കോട്ടയം: സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് സിനിമ മുതല്‍ സിനിമ വരെ എന്ന പുസ്തകത്തിന് അവാര്‍ഡ് നല്‍കിയതിനെതിരെ പരാതി. തിരുവനന്തപുരം ഡി.സി.സി അംഗവും മുന്‍ കൗണ്‍സിലറുമായ ആക്കുളം സുരേഷാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കുമാണ് സുരേഷ് പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെയും സാംസ്കാരിക മന്ത്രിയുടെയും ഓഫീസ് പരാതി സ്വീകരിച്ചു.
പരാതി പരിശോധിക്കാമെന്ന് സാംസ്കാരിക മന്ത്രി ഉറപ്പ് നല്‍കിയതായി ആക്കുളം സുരേഷ് മംഗളം ഓണ്‍ലൈനോട് പ്രതികരിച്ചു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയത്. മാനദണ്ഡങ്ങള്‍ ലംഘിച്ച് നല്കിയ അവാര്‍ഡ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെയും സംസ്കാരിക മന്ത്രിയുടെയും ഓഫീസില്‍ നിന്ന് ഉചിതമായ നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുന്നതടക്കം മറ്റ് വഴികള്‍ തേടുമെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു.
ഡോ. അജു നാരായണന്. ഷെറി ജേക്കബ് എന്നിവര്‍ ചേര്‍ന്ന് രചിച്ച് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസീദ്ധികരിച്ച സിനിമ മുതല്‍ സിനിമ വരെ എന്ന പുസ്തകത്തിനാണ് ഇത്തവണ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം ലഭിച്ചത്. ഇതേ ഗ്രന്ഥകാരന്മാര് തന്നെ രചിച്ച പലവക സംസ്കാര പഠനങ്ങള്‍ എന്ന പുസ്കതത്തിലെ അഞ്ച് ലേഖനങ്ങള്‍ സിനിമ മുതല്‍ സിനിമ വരെ എന്ന പുസ്തകത്തിലും ഉള്‍പ്പെടുന്നുണ്ട്. ഇതില്‍ ഇതില്‍ നിറങ്ങളുടെ സൗന്ദര്യ രാഷ്ര്ടീയം 2012ല്‍ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു.
ഒരു തവണ പുരസ്കാരം നേടിയ ലേഖനം ഉള്‍പ്പെടെ അഞ്ച് ലേഖനങ്ങള്‍ അതേപടി ആവര്‍ത്തിച്ചിരിക്കുന്ന പുസ്തകത്തിന് വീണ്ടും പുരസ്കാരം നല്‍കിയത് ചലച്ചിത്ര അക്കാദമിയുടെ നിയമാവലിക്ക് വിരുദ്ധമാണെന്നാണ് പരാതി.






