
ഗാള്‍: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒന്‍പത് വിക്കറ്റിന് 460 റണ്ണെന്ന നിലയിലാണ്. പ്രസിദ്ധ കൃഷ്‌ണ (ഒന്ന്), കുല്‍ദീപ് യാദവ് (13 പന്തില്‍ 12) എന്നിവരാണു ക്രീസില്‍. മഴ മൂലം മത്സരം ഇടയ്‌ക്കിടെ തടസപ്പെട്ടിരുന്നു. ദേവദത്ത് പടിക്കലിന്റെ (230 പന്തില്‍ ഒരു സിക്‌സറും 15 ഫോറുമടക്കം 167) കന്നി ടെസ്‌റ്റ് സെഞ്ചുറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ കാതല്‍. ഒന്നാം ദിവസം ഇന്ത്യ രണ്ടിന് 288 എന്ന നിലയിലാണ് അവസാനിപ്പിച്ചത്. ഇന്നലെ 172 റണ്‍ കൂടി കൂട്ടിച്ചേര്‍ത്തു.
പടിക്കലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 175 പന്തില്‍ 82 റണ്ണെടുത്ത ലോകേഷ് രാഹുലും നിര്‍ണായക സംഭാവന നല്‍കി. ഒന്നാം ദിവസം റിട്ടയേഡ് ഹര്‍ട്ടായ രാഹുല്‍ ഋഷഭ് പന്ത് (62 പന്തില്‍ ഒരു സിക്‌സറും നാല് ഫോറുമടക്കം 39) പുറത്തായതോടെ ക്രീസില്‍ തിരിച്ചെത്തി. പന്തിനെ കേഷാര നുവാന്ത ദിനുഷയുടെ കൈയിലെത്തിച്ചു. 77 റണ്ണില്‍ നില്‍ക്കേയാണു രാഹുല്‍ ക്രീസ് വിട്ടത്. തിരിച്ചെത്തിയ ശേഷം അധിക നേരം തുടരാനായില്ല. നുവാന്തയുടെ പന്തില്‍ അസിത ഫെര്‍ണാണ്ടോ പിടിച്ചാണു രാഹുല്‍ പുറത്തായത്. 215 പന്തുകളിലാണു പടിക്കല്‍ 150 കടന്നത്. പ്രഭാത് ജയസൂര്യയെ ക്രീസ് വിട്ട് ആഞ്ഞടിക്കാന്‍ ശ്രമിച്ച പടിക്കലിനെ നിരോഷന്‍ ഡിക്‌വെല സ്‌റ്റമ്പ് ചെയ്‌തു.
ധ്രുവ് ജൂറലും (68 പന്തില്‍ ഒരു സിക്‌സറും നാല് ഫോറുമടക്കം 51) മാനവ് സുതറും (43 പന്തില്‍ 24) ചേര്‍ന്ന് ഏഴാം വിക്കറ്റ് കൂട്ടുകെട്ട് 62 പന്തില്‍ 50 കടന്നു.
ജൂറലിനെയും സുതറിനെയും ജയസൂര്യയാണു പുറത്താക്കിയത്. രവീന്ദ്ര ജഡേജയെ (13) നിലയുറപ്പിക്കും മുമ്പ് നുവാന്ത വിക്കറ്റിനു മുന്നില്‍ കുടുക്കി. മുഹമ്മദ് സിറാജ് (15 പന്തില്‍ ഒരു സിക്‌സറടക്കം 11) അസിത ഫെര്‍ണാണ്ടോയുടെ പന്തില്‍ പുറത്തായി. ശ്രീലങ്കയ്‌ക്കായി പ്രഭാത് ജയസൂര്യ നാല് വിക്കറ്റും കന്നിക്കാരന്‍ കേഷാര നുവാന്ത മൂന്ന് വിക്കറ്റുമായി തിളങ്ങി. അസിത ഫെര്‍ണാണ്ടോയ്‌ക്കാണ് ഒരു വിക്കറ്റ്. പരുക്കേറ്റു പുറത്തായ ബി. സായ് സുദര്‍ശനു പകരമാണു ദേവദത്ത് പടിക്കല്‍ ടീമിലെത്തിയത്‌്. താരത്തിന്റെ കരിയറിലെ മൂന്നാമത്തെ ടെസ്‌റ്റാണിത്. ദേവദത്തും രാഹുലും ചേര്‍ന്ന രണ്ടാം വിക്കറ്റ് സഖ്യമാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ല്.






Comments