More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Opinion
Loading...

ദക്ഷിണേഷ്യയെ മാറ്റിമറിക്കുന്ന ജെന്‍ സീ

Authored by Web Desk | Last updated: 31 Aug 2026, 11:42 PM | 4 min read

Print
ദക്ഷിണേഷ്യയെ മാറ്റിമറിക്കുന്ന ജെന്‍ സീ

ദക്ഷിണേഷ്യയുടെ രാഷ്‌ട്രീയഭൂപടത്തെ അടിസ്‌ഥാനപരമായി മാറ്റിമറിച്ച ആറ്‌ ഭരണവിരുദ്ധ പ്രക്ഷോഭങ്ങളാണ്‌ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ യുവാക്കളുടെ നേതൃത്വത്തില്‍ ഉണ്ടായത്‌. ഈ പ്രസ്‌ഥാനങ്ങള്‍ക്കൊക്കെയും പൊതുവായി ചില സവിശേഷതകളുണ്ടായിരുന്നു. യുവാക്കളുടെ അഭിലാഷങ്ങളും ഡിജിറ്റല്‍ സാങ്കേതികവിദ്യയിലുള്ള സ്വാഭാവികമായ പ്രാവീണ്യവും സാമ്പത്തിക പ്രതിസന്ധികളോടുള്ള നിരാശയും ഭരണത്തിലെ ഉന്നത നേതൃത്വത്തോടുള്ള അവിശ്വാസവുമെല്ലാം അവയില്‍ പ്രതിഫലിച്ചു. എന്നാല്‍, ഈ പ്രക്ഷോഭങ്ങള്‍ അരങ്ങേറിയ രാഷ്‌ട്രീയ സംവിധാനങ്ങള്‍ ജനങ്ങളുടെ അസംതൃപ്‌തിയെ കൈകാര്യം ചെയ്‌തത്‌ തികച്ചും വ്യത്യസ്‌തമായ രീതികളിലായിരുന്നു. അതിനാല്‍ അവയുടെ ഫലങ്ങളും പരസ്‌പരം ഏറെ വ്യത്യസ്‌തമായി.
ഈ കഥ ആരംഭിക്കുന്നത്‌ മ്യാന്‍മറില്‍നിന്നാണ്‌. 2021 ഫെബ്രുവരിയില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ സൈന്യം അട്ടിമറിച്ചതോടെയാണ്‌ ജനകീയ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്‌. ജനാധിപത്യപരമായ നിയമസാധുതയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക്‌ യാതൊരു വിലയും കല്‍പ്പിക്കാതിരുന്ന പുതിയ ഭരണകൂടം പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തി. ജനാധിപത്യം സമാധാനപരമായി പുനഃസ്‌ഥാപിക്കപ്പെടാനുള്ള സാധ്യത അടഞ്ഞതോടെ, ഒരു തലമുറയിലെ യുവാക്കള്‍ക്ക്‌ സായുധ പോരാട്ടത്തിലേക്ക്‌ തിരിയുകയല്ലാതെ മറ്റൊരു വഴിയില്ലാതായി. അവര്‍ സായുധ വംശീയ സംഘടനകള്‍ക്കൊപ്പം ചേര്‍ന്ന്‌ സിവിലിയന്‍ പ്രതിരോധ സേനകള്‍ രൂപീകരിച്ചു. അതിന്റെ ഫലം ഇന്നും തുടരുന്ന ദീര്‍ഘമായ ആഭ്യന്തരയുദ്ധമാണ്‌.
