കാഠ്‌മണ്ഡു: രാജ്യത്തുണ്ടായ പ്രളയക്കെടുതിയില്‍ ഇന്ത്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളില്‍നിന്ന് നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാള്‍! ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലില്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങളായതിനാലാണ് നേപ്പാള്‍ ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്.
ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത മിന്നല്‍ പ്രളയത്തില്‍ വിവിധ രാജ്യങ്ങള്‍ സഹായഹസ്‌തവുമായി നില്‍ക്കുമ്പോള്‍ നഷ്‌ടപരിഹാരം നേപ്പാളിന്റെ നീക്കം. ടിബറ്റ്-നേപ്പാള്‍ അതിര്‍ത്തി മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളിലുണ്ടായ വലിയ ഹിമപാതത്തെയും ഹിമാനികളുടെ തകര്‍ച്ചയെയും തുടര്‍ന്നാണ് നേപ്പാളിലെ ഭോട്ടെകോസി നദിയില്‍ വന്‍ പ്രളയമുണ്ടായത്.
തണുത്തുറഞ്ഞ വെള്ളവും പാറക്കല്ലുകളും അവശിഷ്‌ടങ്ങളും നിറഞ്ഞ മലവെള്ളപ്പാച്ചില്‍ ജനവാസമേഖലകളെ വിഴുങ്ങുകയായിരുന്നു.
പ്രളയദുരന്തത്തിന് ശേഷമുള്ള സഹായങ്ങളെ കാരുണ്യപ്രവര്‍ത്തനമായി കാണേണ്ടതില്ലെന്നും അത് വികസിത രാജ്യങ്ങളുടെ 'ധാര്‍മ്മികവും നിയമപരവുമായ ബാധ്യത' ആണെന്നും നോപ്പാള്‍ വിദേശകാര്യ മന്ത്രി ശിശിര്‍ ഖനാല്‍ പ്രതികരിച്ചു.
ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലില്‍ നേപ്പാളിന്റെ പങ്ക് പൂജ്യത്തോടടുത്താണെങ്കിലും ആഗോളതാപനത്തിന്റെ കനത്ത ദുരന്തഫലങ്ങള്‍ അനുഭവിക്കുന്നത് തങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്തില്‍ ഏറ്റവുമധികം ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതില്‍ ഒന്നാംസ്‌ഥാനത്തുള്ള ചൈന, രണ്ടാം സ്‌ഥാനത്തുള്ള അമേരിക്ക, മൂന്നാം സ്‌ഥാനത്തുള്ള ഇന്ത്യ എന്നിവര്‍ക്ക് നേപ്പാള്‍ പോലുള്ള ദുര്‍ബല രാജ്യങ്ങള്‍ക്ക് നഷ്‌ടപരിഹാരം നല്‍കാന്‍ ചരിത്രപരമായ ബാധ്യതയുണ്ടെന്ന് ഖനാല്‍ വ്യക്‌തമാക്കി.
ഇത് ദക്ഷിണേഷ്യന്‍ സംസ്‌കാരത്തിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന കാര്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഐക്യരഷ്‌ട്രസംഘടനയുടെ പൊതുസഭയിലെത്തി നേപ്പാള്‍ പ്രധാനമന്ത്രി നഷ്‌ടപരിഹാരം ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്‌റ്റംബര്‍ 8 ന് ആരംഭിക്കുന്ന യു.എന്‍ സമ്മേളനത്തില്‍ നേപ്പാള്‍ പ്രധാനമന്ത്രി പങ്കെടുക്കും.
പ്രളയം വരുത്തിവച്ച നാശനഷ്‌ടങ്ങളില്‍നിന്നു കരകയറാന്‍ 5 ബില്യന്‍ ഡോളറെങ്കിലും (ഏകദേശം നാല്‍പ്പത്തിയേഴായിരം കോടി രൂപ) നേപ്പാളിനു വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.






Comments