
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതിക്ഷാമം പരിഹരിക്കാന് ഇന്നത്തെ മന്ത്രിസഭ യോഗം തീരുമാനമെടുക്കും. കുറഞ്ഞ വിലയ്ക്ക് മറ്റ് സംസ്ഥാനങ്ങളില് നിന്ന് വൈദ്യുതി എത്തിക്കുക, കൂടുതല് നിരക്കില് വൈദ്യുതി വാങ്ങുക, ആണവ നിലയങ്ങളില് നിന്നുള്ള വൈദ്യുതി എത്തിക്കല് തുടങ്ങിയ വിവിധ കാര്യങ്ങളാണ് വൈദ്യുതി പ്രതിസന്ധി പരിഹാരത്തിനായി സര്ക്കാര് പരിഗണിക്കുന്ന കാര്യങ്ങള്.
സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധി പരിഹരിക്കല് ലക്ഷ്യമിട്ട് എന്പിസിഐഎല് സിഎംഡിയുമായി കെഎസ്ഇബി ചെയര്മാന് എം ജി രാജമാണിക്യം ഇന്ന് ഡല്ഹിയില് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ആണവ നിലയങ്ങളില് നിന്നുള്ള വൈദ്യുതി ലഭ്യത സംബന്ധിച്ച ചര്ച്ചകള് നടത്തിയേക്കും. അതേസമയം വൈദ്യുതി നിയന്ത്രണം ഇന്നും തുടരാനാണ് സാധ്യത. പ്രതിദിന വൈദ്യുതി ഉപഭോഗം 94 ദശലക്ഷത്തിന് മുകളിലാണ്.
ഇന്നലെയും പീക്ക് സമയത്ത് വൈദ്യുതിയുടെ ഉപയോഗം 5000 മെഗാ വാട്ടിന് മുകളില് പോയിരുന്നു. 700 മുതല് 900 മെഗാവാട്ട് വരെ കുറവാണ് ദിവസവും പിക്ക് സമയങ്ങളില് അനുഭവപ്പെടുന്നത്. ഇത് പരിഹരിക്കണമെങ്കില് അതിന് ആവശ്യമായ വൈദ്യുതി ലഭ്യമാകേണ്ടതുണ്ട്. ഹിമാചലില് നിന്ന് 250 മെഗാവാട്ടും കേന്ദ്ര വിഹിതമായി 150 മെഗാ വാട്ടും ലഭിച്ചിട്ടുണ്ടെങ്കിലും നിലവിലെ പ്രതിസന്ധി മറികടക്കാന് പര്യാപ്തമാകില്ല.
രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വലിയതോതില് വര്ധിച്ചതിനാല് പവര് എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കുറവുണ്ട്. ദേശീയ തലത്തില് തന്നെ 12000 മെഗാവാട്ടിന്റെ കുറവാണ് ഗ്രിഡ് കണ്ട്രോളര് ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നത്. സെന്ട്രല് ജനറേറ്റിംഗ് സ്റ്റേഷനില് നിന്നുള്ള വൈദ്യുതി ലഭ്യതയില് അപ്രതീക്ഷിത കുറവും അനുഭവപ്പെടുകയാണ്.







Comments