
കാഠ്മണ്ഡു: മിന്നല്‍പ്രളയം വിതച്ച ദുരിതത്തിലും നാശനഷ്ടങ്ങളിലും വിറങ്ങലിച്ചുനില്‍ക്കുകയാണ് നേപ്പാള്‍. ആയിരത്തിലധികം പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടതായും ആയിരക്കണക്കിനാളുകളെ കാണാതായെന്നുമാണ് വിവരം. ദുരന്തം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നോപ്പാളിന്റെ ദുര്‍ഘടമായ ഭൂമിയില്‍ ഹെലികോപ്റ്റര്‍ കേന്ദ്രീകരിച്ചാണ് രക്ഷാദൗത്യങ്ങള്‍ പുരോഗമിക്കുന്നത്. ഇതിന്റെ ചുക്കാന്‍ രാജ്യത്തെ ആദ്യ വനിതാ ഹെലികോപ്ടര്‍ ക്യാപ്റ്റന്‍ പ്രിയ അധികാരിയെന്ന 41 വയസുകാരിക്കുമാണ്.
ഒരാഴ്ചയ്ക്കുള്ളില്‍ നൂറിലേറെ ദൗത്യമാണ് പ്രിയയുടെ നേതൃത്വത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. 'ഇടതടവില്ലാതെ പറന്ന് സംഘാംഗങ്ങളെല്ലാം ക്ഷീണിച്ച നിലയിലാണ് പക്ഷേ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഏത് കഠിന സാഹചര്യത്തെയും അതിജീവിക്കാനുള്ള പരിശീലനം ലഭിച്ചിട്ടു'ണ്ടെന്ന് സി.എന്‍.എന്നിന് നല്കിയ അഭിമുഖത്തില്‍ പ്രിയ പറഞ്ഞു.
പ്രളയത്തിന്റെ ബാക്കിപത്രമായി അടിഞ്ഞുകൂടിയ ചെളിയും രക്ഷാദൗത്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും പ്രിയ പറയുന്നു. ചില സ്ഥലങ്ങളില്‍ ഹെലികോപ്ടറുകള്‍ക്ക് സുരക്ഷിതമായി ലാന്‍ഡ് ചെയ്യാനാകില്ല. അതിജീവിതരെ മാറ്റിക്കൊണ്ടിരിക്കുന്ന സമയത്തും ഹെലികോപ്ടര്‍ പ്രവര്ത്തിപ്പിച്ചുകൊണ്ടിരിക്കേണ്ടിവരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എല്ലാം നഷ്ടമായി. അഞ്ച് ജലവൈദ്യുത പദ്ധതികള്‍ നഷ്ടമായി. ജീവനുകള്‍ നഷ്ടമായി. എന്നാല്‍ രക്ഷാപ്രവര്‍ത്തകരെ കാത്ത് ദുരന്തത്തെ അതിജീവിതര്‍ നില്‍ക്കുന്നത് കാണുമ്പോള്‍ ആശ്വാസം തോന്നും, പ്രിയ പറഞ്ഞു.
എന്‍വയോണ്‍മെന്റല്‍ സയന്‍സില്‍ ബിരുദം നേടിയ ശേഷം കാബിന്‍ക്രൂവായി ജോലി നോക്കുന്നതിനിടെയാണ് നേപ്പാളിന്റെ ആദ്യ വനിതാ ഹെലികോപ്ടര്‍ ക്യാപ്റ്റനെന്ന നേട്ടം പ്രിയ അധികാരി നേടിയെടുത്തത്. ഫിലിപ്പീന്‍സില്‍നിന്ന് ഹെലികോപ്ടര്‍ പറത്തലില്‍ പരിശീലനം നേടി. 2017-ലാണ് മുഴുവന്‍സമയ ഹെലികോപ്ടര്‍ പൈലറ്റ് ആയി മാറുന്നത്. ഹൈ ആള്‍ട്ടിട്യൂഡ് രക്ഷാദൗത്യത്തില്‍ വിദഗ്ധയായ പ്രിയ, എവറസ്റ്റ് പര്‍വതാരോഹകരുടെ രക്ഷാപ്രവര്‍ത്തനങ്ങളിലും ഭാഗമായിട്ടുണ്ട്.
അതേസമയം, നേപ്പാളില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 1,003 ആയി. 583 വിദേശികളടക്കം 4,000 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ഇത് മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയാക്കുമെന്ന ആശങ്ക പരത്തുന്നുണ്ട്. ഇതുവരെ 12,000 പേരെ രക്ഷപ്പെടുത്തി. പ്രളയം എട്ട് ജില്ലകളെയാണ് ഗുരുതരമായി ബാധിച്ചത്. ചിത്വാന്‍ ജില്ലയിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്;321 പേര്. നവല്‍പരാസി ഈസ്റ്റില്‍ 216 പേര് മരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ വലിയ തോതില്‍ പുരോഗമിക്കുകയാണ്. എന്നാല്‍ കനത്ത മഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്.





Comments