ടെഹ്‌റാന്‍/ദുബായ്: ഇടവേളയ്‌ക്കുശേഷം പരസ്‌പരം ഏറ്റുമുട്ടി അമേരിക്കയും ഇറാനും. ഹോര്‍മുസ് കടലിടുക്കിലെ ലാറക് ദ്വീപ് ലക്ഷ്യമിട്ട് അമേരിക്ക വ്യോമാക്രമണം നടത്തി. ഇതിനു മറുപടിയായി യു.എ.ഇയിലെ അല്‍ മിന്‍ഹാദ് വ്യോമതാവളത്തിനുനേരേ ഇറാനും മിസൈല്‍ ആക്രമണം നടത്തി. എന്നാല്‍, വ്യോമതാവളത്തിനുനേരേ മിസൈലാക്രമണം നടന്നെന്ന റിപ്പോര്‍ട്ടുകള്‍ യു.എ.ഇ. നിഷേധിച്ചു. ദുബായിക്ക് സമീപമുള്ള അല്‍ മിന്‍ഹാദ് വ്യോമതാവളത്തിനുനേരേ മിസൈലാക്രമണം ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ യു.എ.ഇ. തള്ളി. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ അസത്യമാണെന്ന് യു.എ.ഇ. പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്‍ അയച്ച ഡ്രോണുകള്‍ രാജ്യാതിര്‍ത്തിയില്‍ത്തന്നെ സുരക്ഷാസേന വെടിവച്ചുവീഴ്‌ത്തി. ഏതു ഭീഷണിയെയും നേരിടാന്‍ സായുധസേന പൂര്‍ണ സജ്‌ജമാണെന്നും മന്ത്രാലയം വ്യക്‌തമാക്കി. അതേസമയം, ഹോര്‍മുസ് കടലിടുക്കിലെ ലാറക് ദ്വീപില്‍ ഇറാന്‍ സ്‌ഥാപിച്ചിരുന്ന രണ്ടു മിസൈല്‍ വിക്ഷേപണകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് യു.എസ്. വ്യോമാക്രമണം നടത്തിയത്. ഇതിനു മറുപടിയായാണ് യു.എ.ഇയ്‌ക്കുനേരേ ഇറാന്‍ ആക്രമണം നടത്തിയത്. ലാറക് ദ്വീപില്‍ സാധാരണക്കാരും സൈനികരും കൊല്ലപ്പെട്ടതിന് മറുപടിയായാണ് ഈ ആക്രമണമെന്ന് ഇറാന്‍ സൈന്യം വ്യക്‌തമാക്കി. അല്‍ മിന്‍ഹാദ് വ്യോമതാവളത്തിനു നേരേ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന വാര്‍ത്ത ഇറാനിയന്‍ സ്‌റ്റേറ്റ് മീഡിയയാണു പുറത്തുവിട്ടത്. യുഎസ്. സൈനികര്‍ നിലയുറപ്പിച്ചിട്ടുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്‌തു.
അപലപിച്ച് യു.എ.ഇ.
ഇറാന്റെ ഡ്രോണ്‍ ആക്രമണത്തെ ശക്‌തമായി അപലപിച്ച് യു.എ.ഇ. തങ്ങളുടെ സമുദ്രാതിര്‍ത്തിക്കു മുകളില്‍വച്ച് ഡ്രോണുകള്‍ തകര്‍ത്തതായി യു.എ.ഇ. അവകാശപ്പെട്ടു. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, സ്‌ഥിരത എന്നിവയ്‌ക്കു മേലുള്ള നഗ്‌നമായ ലംഘനമാണ് ഉണ്ടായതെന്ന് യു.എ.ഇ. വിദേശകാര്യ മന്ത്രാലയം എക്‌സില്‍ പങ്കുവച്ച പ്രസ്‌താവനയില്‍ വ്യക്‌തമാക്കി. പൗരന്‍മാരുടെ സുരക്ഷയ്‌ക്കു നേരിട്ടു ഭീഷണി ഉയര്‍ത്തുന്ന ഇറാനിയന്‍ ഡ്രോണ്‍ ആക്രമണത്തെ ശക്‌തമായി അപലപിക്കുന്നതായും പ്രസ്‌താവനയില്‍ പറയുന്നു.
ഹോര്‍മുസ് കടലിടുക്കിലെ ലാറക് ദ്വീപിന് നേരേ നടന്ന ആക്രമണത്തിനു മറുപടിയായി, ഇറാന്‍ മേഖലയിലെ യു.എസ്. സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി വാര്‍ത്താ ഏജന്‍സി എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്‌തു. യു.എ.ഇയ്‌ക്കു പുറമേ ജോര്‍ദാനിലെ യു.എസ്. സൈനിക താവളങ്ങള്‍ ആക്രമിച്ചതായും ഇറാന്‍ സൈന്യത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു. എന്നാല്‍, ഹോര്‍മുസിലെ കപ്പല്‍ ഗതാഗതപാതയില്‍ ഇറാന്‍ മൈനുകള്‍ സ്‌ഥാപിക്കുന്നത് തടയാനാണ് ആക്രമണം നടത്തിയതെന്ന് യു.എസ്. അറിയിച്ചു.
ഹോര്‍മുസ് കടലിടുക്കില്‍ അടിയന്തര ഭീഷണി ഉയര്‍ത്തിയ ഐ.ആര്‍.ജി.സിയുടെ മൈന്‍ വിന്യാസ സേനയ്‌ക്കെതിരേ കൃത്യമായ നടപടിയെടുത്തതായി യു.എസ്. സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് വ്യക്‌തമാക്കി. സിവിലിയന്‍ നാവികരെയും വാണിജ്യ കപ്പല്‍ ഗതാഗതത്തെയും ആഗോള വ്യാപാരത്തെയും സംരക്ഷിക്കുന്നതിനായി ഇറാന്‍ സൃഷ്‌ടിച്ച ഭീഷണിയെ ഇല്ലാതാക്കിയെന്നും യു.എസ്. സൈന്യം അവകാശപ്പെട്ടു.
അതിനിടെ, ഇറാന്റെ ഖാര്‍ഗ് ദ്വീപിനു നേരേ ആക്രമണം നടക്കുന്ന രീതിയില്‍ നിര്‍മിച്ച എ.ഐ. വീഡിയോ യു.എസ്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ചു. 'ഖാര്‍ഗ് ദ്വീപ് തകര്‍ന്നു തരിപ്പണമാകുന്നു' എന്ന അടിക്കുറിപ്പോടെയാണ് ട്രംപ് വീഡിയോ പങ്കുവച്ചത്. എന്നാല്‍, പ്രധാന എണ്ണ കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് തകര്‍ക്കപ്പെട്ടെന്ന തരത്തിലുള്ള വാര്‍ത്ത നാഷണല്‍ ഇറാനിയന്‍ ഓയില്‍ കമ്പനി സി.ഇ.ഒ. ഹമീദ് ബൊവാര്‍ഡ് നിഷേധിച്ചു. ട്രംപിന്റെ ട്വീറ്റുകള്‍ തമാശയായി മാത്രമേ കാണാന്‍ സാധിക്കൂ. ഖാര്‍ഗിലെ സാഹചര്യങ്ങള്‍ തികച്ചും ശാന്തമാണെന്നും ഹമീദ് ബൊവാര്‍ഡ് പറഞ്ഞു.



Comments