
കോട്ടയം: ദൂരൂഹത അഴിയാതെ അമേരിക്കയിലെ മലയാളികളുടെ കൊലപാതകം. കലിഫോര്‍ണിയയിലെ മില്‍പീറ്റാസില്‍ ഒരേ അപ്പാര്‍ട്‌മെന്റ് സമുച്ചയത്തില്‍ താമസിച്ചിരുന്ന തൃശൂര്‍ മണ്ണുത്തി സ്വദേശി അഞ്‌ജന ഹരിയും തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആന്‍ മേരി മാത്യുവുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്തും അയല്‍ക്കാരിയുമായ കോട്ടയം മൂന്നിലവ് തഴയ്‌ക്കവയല്‍ മാറാമറ്റം സ്വദേശി അനില(32) അറസ്‌റ്റിലായി. അനില ശാന്തസ്വഭാവക്കാരിയായിരുന്നുവെന്നും നാട്ടില്‍ മോശം അഭിപ്രായം ഇല്ലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. എന്‍ജിനീയറിങ് ബിരുദധാരിയായ അനില നാലു വര്‍ഷം മുമ്പാണ് അമേരിക്കയില്‍ പോയത്. ജോലി സംബന്ധമായ ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നു കുടുംബവുമായി അടുപ്പമുള്ളവര്‍ പറയുന്നു. കൊലപാതകത്തിനു കാരണമെന്തെന്ന് ഇനിയും വ്യക്‌തതമായിട്ടില്ല. ജോലി നഷ്‌ടപ്പെട്ടതിനെത്തുടര്‍ന്നുള്ള മാനസികാഘാതമാണെന്നാണു പ്രാഥമിക വിലയിരുത്തല്‍.
അഞ്‌ജനയെ കാര്‍ ഇടിപ്പിച്ചു ആനിനെ കുത്തിയുമാണ് കൊലപ്പെടുത്തിയത്. കാറിടിപ്പിച്ചു കൊന്നതിനു ദൃക്‌സാക്ഷികളുണ്ട്. കൊല്ലപ്പെട്ട അഞ്‌ജനയും ആനും കസ്‌റ്റഡിയിലുള്ള അനിലയും അടുത്ത സുഹൃത്തുക്കളായിരുന്നു. മൂന്ന് യുവതികളും കഴിഞ്ഞ ദിവസം ഓണാഘോഷത്തില്‍ ഒന്നിച്ചു പങ്കെടുക്കുകയും തിയേറ്ററില്‍ സിനിമ കാണാന്‍ പോവുകയും ചെയ്‌തിരുന്നു. അഞ്‌ജന അധ്യാപികയായി ജോലി ചെയ്‌തു വരികയായിരുന്നു. സോഫ്‌റ്റ്‌വെയര്‍ എന്‍ജിനീയറായ വിജേഷാണ് ഭര്‍ത്താവ്. ഒരു ആറുവയസുകാരി മകളുണ്ട്. കോട്ടയം സ്വദേശിയായ ആനിന്റെ ഭര്‍ത്താവ് ജേക്കബ് (മിഥുന്‍) ഐ.ടി മേഖലയിലാണ് ജോലി ചെയ്യുന്നത്. രണ്ട് മക്കളുണ്ട്. അമേരിക്കന്‍ സമയം വെള്ളിയാഴ്‌ച ഉച്ചയ്‌ക്കു 12നു അപ്പാര്‍ട്‌മെന്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ നീല നിറത്തിലുള്ള കാര്‍ ഒരു യുവതിയെ ഇടിച്ചുവീഴ്‌ത്തിയ ശേഷം ഓടിച്ചുപോയതായി ദൃക്‌സാക്ഷികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. വാഹനം ഓടിച്ചത് സ്‌ത്രീയാണെന്നും അവര്‍ വിവരം നല്‍കി. മില്‍പീറ്റാസ് പോലീസ് സ്‌ഥലത്തെത്തിയപ്പോള്‍ അഞ്‌ജന മരിച്ചിരുന്നു. സമീപത്തെ മറ്റൊരു കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ അഞ്‌ജനയെ ഇടിച്ച കാര്‍ മുന്‍ഭാഗം തകര്‍ന്ന നിലയില്‍ കിടക്കുന്നത് പോലീസ് കണ്ടെത്തി. പിന്നാലെ വണ്ടിയോടിച്ച അനിലയെ കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു. അഞ്‌ജന കൊല്ലപ്പെട്ടതറിഞ്ഞ് സ്‌ഥലത്തെത്തിയ ആനിന്റെ ഭര്‍ത്താവ് ജേക്കബാണ് വീടിനുള്ളില്‍ ഭാര്യ കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍ കിടക്കുന്നതു കണ്ടത്.
അഞ്‌ജനയുടെയും ആനിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആന്‍ മേരി മാത്യു(35, ആനി ജേക്കബ്)വിന്റെ സംസ്‌കാരം കോട്ടയത്ത് നടക്കും. തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്‌ന്‍ 22ലെ മറ്റത്ത് ജിജി മാത്യുവിന്റെയും പരേതയായ ബെസി ജി. മാത്യുവിന്റെയും മകളാണ് ആന്‍. കുറിച്ചി പള്ളത്തറ വീട്ടില്‍ ജേക്കബ് (മിഥുന്‍) ആണ് ഭര്‍ത്താവ്.
പോസ്‌റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. തുടര്‍ന്ന് പള്ളം ബുക്കാന സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ പള്ളിയില്‍ സംസ്‌കാരം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.







Comments