
കോട്ടയം: രാത്രിയിലെ നഗരജീവിതം സുരക്ഷിതമല്ലാതാകുന്നു. സന്ധ്യമയങ്ങിയാല് നഗരത്തിന്റെ പല ഭാഗങ്ങളും സാമൂഹ്യ വിരുദ്ധ കൈയടക്കുന്നുവെന്ന പരാതി നിലനില്ക്കേ തട്ടുകട ജീവനക്കാരനു കുത്തേറ്റു.
കെ.എസ്.ആര്.ടി.സി. സ്റ്റാന്ഡിനു സമീപത്തെ തട്ടുകടയിലെ ജീവനക്കാരാണു കുത്തേറ്റത്. ഭക്ഷണം കഴിച്ചശേഷം പണം കൊടുക്കാതെ മടങ്ങിയതിനെ ചൊല്ലിയുണ്ടായ തര്ക്കത്തിനൊടുവിലാണ് ആക്രമണം. പരുക്കേറ്റ തട്ടുകട ജീവനക്കാരനെ മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. സമീപത്തെ തീയേറ്ററില് നിന്നു സെക്കന്റ് ഷോ കഴിഞ്ഞെത്തിയ സംഘമാണ് ആക്രമണത്തിനു പിന്നില്ലെന്നാണു സൂചന. വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള് നഗരത്തില് ആവര്ത്തിക്കുകയാണെന്നു പരാതിയുണ്ട്.
തിരുനക്കര മൈതാനം, സെന്ട്രല് ജങ്ഷന്, കെ.എസ്.ആര്.ടി.സി. എന്നിങ്ങനെ രാത്രിയില് തിരക്കുള്ള സ്ഥലങ്ങളിലെല്ലാം സാമൂഹ്യ വിരുദ്ധരുടെ ശല്യം വര്ധിക്കുകയാണ്. സ്ഥിരമായി എത്തി യാത്രക്കാര്ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നവര് മുതല് മദ്യലഹരിയില് എത്തുന്നവര് വരെ തമ്പടിക്കുന്നത് ഈ പ്രദേശങ്ങളിലാണ്. പ്രദേശങ്ങളിലെ ഹോട്ടലുകളിലും തട്ടുകടകളിലും ഭക്ഷണം കഴിക്കാന് എത്തുന്നവരും ഇവരുടെ ശല്യത്തിന് ഇരയാകുകയാണ്. ശല്യം വര്ധിച്ചതോടെ ഇവിടേയ്ക്ക് കുടുംബസമേതമായി എത്തിയിരുന്നുവര് വരാതായതോടെ വ്യാപാരത്തെയും ബാധിച്ചിരിക്കുകയാണ്.
ചില തട്ടുകട ഉടമകള് ഇത്തരം സാമൂഹ്യ വിരുദ്ധരെ പ്രോത്സാഹിപ്പിക്കുന്നതായും പരാതിയുണ്ട്. അക്രമികള്ക്കു രാത്രിയില് സംരക്ഷണമൊരുക്കുന്നത് ഇവരില് ചിലരാണത്രേ. പോലീസ് സംശയിച്ചെത്തിയാല് തൊഴിലാളിയെന്ന വ്യാജേന ഇവര് കടകളില് കൂടും. ഭക്ഷണം കഴിക്കാനെത്തുന്നവരുമായി വാക്കു തര്ക്കത്തില് ഏര്പ്പെടുന്നതും ഇവരുടെ പതിവാണ്.ഇത്തരം പ്രശ്നങ്ങള് സജീവമായതോടെ നഗരത്തിലെ തട്ടുകടകളുടെ പ്രവര്ത്തന സമയത്തില് നഗരസഭ നിയന്ത്രണം ഏര്പ്പെടുത്തിയിരുന്നു. തട്ടുകളുടെ പ്രവര്ത്തനം ഏഴു മുതല് 12 വരെയയാണ് നിജപ്പെടുത്തിയത്. എന്നാല്, നിയന്ത്രണം തുറക്കുന്ന സമയത്തു മാത്രമായി ചുരുങ്ങിയെന്നും രാത്രി വൈകിയും പല തട്ടുകടളും പ്രവര്ത്തിക്കുന്നതായും പരാതി ഉയര്ന്നിട്ടുണ്ട്.




Comments