
കൊച്ചി: വയനാട് വാഴവറ്റയിലെ വീട്ടില് നിന്ന് മദ്യം കണ്ടെത്തിയ കേസില് റിപ്പോര്ട്ടര് ടി.വി. എഡിറ്റര് ആന്റോഅഗസ്റ്റിന് ജാമ്യം നല്കി ഹൈക്കോടതി. നേരത്തേ മാനന്തവാടി കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്ന്നായിരുന്നു ആന്റോ അഗസ്റ്റിന് ഹൈക്കോടതിയില് എത്തിയത്. വ്യക്തിസ്വാതന്ത്ര്യത്തിന് പ്രാമുഖ്യം നല്കിയാണ് ജാമ്യം നല്കിയത്.
മദ്യം പിടിച്ചെടുത്ത വീട് തന്റേതല്ലെന്ന ആന്റോയുടെ വാദം കോടതി അംഗീകരിച്ചു. എന്നാല് ഇത് തള്ളിക്കൊണ്ട് മുട്ടില് പഞ്ചായത്ത് രേഖകളും ജി.എസ്.ടി ഓഫീസില് നല്കിയ മേല്വിലാസവും ഉള്പ്പെടെയുള്ള തെളിവുകള് പ്രോസിക്യൂഷനും എക്സൈസും കോടതിയില് ഹാജരാക്കിയിരുന്നു. എന്നാല് മുന്ഗണന വസ്തുകൈമാറ്റ രേഖകള്ക്കാണെന്ന് കോടതി വിലയിരുത്തുകയായിരുന്നു.
വയനാട് വാഴവറ്റയിലെ വീട്ടില് നിന്ന് 43 ലിറ്റര് വിദേശമദ്യം പിടികൂടിയ സംഭവത്തില് എക്സൈസ് സംഘം ആന്റോ അഗസ്റ്റിനെ കൊച്ചിയിലെ ഓഫീസില് വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. മാനന്തവാടി കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളുകയും മാനന്തവാടി ജില്ലാ ജയിലിലേക്ക് റിമാന്ഡ് ചെയ്യുകയും ചെയ്തു. ഡിജിപി കേസില് നേരിട്ട് കോടതിയില് ഹാജരായതിനെയും കോടതി വിമര്ശിച്ചു.







Comments