
വൈതല്മലയിലെ ചോലവനങ്ങളിലും പുല്മേടുകളിലും പൂത്തുനില്ക്കുന്ന ഓര്ക്കിഡ് വൈവിധ്യങ്ങള് കണ്ണൂര് ജില്ലയിലെപ്രധാന വിനോദസഞ്ചാര കേന്ദ്രമായ വൈതല്മലയില് പ്രകൃതി സ്നേഹികളെ ആകര്ഷിക്കുന്നു. വൈതല് മലയുടെ വിസ്മയങ്ങളില് പ്രധാനപ്പെട്ട ഒന്നാണ് അവിടത്തെ സസ്യവൈവിധ്യം. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ഇവിടെ മഴക്കാലത്തിന്റെയും മഞ്ഞുകാലത്തിന്റെയും വരവോടെ കാണപ്പെടുന്ന അപൂര്വ്വമായ രണ്ട് ഓര്ക്കിഡ് ഇനങ്ങളാണ് ഓര്ക്കിഡേസി കുടുംബത്തില്പ്പെടുന്ന ഹബനേറിയ ജനുസില് ഉള്പ്പെടുന്ന മണ്ണില് വളരുന്ന ഇവ.
മനോഹരമായ പിങ്ക് നിറത്തിലുള്ള പൂക്കളോടുകൂടിയ ഒന്നാണ് സറ്റ്യറിയം നേപ്പാലെന്സ് (നെയ്ല് ഗെരന്സ്). ഈ സസ്യം വൈതല്മലയുടെ പച്ചപ്പാര്ന്ന പുല്മേടുകളില് ഒതുക്കത്തോടെ വളരുന്ന ഒന്നാണ്. ഇതിന്റെ പൂക്കള് മുകളിലേക്ക് നീണ്ടുനില്ക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഭൂമിക്കടിയിലെ കിഴങ്ങുകളില് നിന്ന് വളരുന്ന ഇവ, തുറന്ന പുല്പ്രദേശങ്ങളിലും ചോലക്കാടുകളുടെ ഓരങ്ങളിലെ ഈര്പ്പമുള്ള മണ്ണിലുമാണ് പ്രധാനമായും കാണപ്പെടുന്നത്.
മണ്സൂണ് കാലത്തിന്റെ അവസാനത്തോടെയും അതിനുശേഷമുള്ള മാസങ്ങളിലുമാണ് ഇവ സാധാരണയായി പൂവിടുന്നത്. വെള്ള അല്ലെങ്കില്ഇളം മഞ്ഞ നിറത്തിലുള്ള ഫ്രിഞ്ച്ഡ് ഓര്ക്കിഡാണ് മറ്റൊന്ന്. കല്ലുചെടിയെന്ന് പ്രാദേശിക വിളിപ്പേരുള്ള ഇതിന്റെ ഇം?ീഷ് പേര് സൂസന്സ് ഓര്ക്കിഡ് എന്നാണ്.
അതിമനോഹരമായ വെളുത്തതോ ഇളം മഞ്ഞയോ നിറത്തിലുള്ള പുഷ്പങ്ങളുള്ള ഈ ഇനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ചുണ്ടുകളുടെ വശങ്ങള് വിരിഞ്ഞ് ചീന്തിയതുപോലെയുള്ള രൂപത്തിലാണെന്നുള്ളതാണ്. കാഴ്ചയില് വളരെ ആകര്ഷകമായ ഇവ പ്രാണികളെ ആകര്ഷിക്കുന്നതില് പ്രധാന പങ്കുവ വഹിക്കുന്നു.
പാറക്കെട്ടുകള് നിറഞ്ഞ പ്രദേശങ്ങളിലും പര്വ്വതനിരകളിലെ ഈര്പ്പമുള്ള ചോലമേടുകളിലും ഇവ വളരുന്നു. ഭൂമിക്കടിയിലെ കിഴങ്ങുകള് വഴിയാണ് ഈ സസ്യങ്ങള് അടുത്ത വര്ഷത്തേക്ക് അതിജീവിക്കുന്നത്.പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യ സമ്പന്നത വിളിച്ചോതുന്നവയാണ് വൈതല്മലയിലെ ഈ ഓര്ക്കിഡുകള്. വിവിധയിനംകുറിഞ്ഞികള് ഉള്പ്പെടെ നിരവധി സസ്യങ്ങള് പൂവിട്ടു നില്ക്കുകയാണിവിടെ.
ചോലവനങ്ങളുടെയും പുല്മേടുകളുടെയും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്ത്തുന്നതില് ഇവ നിര്ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. എന്നാല് കാലാവസ്ഥാ വ്യതിയാനങ്ങളും വിനോദസഞ്ചാരത്തിന്റെ ഭാഗമായുള്ള ആവാസവ്യവസ്ഥയുടെ നാശവും ഈ നാടന് ഓര്ക്കിഡുകളുടെ നിലനില്പ്പിന് ഭീഷണിയാകുന്നുണ്ട്.
അപൂര്വ്വമായ ഈ സസ്യസമ്പത്ത് നശിച്ചുപോകാതെ സംരക്ഷിക്കേണ്ടത് പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്. വൈതല്മല സന്ദര്ശിക്കുന്ന പ്രകൃതിസ്നേഹികളും ഗവേഷകരും ഈ വന്യ ഓര്ക്കിഡുകളുടെ സൗന്ദര്യം ആസ്വദിക്കുന്നതോടൊപ്പം അവയുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാത്ത രീതിയില് സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ട്.
പ്രകാശന് നടുവില്
നടുവില്



Comments