
ബിഷ്‌കെക് (കിര്‍ഗിസ്‌ഥാന്‍): യുദ്ധംകൊണ്ട് ഒന്നിനും പരിഹാരമില്ലെന്നും എല്ലാ തര്‍ക്കങ്ങളും നയതന്ത്ര ചര്‍ച്ചകളിലൂടെയേ പരിഹരിക്കാനൊക്കൂ എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്‌്രടങ്ങള്‍ ഭീകരവാദത്തിനെതിരേ ശക്‌തമായ നിലപാട് സ്വീകരിക്കണമെന്നും കിര്‍ഗിസ്‌ഥാനിലെ ബിഷ്‌കെക്കില്‍ ഷാങ്‌ഹായ് സഹകരണ ഉച്ചകോടിയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്, പാകിസ്‌താന്‍ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് എന്നിവര്‍ വേദിയിലിരിക്കെയാണ് പ്രധാനമന്ത്രി ഭീകരവാദത്തിനെതിരേ രാജ്യാന്തരസമൂഹം ഒറ്റക്കെട്ടായി പോരാടണമെന്ന ആഹ്വാനം നടത്തിയത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും വേദിയില്‍ സന്നിഹിതനായിരുന്നു.
"ഭീകരവാദത്തിന്റെ കാര്യത്തില്‍ ഒരു ഇരട്ടത്താപ്പും അനുവദിക്കില്ലെന്ന് നമ്മള്‍ ഒരേ സ്വരത്തില്‍ പറയണം. ഭീകരവാദത്തിന്റെ സാമ്പത്തിക സ്രോതസുകള്‍, റിക്രൂട്ട്‌മെന്റുകള്‍, അവര്‍ക്കു ലഭിക്കുന്ന സുരക്ഷിത താവളങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന മുഴുവന്‍ ആവാസവ്യവസ്‌ഥയെയും പൂര്‍ണമായി തകര്‍ത്തെറിയണം"- മോദി പറഞ്ഞു. കഴിഞ്ഞവര്‍ഷം ജമ്മു കശ്‌മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ പാക് ഭീകരര്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെ പരോക്ഷമായി പരാമര്‍ശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ഈ വാക്കുകള്‍.
പശ്‌ചിമേഷ്യന്‍ സംഘര്‍ഷം രാജ്യാന്തര തലത്തില്‍ എണ്ണ വ്യാപാരത്തിലുള്‍പ്പെടെ പ്രതിസന്ധി തീര്‍ക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രസംഗമെന്നതും ശ്രദ്ധേയമാണ്. "അടിസ്‌ഥാനസൗകര്യ വികസന പദ്ധതികളില്‍ സഹകരിക്കാന്‍ ഇന്ത്യ തയാറാണെന്നു പ്രധാനമന്ത്രി എടുത്തുകാട്ടി. പക്ഷേ, ഇത്തരം പദ്ധതികള്‍ മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും മാനിക്കുന്നതായിരിക്കണം"- പാക് അധീന കശ്‌മീരിലൂടെ കടന്നുപോകുന്ന ചൈന-പാകിസ്‌താന്‍ സാമ്പത്തിക ഇടനാഴിയെ പരോക്ഷമായി സൂചിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു. 3000 കിലോമീറ്റര്‍ നീളമുള്ള ഈ പദ്ധതി ചൈനയിലെ സിന്‍ജിയാങ് മേഖലയെ പാകിസ്‌താനിലെ ഗ്വാദര്‍ തുറമുഖവുമായി ബന്ധിപ്പിക്കുന്നതാണ്.
ഉസ്‌ബെക്കിസ്‌ഥാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയശേഷമാണു മോദി ഉച്ചകോടിയില്‍ പങ്കെടുക്കാനായി കിര്‍ഗിസ്‌ഥാന്‍ തലസ്‌ഥാനമായ ബിഷ്‌കെക്കിലെത്തിയത്. പുടിന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി അദ്ദേഹം ഉഭയകക്ഷി ചര്‍ച്ച നടത്തിയരുന്നു. വിദേശനേതാക്കള്‍ക്കുള്ള ഉസ്‌ബെക്കിസ്‌ഥാന്റെ പരമോന്നത ബഹുമതി താഷ്‌കെന്റില്‍ മോദിക്കു സമ്മാനിച്ചിരുന്നു. ഉസ്‌ബെക് പ്രസിഡന്റ് ഷൗക്കത്ത് മിര്‍സിയോയേവാണു പുരസ്‌കാരം നല്‍കിയത്. ഇരുരാജ്യങ്ങളും വ്യാപാരം, ഹരിതോര്‍ജം, ടെക്‌നോളജി തുടങ്ങിയ മേഖലകളില്‍ ഒട്ടേറെ കരാറുകളിലും ഒപ്പിട്ടു.





Comments