
തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി യാത്രാ പദ്ധതി നാളെ നൂറ് ദിവസം പൂർത്തിയാക്കും. സ്ത്രീകളുടെ യാത്രാചെലവ് കുറയ്ക്കുന്നതിനും പൊതുഗതാഗതത്തിലേക്ക് കൂടുതൽ സ്ത്രീകളെ എത്തിക്കുന്നതിനുമായി 2026 ജൂൺ 15നാണ് പദ്ധതി ആരംഭിച്ചത്.
പദ്ധതി നിലവിൽ വന്നതിന് പിന്നാലെ കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ 60 ശതമാനം വർധനവുണ്ടായതായി കോർപറേഷൻ വ്യക്തമാക്കി. സൗജന്യ യാത്രാ സൗകര്യം കൂടുതൽ സ്ത്രീകളെ പൊതുഗതാഗതം ആശ്രയിക്കാൻ പ്രേരിപ്പിച്ചതായും വിലയിരുത്തലുണ്ട്.
ദൈനംദിന യാത്രകൾക്ക് കെഎസ്ആർടിസിയെ ആശ്രയിക്കുന്ന സ്ത്രീകൾക്ക് സാമ്പത്തിക ആശ്വാസം നൽകുന്നതിനൊപ്പം വിദ്യാഭ്യാസം, തൊഴിൽ, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും പദ്ധതി പിന്തുണയായി. സുരക്ഷിതവും സൗകര്യപ്രദവും ചെലവുകുറഞ്ഞതുമായ യാത്ര ഉറപ്പാക്കുന്നതിലൂടെ സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക ശാക്തീകരണത്തിന് കരുത്തേകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
നൂറാം ദിനത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ സ്ത്രീകളെ പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമാക്കാനും കെഎസ്ആർടിസി സേവനങ്ങൾ കൂടുതൽ ജനസൗഹൃദമാക്കാനും പദ്ധതിക്ക് കഴിഞ്ഞതായാണ് കോർപറേഷന്റെ വിലയിരുത്തൽ.







Comments