
വെനസ്വേലയുടെ എണ്ണപ്പാടങ്ങളില്‍ അമേരിക്കയ്‌ക്ക് ലഭിച്ച പുതിയ നിയന്ത്രണം ഒരു എണ്ണക്കരാര്‍ മാത്രമായി കാണുന്നത് വലിയ രാഷ്‌ട്രീയ മൗഢ്യമായിരിക്കും. ഇത് എണ്ണയുടെ പേരില്‍ രൂപപ്പെടുന്ന പുതിയ ഭൗമരാഷ്‌ട്രീയ സമവാക്യമാണ്. ലോകത്തിലെ ഏറ്റവും വലിയ തെളിയിക്കപ്പെട്ട എണ്ണശേഖരമുള്ള രാജ്യത്തിന്റെ തന്ത്രപ്രധാനമായ വിഭവങ്ങളില്‍ അമേരിക്ക നിര്‍ണായക നിയന്ത്രണം നേടുമ്പോള്‍, അതിന്റെ പ്രത്യാഘാതം വെനസ്വേലയില്‍ മാത്രം ഒതുങ്ങുകയില്ല. അമേരിക്കയും ചൈനയും തമ്മിലുള്ള മത്സരത്തിലും ഒപ്പെക്കിന്റെ ഭാവിയിലും ആഗോള എണ്ണവിലയിലും ഇന്ത്യയുടെ ഊര്‍ജസുരക്ഷയിലും അതിന്റെ അനുരണനങ്ങളുണ്ടാകും.
വെനസ്വേലന്‍ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് പറയുന്നതനുസരിച്ച്, അമേരിക്കയുമായുള്ള കരാര്‍ 25 വര്‍ഷത്തേക്കുള്ളതാണ്. 17 തന്ത്രപ്രധാന എണ്ണപ്പാടങ്ങളില്‍നിന്ന് പ്രതിദിനം 15 ലക്ഷം ബാരലിലേറെ ഉത്‌പാദനമാണ് ലക്ഷ്യം. ഏകദേശം 65 ബില്യണ്‍ ബാരല്‍ എണ്ണ ശേഖരമാണ് പദ്ധതിയുടെ പരിധിയില്‍ വരുന്നത്. എന്നാല്‍, അമേരിക്കന്‍ വിശദീകരണത്തില്‍ ഈ എണ്ണപ്പാടങ്ങള്‍ക്ക് 100 വര്‍ഷത്തെ അവകാശം നല്‍കുന്നതായാണ് പറയുന്നത്. ഈ വൈരുദ്ധ്യം തന്നെ കരാറിന്റെ സുതാര്യതയെക്കുറിച്ച് ഗൗരവമുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.
ഒരു രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങളുടെ ഉടമസ്‌ഥാവകാശവും അതിന്റെ ഉപയോഗത്തിന്മേലുള്ള നിയന്ത്രണവും രണ്ടാണ്. വെനസ്വേല എണ്ണയുടെ ഉടമസ്‌ഥാവകാശം തങ്ങള്‍ക്കുതന്നെയാണെന്ന് പറയുമ്പോഴും, ഉത്‌പാദനം, വിപണനം, നിക്ഷേപം, ബോര്‍ഡ് നിയന്ത്രണം, എണ്ണ വാങ്ങാനുള്ള അവകാശം തുടങ്ങിയ നിര്‍ണായക മേഖലകളില്‍ അമേരിക്കയ്‌ക്ക് ലഭിക്കുന്ന അധികാരം പരിശോധിക്കുമ്പോള്‍ ചിത്രം മറ്റൊന്നാണ്. വൈറ്റ് ഹൗസിന്റെ വിശദീകരണമനുസരിച്ച്, അമേരിക്കന്‍ സര്‍ക്കാരിന് പുതിയ സ്‌ഥാപനത്തില്‍ 35 ശതമാനം ഓഹരിയും ബോര്‍ഡില്‍ വീറ്റോ അധികാരവും ലഭിക്കും. ഉല്‍പാദനത്തിന്റെ 20 ശതമാനം ചെലവിനടുത്ത വിലയ്‌ക്ക് വാങ്ങാനുള്ള അവകാശവും ശേഷിക്കുന്ന എണ്ണയ്‌ക്ക് ആദ്യവാങ്ങല്‍ അവകാശവും അമേരിക്കയ്‌ക്കുണ്ട്.
