പരുക്കന്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളോട് പൊരുതിയാണ് വിനായകനും മണികണ്ഠന് ആചാരിയും സിനിമയുടെ വെള്ളിവെളിച്ചത്തില്‍ എത്തുന്നത്. ഇരുവരും മത്സരിച്ച് അഭിനയിച്ച കമ്മട്ടിപ്പാടം എന്ന സിനിമ പറയുന്നതും കൊച്ചിയുടെ മെട്രോ ജാഡകള്‍ക്കപ്പുറം ജീവിക്കുന്ന സാധാരണക്കാരുടെ കഥ. കമ്മട്ടിപ്പാടത്തിലൂടെ ഇരുവരും പുരസ്കാരത്തിന് അര്ഹരാകുമ്പോള് അത് പ്രേക്ഷകര്‍ കയ്യടിച്ച് അംഗീകരിക്കുന്നു.
കമ്മട്ടിപ്പാടത്തിലെ ഗംഗയെ അവതരിപ്പിച്ച് വിനായകന് മികച്ച നടനായപ്പോള്‍ ബാലന് ചേട്ടനിലൂടെ മണികണ്ഠന് മികച്ച രണ്ടാമത്തെ നടനായി. ചമ്പക്കരയിലെ മീന്‍ മാര്‍ക്കറ്റില്‍ നിന്നുമാണ് മണികണ്ഠന് കമ്മട്ടിപ്പാടത്തിലേക്ക് എത്തുന്നത്. സിനിമയില്‍ എത്തുന്നതിന് മുമ്പ് നാടകവുമായി മണികണ്ഠന് രാജ്യം മുഴുവന്‍ അലഞ്ഞിട്ടുണ്ട്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വരെ നാടകവുമായി അലഞ്ഞിട്ടുണ്ടെന്ന് മണികണ്ഠന് മംഗളത്തിന് നല്കി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ജോണ്‍ ഏബ്രഹാമും സുരാസുവുമാണ് മണികണ്ഠനെ സ്വാധീനിച്ച വ്യക്തികള്‍.
മണികണ്ഠനായാലും വിനായകനായാലും അവര്‍ക്ക് പരിചയമുള്ള ജീവിതപരിസരം തന്നെയാണ് കമ്മട്ടിപ്പാടത്തില്‍ അഭിനയിച്ചിരിക്കുന്നത്. കൊച്ചി നഗരത്തിന്റെ പിന്നാമ്പുറങ്ങളിലെ സാധാരണക്കാരുടെ ജീവിതം അവര്‍ക്ക് സുപരിചിതമാണ്. കമ്മട്ടിപ്പാടത്തില്‍ ചിത്രീകരിച്ചിരിക്കുന്നത് പോലെ നഗരവല്‍ക്കരണത്തിന്റെ ഇരകളാക്കപ്പെടുന്നവരുടെ പ്രതിനിധികള്‍ തന്നെയാണ് സാധാരണക്കാരില്‍ സാധാരണക്കാരായ വിനായകനും മണികണ്ഠനും.






