
അഹമ്മദാബാദ്: അധികൃതരുടെ പിഴവ് മൂലം കേരളത്തിലേക്കുള്ള ട്രെയിന്‍ നഷ്ടമായ മലയാളി കുടുംബത്തിന് പടിഞ്ഞാറന്‍ റെയില്‍വേ വന്‍ തുക നഷ്ടപരിഹാരം നല്കാന് ഉപഭോക്തൃ കോടതി വിധി. 2014 ല്‍ നടന്ന സംഭവത്തില്‍ ആനന്ദുകാരായ ഇ എസ് കൃഷ്ണന്‍കുട്ടി നായകര്‍ക്കും കുടുംബത്തിനുമാണ് വിമാനയാത്രാക്കൂലിയും ടാക്സിചാര്‍ജ്ജും ഉള്‍പ്പെടെയുള്ള തുക നല്കാന് വിധിച്ചിരിക്കുന്നത്. റെയില്‍വേ പോലീസ് അപമാനിച്ചതിന് നഷ്ടപരിഹാരം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ചെങ്ങന്നൂരില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ആനന്ദ് റെയില്‍വേ സ്റ്റേഷനില്‍ നിന്നുമായിരുന്നു നായരും കുടുംബവും ട്രെയിന്‍ കയറാനെത്തിയത്. എന്നാല്‍ റെയില്‍വേ അധികൃതരുടെ പിഴവ് കൊണ്ട് കുടുംബത്തിന് വിമാനം പിടിക്കേണ്ടി വന്നു. പിഴവിന് പശ്ചിമ റെയില്‍വേ വിമാനനിരക്കായ 32,628 രൂപയ്ക്ക് പുറമേ ആനന്ദില്‍ നിന്നും അഹമ്മദാബാദ് വിമാനത്താവളം വരെയുള്ള 1000 രുപ ടാക്സിചാര്‍ജ്ജും തെറ്റിദ്ധരിപ്പിച്ചതിനും അപമാനിച്ചതിനും 10,000 രൂപ നഷ്ടപരിഹാരവുമാണ് വിധിച്ചത്.
ചെങ്ങന്നൂരിലേക്ക് പോകാനായി 2014 മെയ് 29 ന് വേരാവല്‍ - ട്രിവാന്‍ഡ്രം എക്സ്പ്രസിലെ എസി ടൂ ടയ കോച്ചില്‍ നാലു ബര്‍ത്തുകളാണ് റിസര്‍വ് ചെയ്തിരുന്നത്. എന്നാല്‍ ഡിസ്പ്ളേ ബോര്‍ഡില്‍ തെറ്റായ വിവരം നല്കി. ട്രെയിന്റെ പിന്‍ഭാഗത്താണ് കോച്ചെന്നായിരുന്നു വിവരം. പക്ഷേ ട്രെയിന്‍ എത്തിയപ്പോള്‍ കോച്ച് മുന്നിലായിരുന്നു. മിനിറ്റുകള്‍ കൊണ്ട് 12 ലധികം കോച്ചുകള്‍ മറികടന്ന് നായര്‍ ട്രെയിനില്‍ കയറിയെങ്കിലും കൂട്ടത്തിലെ സ്ത്രീയ്ക്ക് കഴിഞ്ഞില്ല. ട്രെയിന്‍ വിടുകയും ചെയ്തതിനാല്‍ നായര്‍ അപായ ചങ്ങല വലിച്ചു വണ്ടി നിര്‍ത്തി. എന്നാല്‍ ഓടിയെത്തിയ റെയില്‍വേ സംരക്ഷണ പോലീസ് എന്തിനാണ് ചങ്ങല വലിച്ചതെന്ന വിശദീകരണം പോലും കേള്‍ക്കാതെ നായരെ പിടിച്ചു ലോക്കപ്പിലിട്ടു.
ട്രെയിന്‍ നഷ്ടമാകാതിരിക്കാനാണ് ചെയ്തതെന്ന നായരുടെ വിശദീകരണം കേള്‍ക്കാന്‍ പോലും പോലീസ് കൂട്ടാക്കിയില്ല. ഒടുവില്‍ ട്രെയിന്‍ നഷ്ടമായി എല്ലാം കഴിഞ്ഞ് ഇവര്‍ക്ക് വന്‍ തുക നഷ്ടപ്പെടുത്തി വിമാനത്തില്‍ കേരളത്തിലേക്ക് പോകേണ്ടി വന്നു. അപായ ചങ്ങല വലിക്കാനുണ്ടായ സാഹചര്യം റെയില്‍വേയുടെ പിഴവാണെന്ന് മനസ്സിലാക്കിയ കോടതി കേസില്‍ നായരെ വെറുതേ വിട്ടു. തൊട്ടു പിന്നാലെ ആനന്ദ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര സമിതിയെ സമീപിക്കുകയും റെയില്‍വേ തെറ്റായ വിവരം നല്‍കിയതിനെ തുടര്‍ന്ന് കൂറ്റന്‍ ബാഗുമെടുത്ത് പ്രായം കൂടിയ പൗരന് 12 കോച്ചുകള്‍ രണ്ടു മിനിറ്റ് കൊണ്ട് താണ്ടാന്‍ കഴിയില്ലെന്ന വാദം അംഗീകരിച്ചു. ഇതിനൊപ്പം റെയില്‍വേ പോലീസ് ഇദ്ദേഹത്തെ ട്രെയിനില്‍ നിന്നും വലിച്ചു പുറത്താക്കിയത് അപമാനത്തിന് കാരണമായതായും വിലയിരുത്തി.