ഡോണള്‍ഡ് ട്രംപ് ഇതിനെ ലോകചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാര്‍ എന്ന് വിശേഷിപ്പിക്കുന്നതില്‍ അതിശയിക്കാനില്ല. അമേരിക്കയുടെ സ്വന്തം എണ്ണശേഖരം ഏകദേശം 46 ബില്യണ്‍ ബാരലാണ്. അതിനേക്കാള്‍ വലുതായ 65 ബില്യണ്‍ ബാരലിലേറെ വെനസ്വേലന്‍ ശേഖരത്തിലേക്കാണ് ഇപ്പോള്‍ അവര്‍ നിര്‍ണായക പ്രവേശനം നേടുന്നത്.
അമേരിക്കയുടെ തന്ത്രപരമായ എണ്ണശേഖരം നിറയ്‌ക്കുക, പശ്‌ചിമേഷ്യയില്‍നിന്നുള്ള എണ്ണവിതരണത്തിലെ അനിശ്‌ചിതത്വം കുറയ്‌ക്കുക, ചൈനയുടെയും റഷ്യയുടെയും വെനസ്വേലയിലെ സ്വാധീനം വെട്ടിക്കുറയ്‌ക്കുക-എന്നീ ലക്ഷ്യങ്ങളെല്ലാം ഈ പദ്ധതിയുടെ പിന്നിലുണ്ട്.
പ്രത്യേകിച്ച് ചൈനയ്‌ക്കുള്ള തിരിച്ചടിയാണ് ശ്രദ്ധേയം. വെനസ്വേലന്‍ എണ്ണ ചൈനയുടെ കടബാധ്യതകളുമായി ബന്ധിപ്പിക്കപ്പെട്ടിരുന്ന കാലമുണ്ട്. ഇപ്പോള്‍ ആ എണ്ണയുടെ നിയന്ത്രണം അമേരിക്കന്‍ സംവിധാനത്തിലേക്ക് മാറുന്നത് അമേരിക്ക - ചൈന മത്സരത്തിന് പുതിയൊരു മുന്നണിയാണ് തുറക്കുന്നത്. ചില ചൈനീസ്, റഷ്യന്‍ കമ്പനികള്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന എണ്ണപ്പാടങ്ങള്‍ അമേരിക്കന്‍ പിന്തുണയുള്ള സ്‌ഥാപനങ്ങളിലേക്ക് മാറുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു.
എണ്ണവില താഴുമോ?
ഇതാണ് ലോകത്തെ സാധാരണ ഉപഭോക്‌താവിനെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ചോദ്യം. ഉടന്‍ ഇല്ല എന്നതാണ് ഉത്തരം.
വെനസ്വേലയുടെ എണ്ണവ്യവസായം വര്‍ഷങ്ങളായുള്ള നിക്ഷേപക്കുറവും അടിസ്‌ഥാനസൗകര്യങ്ങളുടെ തകര്‍ച്ചയും ഉപരോധങ്ങളും ഭരണപരാജയങ്ങളും മൂലം വലിയ തോതില്‍ തകര്‍ന്നിരിക്കുകയാണ്. ഇപ്പോഴത്തെ ഉത്‌പാദനം പ്രതിദിനം ഏകദേശം 12.5 ലക്ഷം ബാരല്‍ മാത്രമാണ്. അതിനെ 15 ലക്ഷം ബാരലിലേറെയാക്കാന്‍ പോലും പുതിയ നിക്ഷേപവും സാങ്കേതികവിദ്യയും പൈപ്പ്‌ലൈന്‍, തുറമുഖം, വൈദ്യുതി, റിഫൈനറി സംവിധാനങ്ങളുടെ പുനര്‍നിര്‍മാണവും ആവശ്യമാണ്.
