
മഡ്ഗാവ്: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ മുന്‍ ചാമ്പ്യന്മാരായ മിസോറാമിനെ തകര്‍ത്ത് കേരളം സെമിയില്‍ പ്രവേശിച്ചു. ചാമ്പ്യന്മാരായ മിസോറാമിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് കേരളം സെമിയില്‍ പ്രവേശിച്ചത്.
ഏഴാം മിനിട്ടില്‍ ഹെഡ്ഡറിലൂടെ മിസോറം വലയില്‍ പന്തെത്തിച്ച ജോബി ജസ്റ്റിനാണ് കേരളത്തിന്റെ അക്കൗണ്ട് തുറന്നത്. രണ്ട് മിനിട്ടിനകം സീസണ് സെല്വന് കേരളത്തിന്റെ രണ്ടാം ഗോളും നേടി. അസ്ഹറുദ്ദീന്റെ വകയായിരുന്നു അടുത്ത രണ്ടു ഗോളുകളും. 65-ാം മിനിട്ടിലും 84-ാം മിനിട്ടിലുമായിരുന്നു അസ്ഹറുദ്ദീന്റെ ഗോളുകള്‍. 86-ാം മിനിട്ടില്‍ ലാല്റമ്മവിയ ആണ് മിസോറമിന്റെ ആശ്വാസ ഗോള്‍ നേടിയത്.
26-ാം മിനിറ്റില്‍ മിസോറാമിന്റെ കളിക്കാരന് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതോടെ പത്ത് പേരുമായിട്ടാണ് മിസോറാം കളിക്കുന്നത്. ആദ്യ മത്സരത്തില്‍ റെയില്‍വേസിനെ 4-2ന് പരാജയപ്പെടുത്തിയ കേരളം പഞ്ചാബിനെതിരെ സമനില പിടിച്ചിരുന്നു.






