
കൊച്ചി: വന്യജീവി ആക്രമണത്തിന് ഇരയാകുന്നവര്‍ക്കു ന്യായവും യുക്‌തിസഹവുമായ നഷ്‌ടപരിഹാരം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. 1980ലെ നഷ്‌ടപരിഹാര ചട്ടങ്ങളിലേത് പോലെ സംസ്‌ഥാന സര്‍ക്കാര്‍ നല്‍കേണ്ട ഏറ്റവും കുറഞ്ഞ തുകയ്‌ക്കു പകരം മനുഷ്യജീവന്റെ മൂല്യവും പരുക്കിന്റെയും നഷ്‌ടത്തിന്റെയും തീവ്രതയും കണക്കാക്കി സര്‍ക്കാര്‍ നഷ്‌ടപരിഹാരം നല്‍കണം. അല്ലാത്തപക്ഷം കോടതികള്‍ക്ക് ഇടപെടാനുള്ള അധികാരമുണ്ടെന്ന് ജസ്‌റ്റിസ് സി.പി. മുഹമ്മദ് നിയാസ് വ്യക്‌തമാക്കി. കാട്ടാനയുടെ ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആശ്രിതര്‍ക്കുള്ള നഷ്‌ടപരിഹാരം 20,000 രൂപയില്‍ നിന്ന് 1.98 ലക്ഷമായി ഉയര്‍ത്തിയ സുല്‍ത്താന്‍ ബത്തേരി സബ്‌കോടതി ഉത്തരവും അത് ശരിവച്ച വയനാട് ജില്ലാകോടതി വിധിയും ചോദ്യം ചെയ്‌ത് വനംവകുപ്പ് നല്‍കിയ അപ്പീല്‍ ഹര്‍ജി തള്ളിയാണ് നിരീക്ഷണം.സര്‍ക്കാര്‍ അനുവദിച്ച നഷ്‌ടപരിഹാരത്തുക അപര്യാപ്‌തമാണെന്ന് ചൂണ്ടിക്കാട്ടി 2001ല്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വയനാട് ചാമപ്പാറ സ്വദേശി സ്‌കറിയയുടെ ഭാര്യ സാറമ്മയും മക്കളും നല്‍കിയ ഹരജിയിലാണ് കോടതികളുടെ ഉത്തരവുണ്ടായത്. ആക്രമണം വനത്തിലുള്ളില്‍ വച്ചായതിനാല്‍ ബാധ്യതയില്ലെന്നായിരുന്നു വനംവകുപ്പിന്റെ വാദം. എന്നാല്‍ ജനവാസ മേഖലയിലെ പഞ്ചായത്ത് റോഡില്‍ വെച്ചാണ് സ്‌കറിയയെ കാട്ടാന കൊലപ്പെടുത്തിയതെന്നും വന്യജീവികളെ തടയാന്‍ കിടങ്ങോ വേലിയോ ഒരുക്കാത്ത വനം വകുപ്പ് ഉദ്യോഗസ്‌ഥരുടെ അനാസ്‌ഥയാണ് മരണത്തിന് കാരണമായതെന്നും കുടുംബവും വാദിച്ചു.വന്യജീവി ആക്രമണത്തില്‍ ജീവഹാനിയോ പരുക്കോ സംഭവിച്ചാല്‍ അര്‍ഹമായ നഷ്‌ടപരിഹാരമെന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിലും നിര്‍ബന്ധിത ബാധ്യത എന്ന തത്വത്തിലും അധിഷ്‌ഠിതമാണെന്ന് കോടതി ചുണ്ടിക്കാട്ടി. വന്യ മൃഗങ്ങള്‍ സര്‍ക്കാറിന്റെ സ്വത്താണ്. അവ പൗരന്മാരുടെ ജീവനും സ്വത്തിനും നാശമുണ്ടാക്കിയാല്‍ ഉത്തരവാദിത്വം സര്‍ക്കാരിനാണ്.
യഥാര്‍ഥ നഷ്‌ടം, വേദന, അനുഭവിച്ച ദുരിതം എന്നിവ കണക്കിലെടുത്ത് വേണം നഷ്‌ടപരിഹാര തുക നിശ്‌ചയിക്കേണ്ടതെന്നും വ്യക്‌മാക്കി.







Comments