അതിനാല്‍ ഇന്ന് കരാര്‍ ഒപ്പുവച്ചതുകൊണ്ട് നാളെ ലോകവിപണിയില്‍ 15 ലക്ഷം ബാരല്‍ അധികഎണ്ണ എത്തുകയില്ല. വിദഗ്‌ധരും ചൂണ്ടിക്കാണിക്കുന്നത് ഇതുതന്നെയാണ്-വെനസ്വേലയുടെ ഉത്‌പാദനശേഷി പുനഃസ്‌ഥാപിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. എങ്കിലും ദീര്‍ഘകാലത്തില്‍ ഇതിന്റെ സ്വാധീനം വലുതായിരിക്കും.
വിപണിയില്‍ കൂടുതല്‍ വെനസ്വേലന്‍ എണ്ണ എത്തുമ്പോള്‍ ആഗോള വിതരണത്തില്‍ അധികശേഷി ഉണ്ടാകും. എണ്ണവില ഉയരുന്നതിനെ അത് നിയന്ത്രിച്ചേക്കാം. ഒപ്പെക്കിന്റെ ഉത്‌പാദനനിയന്ത്രണ രാഷ്‌ട്രീയത്തിനും ഇത് സമ്മര്‍ദമാകും. വെനസ്വേലന്‍ ഉല്‍പാദനം വന്‍തോതില്‍ ഉയര്‍ന്നാല്‍, എണ്ണവില നിലനിര്‍ത്താന്‍ മറ്റ് ഉല്‍പാദക രാജ്യങ്ങള്‍ ഉത്‌പാദനം കുറയ്‌ക്കേണ്ടിവരുന്ന സാഹചര്യം ഉണ്ടാകാം.
ഇന്ത്യയുടെ കണക്കുകൂട്ടല്‍
ഇന്ത്യയ്‌ക്ക് ഈ സംഭവവികാസം പ്രത്യേക പ്രാധാന്യമുള്ളതാണ്.
മുന്‍പ് ഇന്ത്യയുടെ പ്രധാന വിതരണക്കാരില്‍ ഒന്നായിരുന്നു വെനസ്വേല. ഇപ്പോള്‍ പശ്‌ചിമേഷ്യയിലെ സംഘര്‍ഷവും ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധിയും ഇന്ത്യയുടെ പരമ്പരാഗത എണ്ണവിതരണത്തെ ബാധിക്കുന്ന സാഹചര്യത്തില്‍ വെനസ്വേലന്‍ എണ്ണ വീണ്ടും ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ണായകമാകുകയാണ്. ഓഗസ്‌റ്റില്‍ ഇന്ത്യയുടെ വെനസ്വേലന്‍ ക്രൂഡ് ഇറക്കുമതി ആറുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി;പ്രതിദിനം ഏകദേശം 3.58 ലക്ഷം ബാരലായി ഉയര്‍ന്നുവെന്നാണ് കണക്കുകള്‍.
അമേരിക്ക വെനസ്വേലന്‍ എണ്ണയുടെ നിയന്ത്രണം ഏറ്റെടുക്കുമ്പോള്‍ ഇന്ത്യ വെനസ്വേലയില്‍നിന്ന് കൂടുതല്‍ എണ്ണ വാങ്ങുകയാണ്. അതായത് ഇന്ത്യയുടെ ഊര്‍ജസുരക്ഷയുടെ ഒരു ഭാഗം ഇനി അമേരിക്ക-വെനസ്വേല ബന്ധത്തിന്റെ സ്വഭാവത്തെയും ആശ്രയിച്ചേക്കാം.