ശ്രീലങ്കയില്‍ 2022 മാര്‍ച്ചില്‍ ഉയര്‍ന്ന 'അരഗലായ' പ്രക്ഷോഭത്തിന്റെ അടിസ്‌ഥാനം സാമ്പത്തിക തകര്‍ച്ചയായിരുന്നു. ഇന്ധന പമ്പുകള്‍ കാലിയായതും നീണ്ടുനിന്ന വൈദ്യുതി നിയന്ത്രണവും രാജ്യത്തിന്റെ പരമാധികാര കടബാധ്യതാ പ്രതിസന്ധിയും ചേര്‍ന്ന്‌ പതിറ്റാണ്ടുകളോളം അധികാരത്തില്‍ തുടര്‍ന്ന രാജപക്‌സെ കുടുംബത്തിന്റെ ഭരണസാധുത തകര്‍ത്തു. പ്രതിഷേധങ്ങള്‍ ദ്വീപാകെ വ്യാപിച്ചു. ഒടുവില്‍ പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ കൊട്ടാരംപോലും കൈയടക്കി. എന്നാല്‍, മ്യാന്‍മറിലേതില്‍നിന്ന്‌ വ്യത്യസ്‌തമായി ശ്രീലങ്കയില്‍ വ്യാപകമായ അക്രമമോ ദീര്‍ഘകാല സായുധസംഘര്‍ഷമോ ഉണ്ടായില്ല. പകരം, ഭരണഘടനാപരമായ ചട്ടക്കൂടിനുള്ളില്‍നിന്നുകൊണ്ട്‌ ജനകീയ സമ്മര്‍ദത്തിന്‌ വഴങ്ങി പ്രസിഡന്റ്‌ ഗോതബയ രാജപക്‌സെ രാജിവച്ചു.
പാകിസ്‌താനില്‍ 2023 മേയില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്‌റ്റ്‌ ചെയ്‌തതിനെത്തുടര്‍ന്നാണ്‌ കലാപസമാനമായ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്‌. സൈന്യത്തിന്റെ ആധിപത്യത്തെ ചോദ്യം ചെയ്യാന്‍ ജനകീയ പിന്തുണയുള്ള ഒരു കരിസ്‌മാറ്റിക്‌ നേതാവിന്റെ പിന്നില്‍ ഒരു ജനകീയ പ്രസ്‌ഥാനം അണിനിരന്നതായിരുന്നു അവിടെ സംഭവിച്ചത്‌. അതിന്‌ മറുപടിയായി സൈന്യത്തെ വിന്യസിക്കുകയും ഇന്റര്‍നെറ്റ്‌ ബന്ധം വിച്‌ഛേദിക്കുകയും പ്രതിപക്ഷത്തിന്റെ ഔപചാരിക രാഷ്‌ട്രീയ ഘടനകളെ തകര്‍ക്കുകയും ചെയ്‌തു. അങ്ങനെ ഹൈബ്രിഡ്‌ ഭരണസംവിധാനം നിലനിര്‍ത്താനായെങ്കിലും, അതിന്‌ വലിയ വില നല്‍കേണ്ടിവന്നു-രാഷ്‌ട്രീയ അന്യവല്‍ക്കരണം കൂടുതല്‍ ആഴപ്പെട്ടു.
ബംഗ്ലാദേശില്‍ 2024 ജൂലൈയില്‍ നടന്ന പ്രക്ഷോഭം ഒരു പരിമിതമായ നയതര്‍ക്കം എങ്ങനെ ഒരു വിപ്ലവമായി മാറാമെന്നതിന്റെ ഉദാഹരണമായി. സര്‍ക്കാര്‍ ജോലികളിലെ അസമമായ ക്വോട്ടാ സംവിധാനത്തിനെതിരായ വിദ്യാര്‍ഥി പ്രതിഷേധമായിരുന്നു തുടക്കം. എന്നാല്‍, പ്രധാനമന്ത്രി ഷെയ്‌ഖ്‌ ഹസീനയുടെ സ്വേച്‌ഛാധിപത്യ ഭരണത്തിനെതിരായ അസംതൃപ്‌തി അതിവേഗം ശക്‌തമായതോടെ പ്രക്ഷോഭം പടര്‍ന്നു. കര്‍ഫ്യൂ നടപ്പാക്കാന്‍ ഹസീന സൈന്യത്തെ രംഗത്തിറക്കി;കര്‍ഫ്യൂ ലംഘിക്കുന്നവരെ കണ്ടാല്‍ വെടിവയ്‌ക്കണമെന്ന നിര്‍ദേശവും നല്‍കി. എന്നാല്‍, സൈന്യം ഒടുവില്‍ ആ ഉത്തരവ്‌ നടപ്പാക്കാന്‍ വിസമ്മതിച്ചു. ഇതോടെ ഹസീനയുടെ അധികാരപിടി തകര്‍ന്നു. അവര്‍ രാജ്യംവിട്ടതോടെ ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റെടുത്തു.
