
തിരുവനന്തപുരം: വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കാഞ്ഞിരംപാറ പെട്രോൾ പമ്പിന് സമീപം നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി കെ. മുരളീധരൻ പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വിഭാവനം ചെയ്ത പദ്ധതിയിൽ പിന്നീട് മാറ്റങ്ങൾ വന്നെങ്കിലും, കാലതാമസം ഒഴിവാക്കി സമയബന്ധിതമായി പൂർത്തിയാക്കാനാണ് ശ്രമമെന്ന് മന്ത്രി പറഞ്ഞു.
73.61 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ശാസ്തംഗലം–മണ്ണറക്കോണം, തോപ്പുമുക്ക്–വട്ടിയൂർക്കാവ് റോഡ്, മണ്ണറക്കോണം–പേരൂർക്കട റോഡ്, മണ്ണറക്കോണം ജങ്ഷൻ വികസനം എന്നിവ ഉൾപ്പെടെ 7.215 കിലോമീറ്റർ റോഡാണ് നവീകരിക്കുന്നത്.
പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്തെ റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഓടകളുടെ നിർമാണം, ആവശ്യമായ ഇടങ്ങളിൽ പാർശ്വഭിത്തി, കലുങ്ക് എന്നിവയുടെ നിർമാണം, വാട്ടർ അതോറിറ്റി, കെഎസ്ഇബി കണക്ഷനുകൾ മാറ്റിസ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികളാണ് നടക്കുന്നത്.
കെഎസ്ഇബി ലൈനുകൾ മാറ്റിസ്ഥാപിക്കാൻ 6.46 കോടി രൂപയും, കേരള വാട്ടർ അതോറിറ്റിയുടെ പ്രവൃത്തികൾക്കായി 6.93 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. നിലവിൽ 7 മുതൽ 10 മീറ്റർ വരെ മാത്രം വീതിയുള്ള റോഡുകൾ 18.5 മീറ്റർ വീതിയിൽ ഉന്നത നിലവാരത്തിലേക്ക് ഉയർത്തും.
ഗതാഗത തടസ്സം പരമാവധി കുറയ്ക്കുന്നതിനായി ഓരോ വശത്തെയും നിർമാണം ഘട്ടംഘട്ടമായാണ് നടപ്പാക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിനാണ് നിർവഹണ ചുമതല. ഊരാളുങ്കൽ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമാണ കരാർ ഏറ്റെടുത്തിരിക്കുന്നത്.







Comments