
തിരുവനന്തപുരം: മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിച്ചാണ് അന്വേഷണം നടത്തുക. എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്‌ഥന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും. കേസിലെ ആദ്യ അന്വേഷണത്തില്‍ വധശ്രമം ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തിയിരുന്നെങ്കിലും പിന്നീട് ഇവ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച അന്വേഷണ സംഘം ആയുധം ഉപയോഗിച്ചുള്ള ആക്രമണമോ വധശ്രമമോ നടന്നതിന് തെളിവില്ലെന്ന നിഗമനത്തിലാണ് വധശ്രമക്കുറ്റം ഒഴിവാക്കിയത്. എന്നാല്‍ അനധികൃതമായി സംഘം ചേരല്‍, കലാപം, തടഞ്ഞുനിര്‍ത്തല്‍, പരുക്കേല്‍പ്പിക്കല്‍, പൊതുപ്രവര്‍ത്തകന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ നിലനിര്‍ത്തിയിരുന്നു.
ഫെബ്രുവരി 25ന് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം. വീണാ ജോര്‍ജിന് കഴുത്തിന് പരുക്കേറ്റെന്ന പരാതിയിലാണ് ആദ്യം കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. ഗണ്‍മാന്റെ പരാതിയുടെ അടിസ്‌ഥാനത്തില്‍ അഞ്ച് കെ.എസ്.യു. പ്രവര്‍ത്തകരെ അറസ്‌റ്റ് ചെയ്‌തിരുന്നു. വധശ്രമക്കുറ്റം ഒഴിവാക്കിയതിനെത്തുടര്‍ന്നാണ് കേസില്‍ വീണ്ടും സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നത്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് തുടരന്വേഷണത്തിന് തീരുമാനിച്ചത്. പുതിയ അന്വേഷണത്തില്‍ നേരത്തെ പരിശോധിച്ച സി.സി. ടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും വീണ്ടും പരിശോധിച്ചേക്കും.







Comments