
മാവേലിക്കര: മൂന്ന് പതിറ്റാണ്ടുകളായി മാവേലിക്കരയുടെ വികസനത്തിന് തടസമായിരുന്ന മാലിന്യമലകള് നീക്കംചെയ്ത് നഗരത്തിന്റെ മുഖച്ഛായ മാറ്റാന് ലക്ഷ്യമിട്ടുള്ള ബയോ മൈനിങ് പ്രവൃത്തികള് പുതിയകാവ് ചന്തയില് പുരോഗമിക്കുന്നു.
ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ നേതൃത്വത്തിലാണ് ബയോമൈനിങ് നടക്കുന്നത്. ബയോ മൈനിംഗിനുശേഷം ആകെ 81.27 സെന്റ് ഭൂമിയാണ് ഇതിലൂടെ വീണ്ടെടുക്കുക.2001 മുതലാണ് പുതിയകാവ് മാര്ക്കറ്റ് പരിസരത്ത് ഖരമാലിന്യങ്ങള് നിക്ഷേപിക്കാന് തുടങ്ങിയത്. കഴിഞ്ഞ മുപ്പത് വര്ഷമായി നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങള് ഉള്പ്പെടെയുള്ളവ നിക്ഷേപിച്ചിരുന്ന പ്രധാന സ്ഥലമായിരുന്നു പുതിയകാവ് ചന്ത. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെത്തുടര്ന്നാണ് ഇവിടെ മുന്പ് മാലിന്യ നിക്ഷേപം അവസാനിപ്പിച്ചത്.
5.9 മീറ്റര് ആഴത്തിലായി 13,000 മീറ്റര് ക്യൂബ് മാലിന്യമാണ് നിക്ഷേപിക്കപ്പെട്ടിട്ടുള്ളതെന്നാണ് കണക്കാക്കുന്നത്.
വര്ഷങ്ങളോളം ദുര്ഗന്ധം വമിച്ചിരുന്നതും വലിയ പാരിസ്ഥിതിക വെല്ലുവിളിയായി രുന്നതുമായ പ്രദേശം ബയോ മൈനിങ് വഴി ഘട്ടം ഘട്ടമായി ശുചിയായി വരികയാണ്.
കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങള് ജെസിബി ഉപയോഗിച്ച് ഇളക്കിമാറ്റി വായുസഞ്ചാരം ഉറപ്പാക്കുന്നു. പ്രത്യേക ബയോ കള്ച്ചര് ലായനികള് തളിച്ച് ദുര്ഗന്ധം ഇല്ലാതാക്കി മാലിന്യങ്ങള് വേഗത്തില് ജീര്ണിക്കാനുള്ള സാഹചര്യം ഒരുക്കുന്നു. ഈര്പ്പം മാറിയ ഉണങ്ങിയ മാലിന്യങ്ങളെ ട്രോമല് യന്ത്രത്തില് അരിച്ച് വലിപ്പത്തിന്റെ അടിസ്ഥാനത്തില് തരംതിരിക്കുന്നു. ജ്വലന സാധ്യതയുള്ള പ്ലാസ്റ്റിക്, തുണി, റബ്ബര് എന്നിവ വേര്തിരിച്ച് സിമന്റ് ഫാക്ടറികളില് ഇന്ധനമായി ഉപയോഗിക്കാനുള്ള ആര്.ഡി.എഫായി മാറ്റുന്നു. പൂര്ണമായി മണ്ണിനോട് ചേര്ന്ന ജൈവാംശങ്ങള് വേര്തിരിച്ച് കൃഷിക്കും തറ നിരപ്പാക്കാനും ഉപയോഗിക്കാവുന്ന ബയോ എര്ത്ത് ആയും, കല്ല്, ഇഷ്ടിക കഷണങ്ങള് എന്നിവ റോഡ് നിര്മ്മാണത്തിനായും ഉപയോഗി ക്കുന്നു. ഈ ശുചീകരണ പ്രവൃത്തികള് കേവലം മാലിന്യ നിര്മാര്ജനത്തില് മാത്രം ഒതുങ്ങുന്നില്ല.
മാവേലിക്കരക്കാരുടെ ചിരകാലാഭിലാഷമായ പുതിയകാവ് ചന്തയുടെ പുനരുജ്ജീവനത്തിലേക്കുള്ള സുപ്രധാന ചവിട്ടുപടിയാണിത്. ഈ സ്ഥലം പൂര്ണ്ണമായും മാലിന്യമുക്തമാകുന്നതോടെ പുതിയകാവ് മാര്ക്കറ്റിന്റെ പുനര്ജന്മം യാഥാര്ഥ്യമാകും.
ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ മാര്ക്കറ്റ് വരുന്നതോടെ പ്രദേശത്തിന്റെ വാണിജ്യ, കാര്ഷിക മേഖലകളില് വലിയ കുതിച്ചു ചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലങ്ങളായി മാലിന്യം നിറഞ്ഞു കിടന്ന പ്രദേശം, നാടിന്റെ വികസനത്തിന് ഊര്ജം പകരുന്ന പ്രധാന വാണിജ്യ കേന്ദ്രമായി മാറുന്നതിന്റെ കാത്തിരിപ്പിലാണ് മാവേലിക്കര നിവാസികള്.



Comments