
ബംഗളൂരു: ദുലീപ് ട്രോഫി ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനവുമായി കൗമാര താരം വൈഭവ് സൂര്യവംശി. മധ്യ മേഖലയ്‌ക്കെതിരായ സെമി ഫൈനലില്‍ കിഴക്കന്‍ മേഖലയ്‌ക്കായി ബാറ്റ് ചെയ്‌ത സൂര്യവംശി അര്‍ധ സെഞ്ചുറിയോടെ തിളങ്ങി. 81 പന്തില്‍നിന്ന് ഏഴ് സിക്‌സറും ഏഴ് ഫോറുമടക്കം 92 റണ്ണെടുത്താണു വൈഭവ് മടങ്ങിയത്. ആദ്യം ബാറ്റ് ചെയ്‌ത മധ്യ മേഖല 266 ന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയാണു വൈഭവ് അടിച്ചുകളിച്ചത്.
അഭിമന്യു ഈശ്വരനൊപ്പം (109 പന്തില്‍ 69) ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌ത വൈഭവ് തകര്‍ത്ത് തുടങ്ങിയതോടെ സ്‌കോര്‍ കുതിച്ചു. 42 പന്തിലാണ് താരം അര്‍ധ സെഞ്ചുറി കടന്നത്. ദുലീപ് ട്രോഫിയില്‍ അര്‍ധ സെഞ്ചുറി തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ഖ്യാതി 15 വയസുകാരനായ വൈഭവ് സ്വന്തമാക്കി. ദുബെയുടെ പന്തില്‍ അര്‍ഷാദ് ഖാന്‍ പിടികൂടുമ്പോള്‍ വൈഭവ് സെഞ്ചുറിക്ക് എട്ട് റണ്‍ അകലെയായിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കറുടെ 36 വര്‍ഷം പഴക്കമുള്ള റെക്കോഡ് തകര്‍ക്കാനുള്ള അവസരമാണു നഷ്‌ടമായത്. ദുലീപ് ട്രോഫിയില്‍ സെഞ്ചുറിയടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന സച്ചിന്റെ റെക്കോഡ് വൈഭവിന് മറികടക്കാമായിരുന്നു. 1990/91 സീസണില്‍ 17 വര്‍ഷവും 262 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിന്‍ സെഞ്ചുറിയടിച്ചത്. കിഴക്കന്‍ മേഖല 266 റണ്ണിന് ഓള്‍ഔട്ടായി. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ മധ്യ മേഖല രണ്ടാം ഇന്നിങ്‌സില്‍ മൂന്നിന് 45 റണ്ണെന്ന നിലയിലാണ്.
വടക്കന്‍ മേഖലയും ദക്ഷിണ മേഖലയും തമ്മിലുള്ള സെമിയും ആവേശകരമായി തുടരുകയാണ്. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണ മേഖല ഒന്‍പതിന് 285 റണ്ണെന്ന നിലയിലാണ്. വടക്കന്‍ മേഖലയുടെ ഒന്നാം ഇന്നിങ്‌സ് 195 ന് അവസാനിച്ചിരുന്നു.





Comments