നേപ്പാളില്‍ 2025 സെപ്‌റ്റംബറില്‍ നടന്ന പ്രക്ഷോഭം ഏതെങ്കിലും ഒരു നേതാവിനെതിരായിരുന്നില്ല. മറിച്ച്‌, ഒരു ദശാബ്‌ദത്തോളമായി പ്രധാനമന്ത്രിമാരുടെ കസേരക്കളി തുടരുന്ന രാഷ്‌ട്രീയ നേതൃത്വത്തിനെതിരേയായിരുന്നു അത്‌. തൊഴിലില്ലായ്‌മ കുതിച്ചുയരുകയും അവസരങ്ങള്‍ ചുരുങ്ങുകയും ചെയ്‌ത സാഹചര്യത്തില്‍ നേപ്പാളിലെ യുവാക്കള്‍ കടുത്ത നിരാശയിലായിരുന്നു. ഇതിനിടെയാണ്‌ പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക്‌ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്‌. ജെന്‍ സീ യുവാക്കള്‍ക്ക്‌ അതായിരുന്നു ഒടുവിലത്തെ പ്രകോപനം. വി.പി.എന്‍. സംവിധാനങ്ങളും ബദല്‍ ആപ്പുകളും ഉപയോഗിച്ച്‌ അവര്‍ വന്‍ പ്രതിഷേധത്തിന്‌ രൂപം നല്‍കി. അധികാരികള്‍ ബലപ്രയോഗത്തിലൂടെ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാര്‍ തിരിച്ചടിച്ചു. രാഷ്‌ട്രീയ പ്രഭുവര്‍ഗത്തെ പുറത്താക്കാന്‍ അവര്‍ക്കായെങ്കിലും പാര്‍ലമെന്ററി സംവിധാനത്തെ തകര്‍ക്കേണ്ടിവന്നില്ല. തുടര്‍ന്ന്‌ നേപ്പാളികള്‍ 35 വയസ്സുള്ള ഒരാളെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുകയും ചെയ്‌തു.
ഇക്കഴിഞ്ഞ വേനല്‍ക്കാലത്ത്‌ ഇന്ത്യയിലും വ്യാപകമായ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുണ്ടായി. സര്‍വകലാശാല പ്രവേശന പരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകളായിരുന്നു പ്രതിഷേധത്തിന്‌ തുടക്കമിട്ടത്‌. തൊഴില്‍സൃഷ്‌ടിയില്ലാത്ത സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള വര്‍ധിച്ചുവരുന്ന ആശങ്കകള്‍ പ്രക്ഷോഭത്തിന്‌ കൂടുതല്‍ ശക്‌തി നല്‍കി. എന്നാല്‍, ഈ പ്രസ്‌ഥാനം ഭരണഘടനാപരമായ സംവിധാനത്തെ തകര്‍ക്കുന്നതിനുപകരം അതിന്റെ കരുത്താണ്‌ തെളിയിച്ചത്‌. സര്‍ക്കാര്‍ നിര്‍ണായകമായ ചില ഇളവുകള്‍ പ്രഖ്യാപിച്ചു;വിദ്യാഭ്യാസമന്ത്രിയുടെ രാജി അംഗീകരിക്കുകയും ഭരണപരവും നയപരവുമായ പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്‌തു. ഇതുവഴി പ്രതിഷേധത്തിന്റെ ഊര്‍ജം നിലവിലുള്ള ജനാധിപത്യ സ്‌ഥാപനങ്ങളിലൂടെ തന്നെ പരിഹാരങ്ങളിലേക്ക്‌ തിരിച്ചുവിടാനുള്ള ശ്രമമാണ്‌ സര്‍ക്കാര്‍ നടത്തിയത്‌.
