കോട്ടയം: അധികാരസ്ഥാനത്തിരിക്കുന്ന മന്ത്രി തന്നെ സമീപിച്ച യുവതിയോടു നടത്തിയ അശ്ളീലസംഭാഷണത്തിന്റെ പേരില്‍ വാര്‍ത്ത പുറത്തുകൊണ്ടുവന്നവര്‍ വേട്ടയാടപ്പെടുന്ന സംഭവം സമാനതകളില്ലാത്തത്.
മന്ത്രിയുടെ പാതാളത്തോളം താഴ്ന്ന ധാര്‍മികബോധത്തെ തുറന്നുകാട്ടിയ മംഗളം ടെലിവിഷനുമേലുള്ള ആക്രമണവും സംസ്ഥാനത്തെ മാധ്യമചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. മറ്റു വാര്‍ത്താചാനലുകള്‍ സംഘടിതമായി നടത്തിയ ഏകപക്ഷീയമായ ആക്രമണങ്ങള്‍ക്കൊടുവില്‍ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു.
തന്നെ സമീപിച്ച യുവതിയോടു ശശീന്ദ്രന് പലതവണ നടത്തിയ അശ്ലീലസംഭാഷണങ്ങളുടെ ശബ്ദരേഖ സഹിതമാണ് സംപ്രേഷണം തുടങ്ങിയ മാര്‍ച്ച് 26ന് തന്നെ മംഗളം ടിവി കേരളരാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചത്. പുറത്തുവന്ന വഷളത്തരം നിഷേധിക്കാന്‍ പോലും തയാറാകാതെ ശശീന്ദ്രന് മണിക്കൂറുകള്‍ക്കുള്ളില്‍ രാജിവയ്ക്കുകയായിരുന്നു. പുറത്തുവിട്ട ആദ്യശബ്ദരേഖ മൂന്നു മിനിറ്റും രണ്ടാമത്തേതു നാലര മിനിറ്റുമായിരുന്നു. താന്‍ ഗോവയിലാണെന്നും തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയതാണെന്നും പറഞ്ഞ് തുടങ്ങിയ സംഭാഷണം ക്രമേണ അശ്ലീലത്തിലേക്കു വഴുതിവീണതോടെ രാഷ്ട്രീയകേരളം ഇളകിമറിഞ്ഞു.
സംഭവം നിഷേധിക്കാതെ മണിക്കൂറുകള്‍ക്കകം മന്ത്രി രാജിവച്ചു. ഇതോടെ വാര്‍ത്തയ്ക്കൊപ്പം നില്‍ക്കേണ്ട മറ്റുമാധ്യമങ്ങള്‍ മംഗളം ചാനലിനു നേര്‍ക്ക് തിരിയുകയായിരുന്നു. തുടര്‍ന്ന് മാധ്യമലോകത്ത് അതേവരെ കണ്ടിട്ടില്ലാത്ത വളഞ്ഞിട്ട ആക്രമണമാണ് മംഗളം ടെലിവിഷനുനേര്‍ക്കുണ്ടായത്. തുടക്കംകുറിച്ച ദിവസംതന്നെ മംഗളം ചാനലിനെ മുളയിലേ നുള്ളണമെന്ന വാശിയില്‍ മറ്റുചാനലുകള്‍ അശ്ളീല ഫോണ്‍വിളി നടത്തിയ ശശീന്ദ്രനെ അനുകൂലിച്ച് തെറ്റിനെ നിസാരവല്‍ക്കരിച്ച് കൂട്ടആക്രമണം നടത്തുകയായിരുന്നു. മാധ്യമമര്യാദ മറന്ന അവര്‍ സ്വന്തം പൂര്‍വകാലചെയ്തികള്‍ പോലും സൗകര്യപൂര്‍വം മറക്കുകയും മന്ത്രിയുടെ ചാപല്യത്തെ ഉഭയകക്ഷി സമ്മതമെന്നും സ്വകാര്യതയുടെ ലംഘനമെന്നും പറഞ്ഞു വെള്ളപൂശാന്‍ ശ്രമിക്കുന്ന അവസരവാദപത്രപ്രവര്‍ത്തനത്തിനും രാഷ്ട്രീയകേരളം സാക്ഷ്യംവഹിച്ചു.






