
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലിയുള്ള സി.പി.എം-സി.പി.ഐ. തര്‍ക്കം ദേശീയ നേതൃത്വത്തിലേക്ക്. സി.പി.എം നിലപാടില്‍ അതൃപ്‌തിയുള്ള സി.പി.ഐ സംസ്‌ഥാന നേതൃത്വം ന്യൂഡല്‍ഹിയില്‍ ഇന്ന് ദേശീയ നേതാക്കളുമായി ചര്‍ച്ചനടത്തും. കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യവും എല്‍.ഡി.എഫിനുള്ളിലെ തര്‍ക്കങ്ങളും ദേശീയനേതൃത്വത്തെ ധരിപ്പിച്ച് തുടര്‍നിലപാട് തീരുമാനിക്കാനാണു നീക്കം.
പ്രതിപക്ഷ ഉപനേതൃപദവി സി.പി.ഐക്കു നല്‍കണമെന്നാണ് പാര്‍ട്ടി സംസ്‌ഥാന നേതൃത്വത്തിന്റെ ആവശ്യം. എന്നാല്‍ എല്‍.ഡി.എഫിലെ കീഴ്‌വഴക്കം ചൂണ്ടിക്കാട്ടി ഇതംഗീകരിക്കാന്‍ സി.പി.എം. തയ്യാറല്ല. 1980 ല്‍ എല്‍.ഡി.എഫ്. രൂപീകരിച്ചതു മുതല്‍ പ്രതിപക്ഷത്തായിരുന്ന ഘട്ടങ്ങളില്‍ പ്രതിപക്ഷ നേതാവും ഉപനേതാവും സി.പി.എമ്മിനായിരുന്നെന്നാണ് സി.പി.എം. വാദം.
തര്‍ക്കം ഒരു പദവിയുടെ അവകാശവാദത്തില്‍ ഒതുങ്ങുന്നില്ലെന്നാണു സി.പി.ഐയുടെ നിലപാട്. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ എല്‍.ഡി.എഫില്‍ കൂട്ടായ നേതൃത്വം വേണമെന്നും ഘടകകക്ഷികള്‍ക്കു കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കണമെന്നും സി.പി.ഐ. ആവശ്യപ്പെടുന്നു. ഇതിന്റെ ഭാഗമായാണ് ഉപനേതൃപദവി ആവശ്യപ്പെട്ടത്.പിണറായി വിജയനെ പ്രതിപക്ഷ നേതാവായി സി.പി.എം തെരഞ്ഞെടുത്തതിനു പിന്നാലെ സി.പി.ഐ ഉപനേതൃപദവിക്കായി സമ്മര്‍ദം ശക്‌തമാക്കിയിരുന്നു. എന്നാല്‍ ഇരുപാര്‍ട്ടികളും ഇക്കാര്യത്തില്‍ ധാരണയിലെത്താത്തത് പ്രതിപക്ഷ പ്രവര്‍ത്തനങ്ങളിലെ ഏകോപനത്തെപ്പോലും ബാധിക്കുന്ന സാഹചര്യമാണ്. പ്രതിപക്ഷ ഉപനേതാവ് സി.പി.എമ്മില്‍ നിന്നായിരിക്കുമെന്നു പിണറായി വിജയന്‍ വ്യക്‌തമാക്കിയതോടെ തര്‍ക്കം കൂടുതല്‍ രൂക്ഷമായി. സി.പി.എം നേതാക്കളുടെ പരസ്യവിമര്‍ശനത്തിനെതിരേ സി.പി.ഐ നേതാക്കളും രംഗത്തെത്തി. ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ സി.പി.എമ്മിനു കഴിയില്ലെന്ന നിലപാടിലാണ് സി.പി.ഐ.സി.പി.ഐക്ക് മുസ്ലിം ലീഗില്‍നിന്നു ലഭിച്ച പിന്തുണയും ഇതിനിടെ ശ്രദ്ധേയമായി. സി.പി.ഐയുടെ ഉപനേതൃപദവി ആവശ്യത്തെ ലീഗ് നേതാക്കള്‍ അനുകൂലിച്ചതും സി.പി.ഐയെ യു.ഡി.എഫിലേക്കു ക്ഷണിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങളുണ്ടായതും പുതിയ രാഷ്‌ട്രീയചര്‍ച്ചകള്‍ക്കു വഴിവച്ചു. എന്നാല്‍ എല്‍.ഡി.എഫ് വിടുന്ന പ്രശ്‌നമില്ലെന്ന് സി.പി.ഐ. നേതൃത്വം വ്യക്‌തമാക്കിയിട്ടുണ്ട്.







Comments