ഹൈദരാബാദ്: മാവോയിസ്റ്റ് നേതാവും വിപ്ലവ ഗായകനുമായ ഗദ്ദര്‍ ആത്മീയ പാതയിലേക്ക്. പീപ്പിള്‍സ് വാര് ഗ്രൂപ്പിന്റെ സാംസ്കാരിക വിഭാഗമായ ജന നാട്യ മണ്ഡലിന്റെ സ്ഥാപകന്‍ കൂടിയായ ഗദ്ദര്‍ വിപ്ലവ പ്രവര്‍ത്തനമെല്ലാം അവസാനിപ്പിച്ച് ആത്മീയതയിലേക്ക് തിരിയുന്നുവെന്നാണ് വാര്‍ത്ത. തെലങ്കാനയിലെ വിവിധ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയ അദ്ദേഹം വിവിധ ആത്മീയ പരിപാടികളിലും പങ്കെടുത്തു.
കഴിഞ്ഞ ആഴ്ച ഗദ്ദര്‍ യദാദ്രി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. തെലുങ്കാനയില്‍ മഴ ലഭിക്കണമെന്നും അനീതിക്കെതിരെ പേരാടാന്‍ ജനങ്ങള്‍ക്ക് ശക്തി നല്‍കണമെന്നുമാണ് താന്‍ പ്രാര്‍ത്ഥിച്ചതെന്ന് ഗദ്ദര്‍ പറഞ്ഞു. ഇതിന് മുമ്പ് സിദ്ദിപേട്ട് ജില്ലയിലെ കൊമുരവെല്ലി ക്ഷേത്രത്തില്‍ ഗദ്ദര്‍ കുടുംബസമേതം സന്ദര്‍ശനം നടത്തിയിരുന്നു. ക്ഷേത്രത്തിലെ വേദപാഠശാല സന്ദര്‍ശിക്കാനും അദ്ദേഹം സമയം കണ്ടെത്തി. വേദങ്ങളും ഇംീഷും പഠിക്കണമെന്ന് കുട്ടികളെ ഉപദേശിച്ച ശേഷമാണ് ഗദ്ദര്‍ മടങ്ങിയത്.
എഞ്ചിനീയറിംഗ് ബിരുദധാരിയായ ഗദ്ദര്‍ ബാങ്ക് ജീവനക്കാരനായിരുന്നു. പിന്നീടാണ് അദ്ദേഹം മാവോയിസത്തിലേക്ക് ആകൃഷ്ടനാകുന്നത്. ഗദ്ദറിന്റെ പാട്ടുകളില്‍ ആകൃഷ്ടരായി നിരവധി ചെറുപ്പക്കാര്‍ മാവോയിസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ സജീവമല്ലെങ്കിലും മാര്‍ക്സിസത്തിന്റെയും മാവോയിസത്തിന്റെയും അനുഭാവിയായ ഗദ്ദര്‍ ആത്മീയതയിലേക്ക് തിരിഞ്ഞുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് മാവോയിസ്റ്റ് അനുഭാവികള്‍ പറഞ്ഞു.






