
ന്യൂയോർക്ക് സിറ്റി: ഐക്യരാഷ്ട്രസഭയിൽ ഹാഫീസ് സയീദിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ നിന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഒഴിഞ്ഞുമാറി; മറുപടി നൽകാതെ നടന്നുനീങ്ങി! ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്തുവെച്ചാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് നാണക്കേടായ സംഭവമുണ്ടായത്. ലഷ്കറെ തൊയ്ബ തലവൻ ഹാഫീസ് സയീദിനെക്കുറിച്ചും ഭീകരരെ സംരക്ഷിക്കുന്നുവെന്ന ആരോപണത്തെക്കുറിച്ചും മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാതെ നടന്നുനീങ്ങുകയായിരുന്നു.
വ്യാഴാഴ്ച ഐക്യരാഷ്ട്ര പൊതുസഭയിൽ പങ്കെടുക്കാനായി എത്തിയ ഷെഹ്ബാസ് ഷെരീഫിനോട് "പ്രധാനമന്ത്രി, നിങ്ങൾ എപ്പോഴാണ് ഭീകരരെ സംരക്ഷിക്കുന്നത് നിർത്തുന്നത്?" എന്ന് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചു. എന്നാൽ പാക് പ്രധാനമന്ത്രി ഇതിന് മറുപടി നൽകിയില്ല. തുടർന്ന് ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് നിന്ന് മടങ്ങുമ്പോഴും ഹാഫീസ് സയീദിനെക്കുറിച്ച് ഷെരീഫിന് മറ്റൊരു ചോദ്യം നേരിടേണ്ടി വന്നു. "ലഷ്കറെ തൊയ്ബ ഭീകരൻ ഹാഫീസ് സയീദിനെതിരെ നിങ്ങൾ എപ്പോഴാണ് നടപടിയെടുക്കുന്നത്?" എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും അപ്പോഴും ഷെരീഫ് മറുപടി നൽകാൻ തയ്യാറായില്ല.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ സർഗോധ സ്വദേശിയായ ഹാഫീസ് മുഹമ്മദ് സയീദ്, ഇന്ത്യയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം ഭീകരനായി പ്രഖ്യാപിക്കപ്പെട്ട ആളാണ്. നിരോധിത ഭീകര സംഘടനയായ ലഷ്കറെ തൊയ്ബയുടെ സ്ഥാപകനാണ് ഇയാൾ. 26/11 മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതികളിൽ ഒരാളാണ്. കൂടാതെ, 2025 ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഷ്കറെ തൊയ്ബ പ്രവർത്തകരാണെന്ന് ദേശീയ അന്വേഷണ ഏജൻസി ആരോപിച്ചിരുന്നു. ഈ കേസിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഹാഫീസ് സയീദിനെ എട്ടാം പ്രതിയായി ഉൾപ്പെടുത്തിയിട്ടുണ്ട്.
പാകിസ്ഥാൻ അതിർത്തി കടന്നുള്ള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് കുറ്റപ്പെടുത്തി ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഷെഹ്ബാസ് ഷെരീഫിന് ഈ ചോദ്യങ്ങൾ നേരിടേണ്ടി വന്നത്. പാക് അധീന കശ്മീരിലെ സ്ഥിതിഗതികളെക്കുറിച്ചും, അവിടെ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചും, പൗരന്മാരുടെ മരണങ്ങളെക്കുറിച്ചും, അവശ്യവസ്തുക്കളുടെ ലഭ്യത തടയുന്നതിനെക്കുറിച്ചും ഇന്ത്യ കൗൺസിലിൽ ഉത്കണ്ഠ രേഖപ്പെടുത്തി.







Comments