ഈ ആറ്‌ സംഭവങ്ങളും തെളിയിക്കുന്നത്‌ അതിവേഗ ഡിജിറ്റല്‍ ബന്ധവും സാമ്പത്തികരാഷ്‌ട്രീയ അന്യവല്‍ക്കരണവും ചേര്‍ന്നാല്‍ അത്‌ എത്ര കരുത്തുള്ള പ്രക്ഷോഭശക്‌തിയായി മാറുമെന്നാണ്‌. പൂര്‍ണമായും ഡിജിറ്റല്‍ ലോകത്ത്‌ വളര്‍ന്ന ആദ്യ തലമുറയായ ജെന്‍ സീ, ടിക്‌ടോക്‌, വാട്‌സാപ്പ്‌, ഡിസ്‌കോര്‍ഡ്‌ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളെ ഉപയോഗിച്ച്‌ കാലങ്ങളായി നിലനില്‍ക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടി ഘടനകളെ മറികടക്കുകയും വന്‍ ജനകീയ മുന്നേറ്റങ്ങള്‍ക്ക്‌ ഏകോപനം നല്‍കുകയും ചെയ്യുന്നു.
എന്നാല്‍ ജെന്‍ സീയുടെ പ്രതിഷേധ രീതിയില്‍ ശ്രദ്ധേയമായ മറ്റൊരു സവിശേഷത കൂടിയുണ്ട്‌. മുന്‍ തലമുറകളില്‍നിന്ന്‌ വ്യത്യസ്‌തമായി, തങ്ങള്‍ക്ക്‌ നഷ്‌ടപ്പെടാന്‍ ഒന്നുമില്ലെന്ന ബോധമാണ്‌ ഇന്നത്തെ യുവ പ്രതിഷേധക്കാരെ നയിക്കുന്നത്‌. അതിന്റെ കാരണം മനസിലാക്കാന്‍ പ്രയാസമില്ല. വിദ്യാഭ്യാസനിലവാരം ഉയര്‍ന്നിട്ടും സാമ്പത്തിക മുന്നേറ്റത്തിനുള്ള സാധ്യതകള്‍ ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്‌. യുവാക്കള്‍ക്ക്‌ മുന്നില്‍ കാണുന്നത്‌ പരിഷ്‌കരിക്കേണ്ട ചില അപൂര്‍ണ സ്‌ഥാപനങ്ങള്‍ മാത്രമല്ല;മറിച്ച്‌ അവരുടെ ഭാവിക്കുള്ള അവസരങ്ങള്‍ കവര്‍ന്നെടുക്കുന്ന കൊള്ളയടിക്കുന്ന ഒരു വ്യവസ്‌ഥയാണ്‌. അതുകൊണ്ടുതന്നെ അവരുടെ പ്രതിഷേധങ്ങള്‍ക്ക്‌ തീവ്രവും അസ്‌തിത്വപരവുമായ അടിയന്തരത കൈവരുന്നു. ഭരണകൂടങ്ങള്‍ക്ക്‌ അവരെ ചെറിയ ഇളവുകള്‍ നല്‍കി ഒപ്പം നിര്‍ത്താനും എളുപ്പമല്ല. ഘട്ടംഘട്ടമായ പരിഹാരങ്ങളില്‍ അവര്‍ തൃപ്‌തരല്ല. സ്‌ഥാപനപരമായ അടിച്ചമര്‍ത്തലിനെ നേരിട്ട്‌ ചോദ്യം ചെയ്യാന്‍ അവര്‍ തയാറാണ്‌.
ഈ ആറ്‌ പ്രക്ഷോഭങ്ങള്‍ക്കും പൊതുവായ നിരവധി സവിശേഷതകളുണ്ടെങ്കിലും, സ്‌ഥാപനങ്ങളുടെ ഘടന എത്രത്തോളം നിര്‍ണായകമാണെന്നും അവ വ്യക്‌തമാക്കുന്നു. അധികാരം വിട്ടുകൊടുക്കുന്നത്‌ അംഗീകരിക്കാത്ത മ്യാന്‍മറിലെയും പാകിസ്‌താനിലെയും പോലുള്ള അടഞ്ഞ ഭരണസംവിധാനങ്ങളില്‍ ജനകീയ അസംതൃപ്‌തി അനിവാര്യമായും രാഷ്‌ട്രീയ ശിഥിലീകരണത്തിലേക്കോ ദീര്‍ഘകാല അസ്‌ഥിരതയിലേക്കോ നയിക്കുന്നു. ഹസീനയുടെ ബംഗ്ലാദേശിലേതുപോലെ കടുത്ത സിവിലിയന്‍ സ്വേച്‌ഛാധിപത്യ സംവിധാനങ്ങളില്‍ പ്രതിഷേധത്തിന്‌ മുന്നിലുള്ള വഴികള്‍ ഒന്നുകില്‍ അടിച്ചമര്‍ത്തലോ വിപ്ലവമോ ആണ്‌. ഇത്തരം സംവിധാനങ്ങള്‍ക്ക്‌ സ്വയം മാറ്റത്തിന്‌ വഴങ്ങാനാവില്ല. സൈന്യം ഒരു നിര്‍ണായക ഉത്തരവ്‌ അനുസരിക്കാന്‍ വിസമ്മതിക്കുന്നതുപോലുള്ള ഒരൊറ്റ വിള്ളല്‍ മതി ആ അധികാരഘടനയെ മുഴുവനായി തകര്‍ക്കാന്‍.
