
ന്യൂഡല്ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും പ്രവര്ത്തന ശൈലിക്കെതിരെയുള്ള വിമര്ശനങ്ങള് പാര്ട്ടിയുടെ വിപുലീകരിച്ച സംസ്ഥാന കമ്മിറ്റി കരട് റിപ്പോര്ട്ടില് ഉള്പ്പെടുത്തും. സോഷ്യല്മീഡിയവഴി പ്രതികരിക്കാന് പാര്ട്ടി നല്കിയ അവസരം ഉപയോഗിച്ച് സാധാരണ പാര്ട്ടിംഗങ്ങാണ് പ്രതികരണം നടത്തിയത്. രൂക്ഷ വിമര്ശനം ഉയര്ന്ന പ്രതികരണത്തല് 21,000 പേരാണ് വാട്സാപ്പ് ഉള്പ്പെടെയുള്ള മാധ്യമങ്ങള് വഴി വിയോജിപ്പും എതിര്പ്പും അഭിപ്രായവും ഏര്പ്പെടുത്തിയത്.
പാര്ട്ടി അംഗങ്ങളില് നിന്നും അനുഭാവികളില് നിന്നും നേരിട്ട് ലഭിച്ച ആയിരക്കണക്കിന് പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിര്ണായക തിരുത്തല് നടപടി. ബ്രാഞ്ച് തലം മുതല് തുറന്നുപറയാന് മടിച്ച ഘടകങ്ങളില് നിന്നുള്ളവര്ക്ക് നവമാധ്യമങ്ങളിലൂടെ അഭിപ്രായം രേഖപ്പെടുത്താന് അവസരം നല്കിയപ്പോള് ലഭിച്ചതൊക്കെയും നേതൃത്വത്തിന് കടുത്ത തിരിച്ചടിയായ വിലയിരുത്തലുകളാണ്.
പിണറായി വിജയന്റെയും എം.വി. ഗോവിന്ദന്റെയും ശൈലിക്കെതിരെ പാര്ട്ടി അടിത്തട്ടില് നിന്നും ശക്തമായ വിമര്ശനമാണ് ഉയര്ന്നിട്ടുള്ളത്. വെള്ളാപ്പള്ളിയോടുള്ള അമിത കരുതല്, പിഎം ശ്രീ പദ്ധതി, എം.ആര്. അജിത് കുമാര് വിവാദം, സ്ഥാനാര്ത്ഥി നിര്ണ്ണയത്തിലെ പിഴവുകള് എന്നിവ തെരഞ്ഞെടുപ്പ് തോല്വിക്ക് ആഴംകൂട്ടിയതായി റിപ്പോര്ട്ട് ചൂണ്ടിക്കാണിക്കുന്നു.
ഇനി മാധ്യമങ്ങളെ ബഹിഷ്കരിക്കേണ്ടതില്ലെന്നും ചര്ച്ചകളില് നിന്ന് നേതാക്കള് വിട്ടുനില്ക്കരുതെന്നുമുള്ള പുതിയ തീരുമാനം കരട് രേഖയിലുണ്ട്. മീഡിയ പാനലിസ്റ്റുകളെ ഉടന് പുനഃസംഘടിപ്പിക്കും. നവമാധ്യമങ്ങളില് സജീവമാകാനായി മുതിര്ന്ന നേതാക്കള്ക്ക് കര്ശന നിര്ദ്ദേശം നല്കിയിട്ടുണ്ട്. ജില്ലാ കമ്മിറ്റികള്ക്കായി പ്രത്യേക സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകള് രൂപീകരിക്കാനും തീരുമാനമായി.
പൊതുസമൂഹത്തിലും പാര്ട്ടിക്ക് അകത്തും ഉയര്ന്ന എല്ലാ ക്രിയാത്മക വിമര്ശനങ്ങളും തുറന്ന മനസ്സോടെ സ്വീകരിച്ച് മുന്നോട്ട് പോകാനാണ് സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ തീരുമാനം. താഴെത്തട്ടിലെ വികാരങ്ങളെ ഉള്ക്കൊണ്ട് നയം മാറ്റത്തിനൊരുങ്ങുന്ന പാര്ട്ടി നേതൃത്വം, തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഘാതങ്ങളില് നിന്ന് കരകയറാനുള്ള കഠിന പരിശ്രമത്തിലാണ്.







Comments