
ബത്തേരി: ബത്തേരി താലൂക്ക് ആശുപത്രിയില് മതിയായ ഡോക്ടര്മാരുടെയും പരിശോധനാ സംവിധാനങ്ങളുടെയും അഭാവം രോഗികളെ ദുരിതത്തിലാക്കുന്നതായി പരാതി. ജില്ലക്ക് പുറമേ തമിഴ്നാട്, കര്ണാടക അതിര്ത്തി പ്രദേശങ്ങളില് നിന്നുള്ളവരടക്കം നൂറുകണക്കിന് രോഗികള് ദിവസേന ചികിത്സയ്ക്ക് ആശ്രയിക്കുന്നതാണ് ഈ ആതുരാലയം. രാവിലെ പരിശോധനയ്ക്കായി നല്കുന്ന സാമ്പിളുകളുടെ ഫലം ലഭിക്കാന് വൈകുന്നേരം വരെ കാത്തിരിക്കേണ്ടിവരുന്നതും ഡോക്ടര്മാരുടെ സേവനം ആവശ്യത്തിന് ലഭിക്കാത്തതും രോഗികളെയും കൂട്ടിരിപ്പുകാരെയും ഒരുപോലെ വലയ്ക്കുകയാണ്. നൂറുകണക്കിന് രോഗികള് ചികിത്സയ്ക്കായി ആശ്രയിക്കുന്ന ആശുപത്രിയില് ആവശ്യമായ സൗകര്യങ്ങള് ഒരുക്കി സേവനം കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് നിലവിലെ പ്രതിസന്ധി.
ആശുപത്രിയില് പത്തു ഡോക്ടര്മാരുണ്ടെന്നാണ് പറയുന്നതെങ്കിലും പല ദിവസങ്ങളിലും ആവശ്യത്തിന് ഡോക്ടര്മാരുടെ സേവനം ലഭിക്കുന്നില്ലെന്നാണ് രോഗികളുടെ പരാതി. ഡോക്ടറെ കാണുന്നതിനും പരിശോധനകള് പൂര്ത്തിയാക്കുന്നതിനുമായി ദീര്ഘനേരം കാത്തിരിക്കേണ്ട സാഹചര്യമുണ്ടാകുന്നതായും പറയുന്നു. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടര്മാരെയും മറ്റ് ആരോഗ്യപ്രവര്ത്തകരെയും ഉറപ്പാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ഹൃദ്രോഗം, ഗൈനക്കോളജി, ശിശുരോഗം തുടങ്ങിയ പ്രധാന ചികിത്സാ മേഖലകളില് വിദഗ്ധ സേവനം ലഭ്യമല്ലാത്ത സാഹചര്യങ്ങളില് രോഗികള് സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. അടിയന്തര ചികിത്സ ആവശ്യമായവര്ക്ക് സമയബന്ധിതമായി സേവനം ലഭ്യമാക്കാന് ആവശ്യമായ ക്രമീകരണങ്ങള് ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്.
ആശുപത്രിയുടെ വികസനത്തിനായി നിര്മിച്ച ആറുനില മാതൃശിശു ആശുപത്രി കെട്ടിടവും കോടിക്കണക്കിന് രൂപ ചെലവഴിച്ച് എത്തിച്ച ഉപകരണങ്ങളും പൂര്ണതോതില് പ്രവര്ത്തനസജ്ജമാകാത്തത് ആശങ്കയുയര്ത്തുന്നു. ആധുനിക ചികിത്സാസൗകര്യങ്ങള് ഒരുക്കുന്നതിനായി നിര്മിച്ച കെട്ടിടവും ലഭ്യമായ ഉപകരണങ്ങളും ഫലപ്രദമായി പ്രയോജനപ്പെടുത്തിയാല് നിലവിലെ പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പൊതുവായ വിലയിരുത്തല്.
ബത്തേരി താലൂക്ക് ആശുപത്രിയെ കൂടുതല് സൗകര്യങ്ങളുള്ള ജില്ലാ ആശുപത്രിയായി ഉയര്ത്തണമെന്ന ആവശ്യം ഏറെക്കാലമായി നിലനില്ക്കുന്നുണ്ട്. ഭരണസംവിധാനങ്ങള് മാറിയിട്ടും ആശുപത്രിയുടെ അടിസ്ഥാന പ്രശ്നങ്ങള്ക്ക് ശാശ്വത പരിഹാരമുണ്ടാകാത്തതില് നാട്ടുകാര്ക്കിടയില് പ്രതിഷേധമുണ്ട്.
പുതിയ സര്ക്കാര് അധികാരത്തിലെത്തിയതിനു പിന്നാലെയും ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് ഫലപ്രദമായ ഇടപെടലുകള് ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ഉയരുന്നു. ബ്ലോക്ക് പഞ്ചായത്ത് ഉള്പ്പെടെയുള്ള തദ്ദേശസ്ഥാപനങ്ങളും ബന്ധപ്പെട്ട ആരോഗ്യവകുപ്പ് അധികൃതരും വിഷയത്തില് അടിയന്തരമായി ഇടപെടണമെന്നാണ് രോഗികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.



Comments