സംസ്ഥാന ചലച്ചിത്ര പുരസ്കാരം: മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള അവാര്‍ഡ് വിവാദത്തില്‍
സംസ്ഥാന ചലച്ചിത്ര പുരസ്കാരം: മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള അവാര്‍ഡ് വിവാദത്തില്‍
Authored by Web Desk | Last updated: 11 Mar 2017, 2:37 PM | 2 min read
സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണ്ണയം വിവാദത്തില്‍. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം സിനിമ മുതല്‍ സിനിമ വരെ എന്ന പുസ്തത്തിന് നല്‍കിയത് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്ന് ആരോപണം. ഡോ. അജു നാരായണന്. ഷെറി ജേക്കബ് എന്നിവര്‍ ചേര്‍ന്ന് രചിച്ച് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസീദ്ധികരിച്ച സിനിമ മുതല്‍ സിനിമ വരെ എന്ന പുസ്തകത്തില്‍ ഇതേ ഗ്രന്ഥകാരന്മാരുടെ തന്നെ പലവക സംസ്കാര പഠനങ്ങള്‍ എന്ന പുസ്തകത്തിലെ അഞ്ച് ലേഖനങ്ങള്‍ ഉള്‍പ്പെടുന്നു.
സിനിമയിലെ നിറങ്ങളുടെ സൗ്ന്ദര്യ രാഷ്ട്രീയങ്ങള്‍, നഗരവൃക്ഷത്തിലെ കുയില്‍: പരസ്യജിംഗിളിലെ വംശീയ സംഗീതങ്ങള്‍, കണ്ണകിയുടെ ചിലമ്പൊലികള്‍ ഒരു പുരാവൃത്തത്തിന്റെ സ്ഥലകാലസഞ്ചാരങ്ങള്‍, സിനിമയിലെ അടുക്കളയും തീന്മേശയുംചില ഭക്ഷണദൃശ്യവിചാരങ്ങള്‍, വെള്ളിത്തിരയിലെ കള്ള്, ബോളിവൂഡ്, മോളീവുഡ് കാഴ്ചകളും വിചാരങ്ങളും എന്നീ ലേഖനങ്ങളാണ് രണ്ടാമത്തെ പുസ്തകത്തിലും ആവര്‍ത്തിച്ചിരിക്കുന്നത്. ഇതില്‍ നിറങ്ങളുടെ സൗന്ദര്യ രാഷ്ട്രീയം 2012ല്‍ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു. ഒരു തവണ പുരസ്കാരം നേടിയ ലേഖനം ഉള്‍പ്പെടെ അഞ്ച് ലേഖനങ്ങള്‍ അതേപടി ആവര്‍ത്തിച്ചിരിക്കുന്ന പുസ്തകത്തിന് വീണ്ടും പുരസ്കാരം നല്‍കിയത് ചലച്ചിത്ര അക്കാദമിയുടെ നിയമാവലിക്ക് വിരുദ്ധമാണെന്നാണ് ഉയരുന്ന ആരോപണം.
രണ്ട് പുസ്തകങ്ങളുടെയും ആമുഖം
ഇത് നൈതികപ്രശ്നം മാത്രമല്ല കുറ്റകരമായ നടപടി കൂടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരു വര്‍ഷം വിഭാഗത്തില്‍ അവാര്‍ഡ് നേടിയ രചനയോ കൃതിയോ മറ്റൊരു വര്‍ഷം മറ്റൊരു വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക എന്നത് ഒരുതരത്തിലും ന്യായീകരിക്കാനാകില്ല. അക്കാദമിയെയും ജൂറിയെയും അക്കാദമിക സമൂഹത്തെ തന്നെയും വഞ്ചിക്കുന്ന നടപടിയാണിതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. അക്കാദമിക്കോ ജൂറിക്കോ അവാര്‍ഡിന് അപേക്ഷിക്കുന്ന എല്ലാ കൃതികളുടെയും മൗലികത പരിശോധിക്കുക എന്നത് പ്രായോഗികമല്ല. അക്കാദമിയുടെ വ്യവസ്ഥകളെല്ലാം പാലിക്കുന്നുവെന്ന് അപേക്ഷകര്‍ നല്കുന്ന സത്യവാങ്മൂലം വിശ്വാസത്തിലെടുക്കുക എന്നത് മാത്രമണ് അക്കാദമിക്കും ജൂറിക്കും സാധിക്കൂ. ഈ സാഹചര്യത്തില്‍ അവാര്‍ഡ് ജേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായത് വിശ്വാസവഞ്ചനയാണെന്നും ആരോപണമുയരുന്നു.
അതേസമയം വിവാദം അനാവശ്യമാണെന്നാണ് ഗ്രന്ഥകര്‍ത്താക്കളുടെ വാദം. പലവക : സംസ്കാര പഠനങ്ങള്‍ എന്ന പുസ്തകത്തിലെ അഞ്ച് ലേഖനങ്ങള്‍ സിനിമ മുതല്‍ സിനിമ വരെ എന്ന പുസ്തകത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഗ്രന്ഥകര്‍ത്താക്കള്‍ സമ്മതിച്ചു. അത് ഒളിച്ചു വയ്ക്കേണ്ട കാര്യമല്ല. രണ്ട് പുസ്തകങ്ങളും വിപണിയില്‍ ലഭ്യമാണ്. പലവക : സംസ്കാര പഠനങ്ങള്‍ സിനിമാ ഗ്രന്ഥമല്ല.
ചലച്ചിത്ര അക്കാദമിയുടെ നിയമാവലി
സിനിമ ഗ്രന്ഥമായ സിനിമ മുതല്‍ സിനിമ വരെ രചിക്കുമ്പോള്‍ മുന്‍ രചനയിലെ സിനിമാ സംബന്ധിയായ ലേഖനങ്ങള്‍ പുതിയ പുസ്തകത്തില്‍ ചേര്‍ക്കുന്നത് സ്വാഭാവികമാണ്. പലവക : സംസ്കാര പഠനങ്ങള്‍ എന്ന പുസ്തകത്തിലെ ലേഖനങ്ങള്‍ ഉള്‍പ്പെടെ എല്ലാ ലേഖനങ്ങള്‍ക്കും ആമുഖങ്ങള്‍ എഴുതി ചേര്‍ത്ത് പരിഷ്കരിക്കുകയും പഠനങ്ങള്‍ക്കെല്ലാം പുതിയ ആഖ്യാനതീതി കൊണ്ടു വരികയും ചെയ്തിട്ടുണ്ടെന്നും ഗ്രന്ഥകര്‍ത്താക്കള്‍ അവകാശപ്പെട്ടു.