
കൊച്ചി: ട്രെയിനിലോ റെയില്‍വേ പരിസരത്തോ മദ്യപിച്ചെത്തുന്നവരെ നീക്കം ചെയ്യാനും അവര്‍ക്കെതിരെ കേസെടുക്കാനും റെയില്‍വേക്ക് അധികാരം നല്‍കുന്ന വ്യവസ്‌ഥ ഭരണഘടന വിരുദ്ധമല്ലെന്ന് ഹൈക്കോടതി. ട്രെയിനിലും സ്‌റ്റേഷനിലും പൊതുസമാധാനവും യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കാന്‍ ഇത്തരം നിയമങ്ങള്‍ അനിവാര്യമാണെന്ന് വിലയിരുത്തിയാണ് 1989ലെ റെയില്‍വേ നിയമത്തിലെ 145(എ) വകുപ്പിന്റെ സാധുത ജസ്‌റ്റിസ് ബെച്ചു കുര്യന്‍ തോമസ് ശരിവെച്ചത്.
മദ്യപിച്ച നിലയില്‍ കാണുന്നവരെ നീക്കം ചെയ്യാനുള്ള ദക്ഷിണ റെയില്‍വേയുടെ ഉത്തരവ് ചോദ്യംചെയ്‌ത് ട്രാവല്‍ കമ്പനി മാനേജിങ് ഡയറക്‌ടറായ കൊച്ചിയിലെ കെ.എന്‍. ശാസ്‌ത്രി നല്‍കിയ ഹര്‍ജി തള്ളിയാണ് ഉത്തരവ്. മദ്യപിച്ച നിലയില്‍ എന്നതിന് കൃത്യമായ നിര്‍വ്വചനം നല്‍കിയിട്ടില്ലെന്നും ഇത് ഉദ്യോഗസ്‌ഥര്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
ബ്രീത്ത് അനലൈസറുകള്‍ ഉപയോഗിച്ച് മദ്യപിച്ച യാത്രക്കാരെ പിടികൂടുന്ന നടപടിയെയും ചോദ്യംചെയ്‌തിരുന്നു. എന്നാല്‍, യാത്രക്കാരുടെ സുരക്ഷയ്‌ക്കും ക്രമസമാധാന പാലനത്തിനുമാണ് മുന്‍ഗണനയെന്ന് റെയില്‍വേ കോടതിയെ അറിയിച്ചു.
ട്രെയിനില്‍ നിന്ന് വീണുള്ള അപകടങ്ങളില്‍ ഭൂരിഭാഗവും മദ്യലഹരിയിലാണ്. സ്‌ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കും മദ്യപരുടെ ഭീഷണിയുണ്ടാവുന്നുണ്ട്. ബ്രീത്ത് അനലൈസര്‍ വഴി പരിശോധിച്ച ശേഷം മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടാല്‍ മെഡിക്കല്‍ പരിശോധന കൂടി നടത്തി മാത്രമേ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്നും റെയില്‍വേ വ്യക്‌തമാക്കി.
മദ്യപിച്ച ഒരാളെ ട്രെയിനില്‍ നിന്നോ സ്‌റ്റേഷനില്‍ നിന്നോ മാറ്റുന്നതിന് മുമ്പ് രക്‌തപരിശോധന വേണമെന്ന് നിര്‍ബന്ധിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ട്രെയിനിനുള്ളില്‍ വച്ച് രക്‌തപരിശോധന നടത്തുന്നത് പ്രായോഗികമല്ല. നടപ്പാക്കുന്ന രീതിയിലെ പോരായ്‌മകള്‍ ചൂണ്ടിക്കാട്ടി ഒരു നിയമത്തെ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കാനാവില്ല.
ഉദ്യോഗസ്‌ഥര്‍ ഏകപക്ഷീയമായി പെരുമാറുന്നത് ഒഴിവാക്കാന്‍ റെയില്‍വേ മന്ത്രാലയം 2023 സെപ്‌തംബര്‍ 14ന് വ്യക്‌തമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.







Comments