടെസ്‌റ്റിലായിരുന്നു.
ബംഗ്ലാദേശ് 2003 ലാണ് മുമ്പ് ഓസീസ് മണ്ണില്‍ രണ്ട് ടെസ്‌റ്റുകളുടെ പരമ്പര കളിച്ചത്‌്. രണ്ട് മത്സരങ്ങളിലും ഇന്നിങ്‌സ് തോല്‍വി നേരിട്ടു. 15 വര്‍ഷത്തിനിടെ മൂന്നു തവണ മാത്രമാണ് ഓസീസ് നാട്ടില്‍ ടോസ് നേടിയിട്ടും തോല്‍ക്കുന്നത്. ഇന്ത്യക്കെതിരേ 2020-21 സീസണില്‍ മെല്‍ബണ്‍, ഗാബ ടെസ്‌റ്റുകളിലാണു മുമ്പ് തോറ്റത്. ഡാര്‍വിനിലെ ജയത്തോടെ ബംഗ്ലാദേശ് ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ മറികടന്ന് നാലാം സ്‌ഥാനത്തെത്തി. ഒമ്പത് വിക്കറ്റിന്റെ ജയത്തോടെയാണ് ബംഗ്ലാദേശ് പട്ടികയില്‍ നാലാം സ്‌ഥാനത്തേക്ക് കുതിച്ചത്. ടെസ്‌റ്റ് ക്രിക്കറ്റിലെ തന്നെ അപ്രതീക്ഷിത ജയങ്ങളിലൊന്നാണിത്. അഞ്ച് മത്സരങ്ങളില്‍നിന്ന് മൂന്ന് ജയങ്ങളാണു ബംഗ്ലാദേശിനുള്ളത്. ടീമിന്റെ പോയിന്റ് ശതമാനം 66.67 ആയി ഉയര്‍ന്നു. നാലാം സ്‌ഥാനത്തുണ്ടായിരുന്ന ഇന്ത്യ അഞ്ചാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒമ്പത് ടെസ്‌റ്റുകളില്‍നിന്നു നാല് ജയങ്ങളാണ് ഇന്ത്യയുടെ അക്കൗണ്ടില്‍. 48.15 ആണ് ഇന്ത്യയുടെ പോയിന്റ് ശതമാനം. രണ്ട് തവണ ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തിയ ഇന്ത്യക്ക് ബംഗ്ലാദേശിന്റെ ചരിത്ര ജയം തിരിച്ചടിയായി. തോറ്റെങ്കിലും ഓസ്‌ട്രേലിയ ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ഒന്നാം സ്‌ഥാനത്ത് തുടര്‍ന്നു. ഒന്‍പത് ടെസ്‌റ്റുകളില്‍നിന്ന് ഏഴ് ജയങ്ങളുമായി 77.78 ശതമാനമാണ് അവരുടെ നേട്ടം.






Comments