
കേരളത്തിലെ മാനസികാരോഗ്യകേന്ദ്രങ്ങളുടെ അവസ്‌ഥയെക്കുറിച്ച് ഹൈക്കോടതി നടത്തിയ രൂക്ഷവിമര്‍ശനം സര്‍ക്കാരിനുള്ള പതിവ് താക്കീതായി മാത്രം കാണാനാവില്ല. സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ മനുഷ്യര്‍ക്ക് ചികിത്സയും സുരക്ഷയും മാന്യമായ ജീവിതവും ഉറപ്പാക്കേണ്ട സ്‌ഥാപനങ്ങള്‍ തന്നെ മനുഷ്യാവകാശ ലംഘനങ്ങളുടെ ഇടങ്ങളായി മാറിയെന്ന കോടതിയുടെ നിരീക്ഷണം ഭരണകൂടത്തിന്റെ മനഃസാക്ഷിയെ അസ്വസ്‌ഥമാക്കേണ്ടതാണ്.
തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മാനസികാരോഗ്യകേന്ദ്രങ്ങള്‍ നേരില്‍ സന്ദര്‍ശിച്ച ശേഷമാണ് കോടതി നിര്‍ദേശങ്ങള്‍ നല്‍കിയത്. എന്നിട്ടും ആഴ്‌ചകള്‍ കഴിഞ്ഞിട്ടും കാര്യമായ മാറ്റമുണ്ടായില്ലെങ്കില്‍ അത് ഉദ്യോഗസ്‌ഥരുടെ അനാസ്‌ഥ മാത്രമല്ല, സര്‍ക്കാരിന്റെ മുന്‍ഗണനകളിലെ ഗുരുതരമായ വീഴ്‌ചയുമാണ്. രോഗികള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ വാഹനം ഒരുക്കണമെന്ന അടിസ്‌ഥാന നിര്‍ദേശം പോലും പാലിക്കാത്തത് സംവിധാനത്തിന്റെ പ്രവര്‍ത്തനക്ഷമതയെക്കുറിച്ച് ഗൗരവമായ ചോദ്യമുയര്‍ത്തുന്നു. വിസര്‍ജ്യവും ഭക്ഷണാവശിഷ്‌ടങ്ങളും കലര്‍ന്ന സെല്ലുകള്‍ യുദ്ധത്തടവറകളേക്കാള്‍ ഭീകരമാണെന്ന കോടതിയുടെ പരാമര്‍ശം കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിനുള്ള നാണക്കേടാണ്.
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട സാമൂഹിക അപമാനം രോഗികളെ സമൂഹത്തില്‍നിന്ന് അകറ്റുന്നു. അതിനൊപ്പം സ്‌ഥാപനങ്ങളുടെ അമിതമായ രഹസ്യസ്വഭാവവും ചേര്‍ന്നാല്‍ അനാസ്‌ഥയ്‌ക്ക് വഴിയൊരുങ്ങും. രോഗികളുടെ സ്വകാര്യത സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍, സ്വകാര്യതയുടെ പേരില്‍ സ്‌ഥാപനങ്ങളുടെ പ്രവര്‍ത്തനം പൊതുസമൂഹത്തില്‍നിന്ന് പൂര്‍ണമായി മറച്ചുവയ്‌ക്കുന്നത് അംഗീകരിക്കാനാവില്ല. ചികിത്സ, ഭക്ഷണം, ശുചിത്വം, മരുന്ന്, സുരക്ഷ, ജീവനക്കാരുടെ ലഭ്യത, അടിസ്‌ഥാന സൗകര്യങ്ങള്‍ എന്നിവ സുതാര്യമായ പരിശോധനയ്‌ക്കും സാമൂഹിക ഓഡിറ്റിനും വിധേയമാക്കണം. മാധ്യമങ്ങള്‍ക്കും അംഗീകൃത സാമൂഹിക സംഘടനകള്‍ക്കും ആവശ്യമായ പ്രവേശനം അനുവദിക്കണം.