റഷ്യന്‍ എണ്ണയെ ആശ്രയിക്കുന്നതില്‍ അമേരിക്കന്‍ സമ്മര്‍ദം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വെനസ്വേലന്‍ എണ്ണ ഇന്ത്യയ്‌ക്ക് ഒരു ബദല്‍ സ്രോതസ്സാണ്. പക്ഷേ ആ എണ്ണയുടെ വില്‍പനയും ധനകാര്യ ഇടപാടുകളും അമേരിക്കന്‍ നിയന്ത്രണവലയത്തിലേക്ക് കൂടുതല്‍ കടന്നാല്‍, ഇന്ത്യ മറ്റൊരു രാഷ്‌ട്രീയ നിയന്ത്രണത്തിലേക്ക് എത്തിപ്പെടാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ഇന്ത്യയുടെ നയം വ്യക്‌തമായിരിക്കണം: എണ്ണ എവിടെനിന്ന് ലഭിക്കുന്നു എന്നതിനെക്കാള്‍, അത് ആരുടെയും രാഷ്‌ട്രീയ ആയുധമാകാതെ എങ്ങനെ ലഭിക്കുന്നു എന്നതാണ് പ്രധാനം.
പുതിയ സാമ്രാജ്യത്വത്തിന്റെ ഭീഷണി
'നവ സാമ്രാജ്യത്വം' എന്നാണ് ഈ കരാറിനെ വിമര്‍ശകര്‍ വിശേഷിപ്പിക്കുന്നത്. ഒരു രാജ്യത്തിന്റെ രാഷ്‌ട്രീയ നേതൃത്വം ദുര്‍ബലമായ സമയത്ത്, അതിന്റെ പ്രകൃതിവിഭവങ്ങളില്‍ വിദേശ ശക്‌തിക്ക് ദീര്‍ഘകാല നിയന്ത്രണം ലഭിക്കുന്നത് ചരിത്രത്തില്‍ പുതിയ കാര്യമല്ല.
പക്ഷേ, 21ാം നൂറ്റാണ്ടിലെ സാമ്രാജ്യത്വം സൈന്യവുമായി മാത്രം വരണമെന്നില്ല. അത് വരുന്നത് നിക്ഷേപം, സാങ്കേതികവിദ്യ, കടം, കരാര്‍, ഓഹരി, വിപണി പ്രവേശനം എന്നീ രൂപങ്ങളിലാണ്. വെനസ്വേലന്‍ എണ്ണക്കരാര്‍ ഈ പുതിയ യാഥാര്‍ഥ്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നായേക്കാം.
ഈ കരാറിന്റെ ഏറ്റവും വലിയ പ്രത്യാഘാതം എണ്ണവിപണിയില്‍ മാത്രമല്ല;രാജ്യാന്തര ബന്ധങ്ങളിലാണ്.
ചൈനയ്‌ക്ക് വെനസ്വേലയില്‍ നഷ്‌ടപ്പെടുന്ന സ്വാധീനം മറ്റെവിടെയെങ്കിലും തിരിച്ചുപിടിക്കാന്‍ ശ്രമിക്കാം. റഷ്യയും സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പുതിയ നീക്കങ്ങള്‍ നടത്തും. ഒപ്പെക്കില്‍ വെനസ്വേലയുടെ നിലപാട് മാറിയാല്‍ സംഘടനയ്‌ക്കുള്ളിലെ അധികാരസമവാക്യം മാറാം. അമേരിക്കന്‍ എണ്ണക്കമ്പനികള്‍ക്ക് ലാറ്റിനമേരിക്കയില്‍ കൂടുതല്‍ അവസരങ്ങള്‍ തുറക്കാം. മറ്റ് എണ്ണസമ്പന്ന രാജ്യങ്ങള്‍ വിദേശ നിക്ഷേപകരുമായുള്ള കരാറുകള്‍ പുനഃപരിശോധിക്കാനും സാധ്യതയുണ്ട്.
ജോണ്‍ മാത്യു






Comments