
മാന്നാർ: വീട്ടിൽനിന്ന് കാണാതായ വയോധികനെ വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നിത്തല ചെറുകോൽ ആറ്റുകടവിൽ ഗോപി (82)യുടെ മൃതദേഹമാണ് വീടിന് നൂറുമീറ്റർ അകലെയുള്ള പുരയിടത്തിൽ കണ്ടെത്തിയത്.
ശനിയാഴ്ച ഉച്ചയോടെയാണ് ഗോപി വീട്ടിൽനിന്ന് പുറത്തേക്ക് പോയത്. രാത്രി വൈകിയും തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ മാന്നാർ പൊലീസിൽ പരാതി നൽകി. ഞായറാഴ്ച രാവിലെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തി.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രാവിലെ പത്തുമണിയോടെ പുരയിടത്തിൽ മൃതദേഹം കണ്ടെത്തിയത്. മാന്നാർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച സംസ്കാരം നടക്കും.
പരേതയായ വിജയമ്മയാണ് ഭാര്യ. മക്കൾ: സത്യൻ, ശശികല, സതീഷ്, പരേതനായ സന്തോഷ്. മരുമക്കൾ: തങ്കച്ചി, അനിത, സുരേഷ്.







Comments