അതേസമയം, രാഷ്‌ട്രീയ അധികാരമാറ്റത്തിനോ ഭരണപരമായ ഒത്തുതീര്‍പ്പിനോ അവസരം നല്‍കുന്ന സംവിധാനങ്ങള്‍ക്ക്‌ തലമുറകളെ പിടിച്ചുകുലുക്കുന്ന പ്രതിസന്ധികളെയും അതിജീവിക്കാനാകും. ശ്രീലങ്ക സമാധാനപരമായ തെരഞ്ഞെടുപ്പ്‌ പുനഃക്രമീകരണത്തിലൂടെ പ്രതിസന്ധി മറികടന്നു. നേപ്പാള്‍ രാഷ്‌ട്രീയ സംവിധാനത്തില്‍ ഒരു പുനഃക്രമീകരണം നടത്തുകയും പുറത്തുനിന്നുള്ള രാഷ്‌ട്രീയ ശക്‌തികള്‍ക്ക്‌ ഇടം ഒരുക്കുകയും ചെയ്‌തു. ഇന്ത്യയാകട്ടെ, അസംതൃപ്‌തി വ്യവസ്‌ഥാപരമായ പ്രതിസന്ധിയായി മാറുന്നതിന്‌ മുമ്പുതന്നെ അതിനെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ശക്‌തമായ ബഹുകക്ഷി ജനാധിപത്യ സംവിധാനത്തിന്റെ കരുത്താണ്‌ പ്രകടമാക്കിയത്‌.
ഈ സംഭവവികാസങ്ങളില്‍നിന്ന്‌ നിരവധി പ്രധാന പാഠങ്ങള്‍ പഠിക്കാനുണ്ട്‌. ഒന്നാമതായി, മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ചയുടെ കണക്കുകള്‍ ആഘോഷിക്കുകയും യുവാക്കളുടെ തൊഴിലില്ലായ്‌മയും വ്യവസ്‌ഥാപരമായ അഴിമതിയും അവഗണിക്കുകയും ചെയ്യുന്നത്‌ അസ്‌ഥിരതയ്‌ക്ക്‌ വഴിയൊരുക്കും. സാമ്പത്തിക അവസരവും രാഷ്‌ട്രീയ ഉത്തരവാദിത്വവും വേര്‍തിരിച്ചുകാണാനാവില്ലെന്നാണ്‌ പുതിയ തലമുറയുടെ നിലപാട്‌. വൈകിയാണെങ്കിലും, അവര്‍ രണ്ടും ആവശ്യപ്പെടും.
രണ്ടാമതായി, സൈനിക ആധിപത്യത്തിലുള്ള ഭരണസംവിധാനങ്ങള്‍ അതിവേഗം പരസ്‌പരം ബന്ധപ്പെടുന്ന ഇന്നത്തെ കാലഘട്ടത്തിന്‌ അനുയോജ്യമല്ല. ബലപ്രയോഗവും അടിച്ചമര്‍ത്തലും താല്‍ക്കാലികമായി പ്രതിഷേധങ്ങളെ നിശ്‌ശബ്‌ദമാക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍, കാലക്രമേണ അവ ഭരണകൂടത്തിന്റെ നിയമസാധുത തന്നെ ഇല്ലാതാക്കും. ഇത്തരം സമീപനത്തെ ആശ്രയിക്കുന്നത്‌ ദീര്‍ഘകാല ആഭ്യന്തര സംഘര്‍ഷത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും.
