
ബിഷ്‌കെക്ക് (കിര്‍ഗിസ്‌താന്‍): 'അനന്തമായ യുദ്ധ'ത്തിന്റെ അന്ത്യത്തിലേക്ക് നീങ്ങേണ്ടതുണ്ടെന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്‌ഹായി സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കിര്‍ഗിസ്‌താനിലെത്തിയപ്പോഴാണ് ഇരു നേതാക്കന്മാരും തമ്മില്‍ കൂടിക്കാഴ്‌ച നടന്നത്.
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന റഷ്യ-യുക്രൈന്‍ യുദ്ധവും യു.എസ്, ഇസ്രയേല്‍-ഇറാന്‍ യുദ്ധവും ആഗോള ഭൗമരാഷ്ര്‌ടീയത്തിനും വിതരണശൃംഖലയ്‌ക്കും വെല്ലുവിളി ഉയര്‍ത്തുന്ന പശ്‌ചാത്തലത്തിലാണ് മോദിയുടെ സമാധാനത്തിനുള്ള ആഹ്വാനം എന്നത് ശ്രദ്ധേയമാണ്.
''യുക്രൈന്‍ വിഷയം നമ്മള്‍ തുടര്‍ച്ചയായി ചര്‍ച്ച ചെയ്യുന്നതാണ്. മുന്‍പ് നമ്മള്‍ കണ്ടപ്പോള്‍ വിഷയത്തിന്റെ സകലമാന വശത്തെയുംകുറിച്ച് താങ്കള്‍ എന്നോട് വിശദീകരിച്ചിരുന്നു. നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ, സമാധാനത്തിനുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും, അത് തുടരുകയും ചെയ്യും. യുദ്ധത്തിനായി ചെലവിടുന്ന ഓരോദിവസവും മാനവികതയെ പിന്നോട്ടാക്കും. എന്നാല്‍, സമാധാനത്തിനായി മുന്നോട്ടുവെക്കുന്ന ഓരോ ചുവടും പുതിയ പ്രതീക്ഷയും ഉത്സാഹവുംകൊണ്ട് നിറയും. അവസാനമില്ലാത്ത യുദ്ധങ്ങളില്‍നിന്ന് യുദ്ധങ്ങളുടെ അവസാനത്തിലേക്ക് നാം നീങ്ങേണ്ടതുണ്ട്. ഇത് മനുഷ്യത്വത്തിന്റെ ക്ഷേമത്തിന് അനിവാര്യമാണ്. എത്രയുംവേഗം എല്ലാ പ്രശ്‌നങ്ങള്‍ക്കും സമാധാനപരമായ പരിഹാരം എന്നതാണ് മനുഷ്യത്വത്തിന്റെ ആഹ്വാനം, അതാണ് ഇന്ത്യയുടെ സന്ദേശം. ഗാന്ധിയുടെയും ബുദ്ധന്റെയും നാട് ഒരു സന്ദേശമാണ് പങ്കുവെക്കുന്നത്, സമാധാനത്തിന്റെ പാത. ഇന്ന് ഇക്കാര്യങ്ങളാണ് ഞാന്‍ താങ്കളോട് പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നത്', മോദി പറഞ്ഞു.
ദേശീയതാത്‌പര്യത്തിനാണ് ഇന്ത്യയുടെയും റഷ്യയുടെയും പ്രഥമപരിഗണനയെന്നും മോദി കൂട്ടിച്ചേര്‍ത്തു. പുടിനെ കണ്ടതില്‍ താന്‍ അതീവ സന്തോഷവാനാണ്. കഴിഞ്ഞകൊല്ലത്തെ പുടിന്റെ ഇന്ത്യാസന്ദര്‍ശനം ഏറെ വിജയകരമായിരുന്നു. സാമ്പത്തികബന്ധങ്ങള്‍ കൂടുതല്‍ കരുത്താര്‍ജിച്ചു. കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. താങ്കളെയും താങ്കളുടെ പ്രതിനിധിസംഘത്തെയും സ്വാഗതം ചെയ്യാന്‍ മുഴുവന്‍ ഇന്ത്യക്കാരും കാത്തിരിക്കുകയാണെന്നും മോദി പറഞ്ഞു.
ഉഭയകക്ഷി ചര്‍ച്ചയ്‌ക്ക് പിന്നാലെ ബിഷ്‌കെക്കില്‍ നടക്കുന്ന ആറാമത് 'വേള്‍ഡ് നൊമാഡ്' ഗെയിംസിന്റെ ഉദ്‌ഘാടന ചടങ്ങിലേക്ക് മോദിയും പുടിനും ഒരേ കാറിലാണ് പോയത്.


Comments