
തിരുവനന്തപുരം: ബേക്കറി വഴി വീര്യം കൂടിയ ഹോർട്ടിവൈൻ വിൽപ്പനയുമായി ബന്ധപ്പെട്ട് കൈകൊണ്ട തീരുമാനം റദ്ദാക്കാൻ സർക്കാർ. എക്സൈസ് മന്ത്രി എം ലിജുവിന്റെ അനുമതിയോടുകൂടിയല്ലാത്ത തീരുമാനത്തിൽ അന്വേഷണവും ആരംഭിക്കും. ഉദ്യോഗസ്ഥ തലത്തിൽ എങ്ങനെ തീരുമാനം ഉണ്ടായെന്നതിൽ അന്വേഷണം ഉണ്ടാകും.
മുൻ സർക്കാരിന്റെ കാലത്താണ് ഹോർട്ടിവൈൻ വിൽപനയ്ക്ക് പ്രാഥമിക അനുമതി നൽകിയിരുന്നത്. നിലവിൽ സംസ്ഥാനത്തെ നാല് സ്ഥാപനങ്ങൾക്കാണ് ഈ വൈൻ നിർമ്മിക്കാനുള്ള ലൈസൻസുള്ളത്. എന്നാൽ സാധാരണക്കാരുടെയും കുട്ടികളുടെയും ആശ്രയകേന്ദ്രങ്ങളായ ബേക്കറികൾ വഴി വീര്യം കൂടിയ വൈൻ വിൽക്കാൻ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ അനുമതി നൽകിയത് മന്ത്രിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
അതിനിടെ, ഉദ്യോഗസ്ഥ തലത്തിലുള്ള അനുമതിയുടെ മറവിൽ വിൽപന ഇതിനോടകം ആരംഭിച്ചതായി വ്യക്തമാക്കുന്ന തെളിവുകളും പുറത്തുവന്നു. ചാലക്കുടി ബെവ്കോ ഔട്ട്ലെറ്റിൽ നിന്നും എംആർസി ബേക്കറി ഉടമ 42,000 രൂപയുടെ വീര്യം കൂടിയ ഹോർട്ടിവൈൻ വാങ്ങിയതിന്റെ ബില്ല് ലഭിച്ചു. വിഷയം വലിയ വിവാദമായതോടെ വരും ദിവസങ്ങളിൽ എക്സൈസ് വകുപ്പിൽ കടുത്ത നടപടികൾക്ക് സാധ്യതയുണ്ട്.







Comments