മാനസികാരോഗ്യ ചികിത്സയെ ചെലവായി കാണുന്ന സമീപനവും തിരുത്തണം. മതിയായ ഡോക്‌ടര്‍മാരെയും നഴ്‌സുമാരെയും മനഃശാസ്‌ത്ര വിദഗ്‌ധരെയും സാമൂഹികപ്രവര്‍ത്തകരെയും നിയമിക്കുന്നതിനൊപ്പം ജീവനക്കാര്‍ക്ക് തുടര്‍ച്ചയായ പരിശീലനവും നല്‍കണം. ദീര്‍ഘകാലം കഴിയുന്നവരുടെ കുടുംബബന്ധവും സമൂഹത്തിലേക്കുള്ള മടക്കവും ഉറപ്പാക്കുന്ന പുനരധിവാസ നയം വേണം.
ഇത് ഒരു ആശുപത്രി നടത്തിപ്പിന്റെ പ്രശ്‌നം മാത്രമല്ല;ഒരു സമൂഹം അതിലെ ഏറ്റവും ദുര്‍ബലരായ അംഗങ്ങളോട് എത്രമാത്രം ഉത്തരവാദിത്വം പുലര്‍ത്തുന്നു എന്നതിന്റെ അളവുകോലാണ്. ഓരോ കേന്ദ്രത്തിനും വ്യക്‌തമായ നിലവാരമാനദണ്ഡങ്ങളും സമയബന്ധിത പരിശോധനയും നിര്‍ബന്ധമാക്കണം. വീഴ്‌ചകള്‍ കണ്ടെത്തിയാല്‍ ഉത്തരവാദികളായ ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ മടിക്കരുത്. ജനപ്രതിനിധികളും ആരോഗ്യവിദഗ്‌ധരും കുടുംബാംഗങ്ങളും ചേര്‍ന്ന നിരീക്ഷണ സംവിധാനവും ആവശ്യമാണ്.
തൃശൂരില്‍നിന്ന് രക്ഷപ്പെട്ട രോഗി മൂന്നുപേരെ ആക്രമിച്ച സംഭവം സുരക്ഷാ സംവിധാനങ്ങളിലെ വീഴ്‌ചയും ചൂണ്ടിക്കാട്ടുന്നു. ചികിത്സയ്‌ക്കൊപ്പം സുരക്ഷിതമായ അന്തരീക്ഷവും ഉറപ്പാക്കണം. കോടതി ഇടപെടുമ്പോള്‍ മാത്രം സര്‍ക്കാര്‍ ഉണരുന്ന സ്‌ഥിതി മാറണം. മാനസികാരോഗ്യകേന്ദ്രങ്ങള്‍ രോഗികളുടെ ചികിത്സയ്‌ക്കും പുനരധിവാസത്തിനുമുള്ള ഇടങ്ങളാകണം;അവഗണിക്കപ്പെട്ട മനുഷ്യരുടെ ഇടങ്ങളായി അവ മാറുന്നത് പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ല. അവകാശങ്ങളുള്ള പൗരന്മാര്‍ക്ക് ചികിത്സയും കരുതലും ലഭിക്കേണ്ട പൊതുസ്‌ഥാപനങ്ങളാണ് അവ. സര്‍ക്കാര്‍ അടിയന്തരമായി സമയബന്ധിതമായ പരിഷ്‌കാരപദ്ധതി പ്രഖ്യാപിച്ച് ഓരോ കേന്ദ്രത്തിന്റെയും ഉത്തരവാദിത്വം നിശ്‌ചയിക്കണം. മനുഷ്യന്റെ അന്തസ്സിനെ സംരക്ഷിക്കുന്നതില്‍ ഇനി ഒരു ന്യായീകരണവും മതിയാകില്ല.






Comments