
ഗ്രേറ്റർ നോയിഡ: യമുനാ എക്സ്പ്രസ് വേയിൽ ബസിന് തീപിടിച്ച് ഒമ്പത് പേർ മരിക്കാനിടയായ സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ ഗുരുതര പരാതിയുമായി യാത്രക്കാരൻ. ബസിൽ നിന്ന് കരിഞ്ഞ മണം ഉയരുന്നതായി യാത്രക്കാർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും ഡ്രൈവറും കണ്ടക്ടറും അത് അവഗണിച്ചതായി സുനിൽ കുമാർ എന്ന യാത്രക്കാരൻ പറയുന്നു. ബസ് ഉടൻ നിർത്താൻ ജീവനക്കാർ തയ്യാറായില്ലെന്നും യാത്രക്കാരുടെ ആശങ്കകളെ അവർ പരിഹസിച്ചുവെന്നും പരാതിക്കാരൻ ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഡൽഹിയിലെ കാശ്മീരി ഗേറ്റിൽ നിന്ന് ഹമീർപൂർ ജില്ലയിലെ റാത്തിലേക്ക് പുറപ്പെട്ട 'രാജ് കൽപന ട്രാവൽസ്' എന്ന സ്വകാര്യ സ്ലീപ്പർ ബസിലാണ് അപകടമുണ്ടായത്. ഏകദേശം 30-35 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. നോയിഡ-ആഗ്ര പാതയിൽ യമുനാ എക്സ്പ്രസ് വേയിൽ രാത്രി 11:30 ഓടെ ഡ്രൈവറുടെ ക്യാബിനിൽ നിന്ന് എന്തോ കരിയുന്ന രൂക്ഷഗന്ധം യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. ബസിൽ നിന്ന് മണം വരുന്നുണ്ടെന്നും ഒന്ന് പരിശോധിക്കണമെന്നും ചില യാത്രക്കാർ ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും, ബസിൽ നിന്ന് സാധാരണയായി ഇത്തരം മണങ്ങൾ ഉണ്ടാകാറുണ്ട് എന്ന് പറഞ്ഞ് ഡ്രൈവർ അത് തള്ളിക്കളഞ്ഞു.
മുന്നറിയിപ്പ് അവഗണിച്ച് ഡ്രൈവർ ബസ് നിർത്താൻ തയ്യാറായില്ല. ഡ്രൈവറും കണ്ടക്ടറും ക്യാബിനിൽ ഇരുന്ന് സിഗരറ്റ് വലിക്കുന്നത് തുടരുകയാണുണ്ടായത്. തൊട്ടുപിന്നാലെ ഡ്രൈവർ സീറ്റിന് സമീപം തീജ്വാലകൾ ഉയരുകയായിരുന്നു. ഇത് കണ്ടു ഭയന്ന യാത്രക്കാർ ബസ് നിർത്താൻ നിലവിളിച്ചുകൊണ്ട് ആവശ്യപ്പെട്ടു.എന്നാൽ ഉടൻ ബസ് നിർത്തുന്നതിന് പകരം ഡ്രൈവറും കണ്ടക്ടറും ചിരിച്ചുകൊണ്ട് യാത്രക്കാരോട്, "മരിക്കണമെങ്കിൽ മരിച്ചോളൂ, ഞങ്ങൾ ബസ് നിർത്തില്ല" എന്ന് പറഞ്ഞതായി പരാതിയിൽ പറയുന്നു.
അപ്പോഴേക്കും തീ ബസിലുടനീളം പടരുകയും പുക നിറയുകയും ചെയ്തു. തുടർന്ന് ബസ് നിർത്തിയ ഉടൻ യാത്രക്കാർ ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് സുനിൽ കുമാർ പറഞ്ഞു. എന്നാൽ പുകയും തീയും കാരണം ചില യാത്രക്കാർക്ക് പുറത്തിറങ്ങാൻ സാധിക്കാതെ അകത്ത് കുടുങ്ങിപ്പോയി. പരിക്കേറ്റവരെ ജെവാറിലെ കൈലാഷ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒമ്പത് പേരുടെ ജീവൻ രക്ഷിക്കാനായില്ല. മറ്റുള്ളവർ ചികിത്സയിലാണ്.







Comments