മൂന്നാമതായി, വ്യവസ്‌ഥാപരമായ അഴിമതി അവസാനിപ്പിക്കുന്നത്‌ മാത്രമല്ല പരിഹാരം. ജനാധിപത്യപരമായ സമ്മര്‍ദങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സംവിധാനങ്ങളും യുവാക്കളുടെ അഭിലാഷങ്ങള്‍ക്ക്‌ വിശ്വാസ്യതയോടെ മറുപടി നല്‍കുന്ന സ്‌ഥാപനങ്ങളും അനിവാര്യമാണ്‌. ഇന്ത്യയിലെ സമീപകാല പ്രക്ഷോഭം രാജ്യത്തിന്റെ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തിയില്ലെന്ന്‌ മാത്രമല്ല, അതിന്റെ കരുത്ത്‌ വീണ്ടും തെളിയിക്കുകയും ചെയ്‌തുവെന്നത്‌ അതുകൊണ്ടാണ്‌ മറുവശത്ത്‌, നേപ്പാളും ശ്രീലങ്കയും ബംഗ്ലാദേശും പ്രക്ഷോഭാനന്തര കാലത്ത്‌ ഗണ്യമായ അസ്‌ഥിരത നേരിട്ടു.
ഒന്നര പതിറ്റാണ്ട്‌ മുമ്പുണ്ടായ അറബ്‌ വസന്തത്തിലെ വിപ്ലവങ്ങള്‍ ഒടുവില്‍ സൈനിക പ്രതിവിപ്ലവത്തിലേക്കോ സ്വേച്‌ഛാധിപത്യത്തിന്റെ തിരിച്ചുവരവിലേക്കോ സ്‌ഥാപനപരമായ സ്‌തംഭനത്തിലേക്കോ നീങ്ങി. ദുര്‍ബലമായ ജനാധിപത്യ പാരമ്പര്യവും ആശയപരമായ ശക്‌തികളുടെ ഇടപെടലും അതിന്‌ കാരണമായി. എന്നാല്‍, ദക്ഷിണേഷ്യയിലെ പല രാജ്യങ്ങള്‍ക്കും ശക്‌തമായ പാര്‍ലമെന്ററി പാരമ്പര്യങ്ങളും സജീവമായ സിവില്‍ സമൂഹവും പ്രവര്‍ത്തനക്ഷമമായ ഭരണഘടനാപരമായ സംവിധാനങ്ങളുമുണ്ട്‌.
യുവാക്കളുടെ ഈ പ്രവര്‍ത്തനോത്സാഹത്തെ ഫലപ്രദവും ജനങ്ങളോട്‌ ഉത്തരവാദിത്വമുള്ളതുമായ ഭരണത്തിലേക്കും തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്ന പരിഷ്‌കാരങ്ങളിലേക്കും ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്ക്‌ തിരിച്ചുവിടാനായാല്‍, കൂടുതല്‍ ശോഭനവും കരുത്തുറ്റതും സമൃദ്ധവുമായ ഭാവിയിലേക്കുള്ള വഴിയാകും അത്‌ തുറക്കുക. ജനസംഖ്യയുടെ ശക്‌തിയെ ജനാധിപത്യപരമായ ഉത്തരവാദിത്വവുമായി എങ്ങനെ ചേര്‍ത്തുനിര്‍ത്താമെന്നതിന്റെ മാതൃകയായി ആ രാജ്യങ്ങള്‍ മാറുകയും ചെയ്യും. ആ മാതൃക ദക്ഷിണേഷ്യയ്‌ക്കു മാത്രമല്ല, ആഗോള ദക്ഷിണമേഖലയ്‌ക്കാകെ പ്രസക്‌തമായിരിക്കും.

ശശി തരൂര്‍
(ഐക്യരാഷ്‌ട്രസഭ മുന്‍ അണ്ടര്‍ സെക്രട്ടറി
ജനറലായ ലേഖകന്‍ മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമാണ്‌)

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കാവല്‍ക്കാര്‍ തന്നെ കള്ളന്മാരാകുമ്പോള്‍

കാവല്‍ക്കാര്‍ തന്നെ കള്ളന്മാരാകുമ്പോള്‍

No Image

വിസ്‌മൃതിയിലാണ്ടുപോയ ഒരു അമൂല്യഗ്രന്ഥം

No Image

ഇ-കെ.വൈ.സി: തൊഴിലുറപ്പിന്‌ മുന്നിലെ പുതിയ കടമ്പ

കാടാണ്‌, 
കരുതല്‍ വേണം

കാടാണ്‌, കരുതല്‍ വേണം

No Image

കീഴ്‌വഴക്കം പറയുമ്പോള്‍ ചരിത്രം മറക്കരുത്‌

ഭാവിയിലേക്കുള്ള മുന്നറിയിപ്പ്‌

ഭാവിയിലേക്കുള്ള മുന്നറിയിപ്പ്‌

Comments