
തൊടുപുഴ: ഹോസ്‌റ്റലിലെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥിക്ക് സഹപാഠികളുടെ ക്രൂരമര്‍ദനം. തൊടുപുഴയിലെ സ്വകാര്യ സ്‌ഥാപനത്തില്‍ മൊബൈല്‍ ഫോണ്‍ ആന്‍ഡ് ലാപ്‌ടോപ്പ് സര്‍വീസ് കോഴ്‌സിന് പഠിക്കുന്ന അണക്കര സ്വദേശിയായ 19 വയസുകാരനാണു മര്‍ദനമേറ്റത്. ജനനേന്ദ്രിയത്തിന് ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിക്ക് ശസ്‌ത്രക്രിയ നടത്തി. സ്‌ഥാപനത്തിന്റെ ഹോസ്‌റ്റലായി പ്രവര്‍ത്തിക്കുന്ന വീട്ടില്‍ താമസിച്ചിരുന്ന ചില വിദ്യാര്‍ഥികള്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിദ്യാര്‍ഥി ഇക്കാര്യം അധ്യാപകരെ അറിയിച്ചത്.
അധ്യാപകരുടെ നിര്‍ദേശപ്രകാരം ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വിദ്യാര്‍ഥി മൊബൈല്‍ ഫോണില്‍ പകര്‍ത്തി നല്‍കിയിരുന്നു. തുടര്‍ന്ന് അധ്യാപകര്‍ ഹോസ്‌റ്റലിലെത്തി വിദ്യാര്‍ഥികളെ ചോദ്യംചെയ്‌തപ്പോള്‍ ലഹരി ഉപയോഗിച്ചതായി ഇവര്‍ സമ്മതിച്ചതായാണ് വിവരം. എന്നാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കാതെ ഇവരെ ഉപദേശിച്ച് വിട്ടയച്ചെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയ വിദ്യാര്‍ഥിയോട് അവ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. ദൃശ്യങ്ങള്‍ അധ്യാപകര്‍ക്ക് കൈമാറിയത് 19കാരനാണെന്ന് മനസിലാക്കിയതോടെയാണ് സഹപാഠികള്‍ ഇയാളെ ആക്രമിച്ചതെന്നാണ് ആരോപണം.
കഴിഞ്ഞ 10ന് ഹോസ്‌റ്റലിലെത്തിയ വിദ്യാര്‍ഥിയെ മൂന്ന് സഹപാഠികള്‍ അസഭ്യം പറയുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്‌തു. രാത്രി മുറിയില്‍ പൂട്ടിയിട്ടതായും പരാതിയുണ്ട്. വയറിനും ജനനേന്ദ്രിയത്തിനും കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പിറ്റേന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വേദന ഗുരുതരമായതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടുകയും ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാകുകയും ചെയ്‌തു.
ഭയത്തെ തുടര്‍ന്ന് സംഭവം വീട്ടുകാരോട് ആദ്യം പറഞ്ഞിരുന്നില്ല. 13നാണ് വിദ്യാര്‍ഥി മര്‍ദനവിവരം മാതാപിതാക്കളെ അറിയിച്ചത്. തുടര്‍ന്ന് പിതാവ് തൊടുപുഴ ഡിവൈ.എസ്.പിക്ക് പരാതി നല്‍കി. സംഭവത്തില്‍ ഒരാളെ തൊടുപുഴ പോലീസ് കസ്‌റ്റഡിയിലെടുത്തെങ്കിലും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ജസ്‌റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി. തുടര്‍ന്ന് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. പുറത്തിറങ്ങിയ ശേഷം ഈ കുട്ടി മര്‍ദനമേറ്റ വിദ്യാര്‍ഥിക്ക് ഇന്‍സ്‌റ്റഗ്രാമിലൂടെ 'ഇപ്പോ എങ്ങനെയുണ്ടെടാ' എന്ന സന്ദേശം അയച്ചതായും പരാതിയുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് പേര്‍ക്കെതിരെയും നടപടി എടുക്കണമെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.







Comments