കാഠ്‌മണ്ഡു: നേപ്പാള്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 1130 ആയി. നേപ്പാളില്‍ 1114 ഉം ടിബറ്റില്‍ 16 മരണങ്ങളുമാണ് ഔദ്യോഗികമായി സ്‌ഥിരീകരിച്ചത്. കാണാതായ ആറ് മലയാളികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ദുരിതാശ്വാസ സാമഗ്രികളുമായി ഒരു വിമാനം കൂടി ഇന്ത്യ നേപ്പാളിലേക്ക് അയച്ചു.
മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നടപടികളും നേപ്പാള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കി. ഇന്ത്യയില്‍ നിന്നുള്ള ഫോറന്‍സിക് സംഘത്തിന്റെ കൂടി സഹായത്തോടെയാണ് ഡിഎന്‍എ പരിശോധന നടക്കുന്നത്. ഇന്ത്യയില്‍നിന്ന് ദുരിതാശ്വാസ സാമഗ്രികളുമായി ഒരു വ്യോമസേനാ വിമാനം കൂടി നേപ്പാളില്‍ എത്തിയെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു. അഞ്ചര ടണ്‍ ദുരിതാശ്വാസ സാമഗ്രികളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
രക്ഷാദൗത്യത്തില്‍ പങ്കെടുക്കാന്‍ കരസേനയുടെ 11 അംഗ വിദഗ്‌ധ സംഘത്തെയും സര്‍ക്കാര്‍ അയച്ചു. നേരത്തെ തുരങ്കങ്ങളില്‍ തിരച്ചില്‍ നടത്താന്‍ 13 അംഗ സംഘത്തെ ഇന്ത്യ എത്തിച്ചിരുന്നു. നേപ്പാളില്‍ ആയിരങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. പലയിടത്തും അടിസ്‌ഥാന സൗകര്യങ്ങള്‍ ഇല്ല എന്ന പരാതികളുണ്ട്. നിരവധി രാജ്യങ്ങള്‍ പ്രതിസന്ധി മറികടക്കാന്‍ ഭക്ഷണ കിറ്റുകള്‍ അടക്കം നേപ്പാളില്‍ എത്തിക്കുകയാണ്.






Comments