
തിരുവനന്തപുരം: ബജറ്റ് ചോര്‍ന്ന വിഷയത്തില്‍ പ്രതിപക്ഷത്തിന് വഴങ്ങാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബജറ്റ് നിര്‍ദ്ദേശം ചോര്‍ന്നത് ധനമന്ത്രിയുടെ സ്റ്റാഫിന്റെ അമിതാവേശം കാരണമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ നല്കാന് തയ്യറാക്കിയ കുറിപ്പ് മാത്രമാണ് പുറത്തായതെന്നും സ്പീക്കര്‍ ഇക്കാര്യത്തില്‍ നിയമസഭയില്‍ വിശദീകരണം നല്കുമെന്നുമാന്നും ധനമന്ത്രി തോമസ് ഐസ്ക്കും പ്രതികരിച്ചു. എന്നാല്‍ മന്ത്രിയുടെ രാജിയില്‍ കുറഞ്ഞൊരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന നിലപാടില്‍ തന്നെയാണ് പ്രതിപക്ഷവും.
ബജറ്റ് മുഴുവന്‍ ചോര്‍ന്നുവെന്ന ആരോപണം ശരിയല്ല. ബജറ്റ് രേഖ ചോര്‍ന്നിട്ടില്ല. ഇതു സംബന്ധിച്ചു മാധ്യമങ്ങള്‍ക്കുള്ള കുറിപ്പാണ് പുറത്തുപോയത്. ഇക്കര്യത്തില്‍ അന്വേഷണം നടത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചു. നികുതി നിര്‍ദ്ദേശങ്ങള്‍ ചോര്‍ന്നാല്‍ മാത്രമേ ബജറ്റ് ചോര്‍ന്നതായി കണക്കാക്കാനാവു. അങ്ങനെ വന്നാല്‍ ഓഹരി വിപണിയില്‍ മാറ്റം വരുകയും ചെയ്യും. ഇവിടെ വിവരങ്ങള്‍ ചോര്‍ന്നതുമൂലം ആര്‍ക്കെങ്കിലും നേട്ടമുണ്ടായിട്ടുണ്ടോ എന്നത് വ്യക്തമല്ല. കുറിപ്പ് പുറത്തു വന്നതുകൊണ്ട് സര്‍ക്കാരിന് വരുമാന നഷ്ടം ഉണ്ടായിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.






