
തിരുവനന്തപുരം: വരള്‍ച്ചാ ബാധിതമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെ കേരളത്തെ കാത്തിരിക്കുന്നത് കൊടുംവരള്ച്ചയെന്നു സൂചന. ജൂണില്‍ ഇടവപ്പാതി തിമിര്‍ത്തു പെയ്യുമെന്നു പ്രതീക്ഷിക്കുമ്പോഴും വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ കനത്ത ആഘാതവുമായി എല്‍ നിനോ എത്തുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (ഐ.എം.ഡി) മുന്നറിയിപ്പ് ഇതിന്റെ സൂചനയാകും. ഇടവപ്പാതിയില്‍ ജല സംരക്ഷണത്തിന് കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തില്ലെങ്കില്‍ കടുത്ത ശുദ്ധജല ദൗര്‍ലഭ്യമാകും അഭിമുഖീകരിക്കേണ്ടിവരിക.
പകല്‍ താപനിലയ്ക്കൊപ്പം രാത്രി താപനില കൂടി ഉയര്‍ന്നതോടെ കേരളം വെന്തുരുകുകയാണ്. ചിലയിടങ്ങളില്‍ വേനല്‍മഴ ലഭിച്ചെങ്കിലും ചൂട് കുറഞ്ഞിട്ടില്ല. മേഘാവൃതമായ അന്തരീക്ഷമായതിനാല്‍ വരുംദിവസങ്ങള്‍ അത്യുഷ്ണത്തിന്റേതാകുമെന്നാണ് വിലയിരുത്തല്‍. പാലക്കാടും പുനലൂരും മറ്റും പകല്‍ താപനില 39-40 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തുന്നു. ഉഷ്ണക്കാറ്റിനും സാധ്യതയുണ്ട്. പകല്‍ മേഘങ്ങളില്ലാതെ തെളിഞ്ഞ ആകാശമായതിനാല്‍ കൊടുംവെയില്‍ ഭൂമിയില്‍ നേരിട്ടു പതിക്കുമെന്നതിനാല്‍ കൂടുതല്‍ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമുണ്ട്. ചൂട് വര്‍ധിച്ചതോടെ ഭൂഗര്‍ഭ ജലനിരപ്പ് അനുദിനം അപകടകരമാവിധം താഴുകയാണ്.
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷവും തുലാവര്‍ഷവും ചതിച്ചതിനും പിന്നാലെയാണ് വേനല്‍മഴ കനിയാതിരുന്നത്. സംസ്ഥാനത്തെ ജലലഭ്യതയുടെ 80 ശതമാനവും ജൂണ്‍ ആദ്യവാരം മുതല്‍ സെപ്റ്റംബര്‍ അവസാനം വരെ ലഭിക്കുന്ന ഇടവപ്പാതിയെ ആശ്രയിച്ചാണിരിക്കുന്നത്. കഴിഞ്ഞ ഇടവപ്പാതിയില്‍ 34 ശതമാനം മഴ മാത്രമാണു ലഭിച്ചത്. തുടര്‍ന്നുള്ള തുലാവര്‍ഷകാലത്ത് 62 ശതമാനം മഴ കുറഞ്ഞു. രണ്ടു മഴക്കാലത്തും ഇതേ രീതിയില്‍ എല്ലാ ജില്ലയിലും മഴക്കുറവ് രേഖപ്പെടുത്തുന്നത് പത്തു വര്‍ഷത്തിനു ശേഷം ആദ്യമായിരുന്നു.
എല്‍ നിനോ ബാധിക്കുന്ന വര്‍ഷങ്ങളിലെല്ലാം രാജ്യത്ത് മണ്‍സൂണ്‍ ദുര്‍ബലമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2002, 2004, 2009, 2015, വര്‍ഷങ്ങളില്‍ രാജ്യം വരള്‍ച്ചയുടെ പിടിയിലമര്‍ന്നത് എല്‍ നിനോ മൂലമാണ്. ഇതിലും ഭീകരമായ വരള്‍ച്ചയാണ് എല്‍ നിനോ മൂലം രാജ്യത്തെ ഇക്കൊല്ലം കാത്തിരിക്കുന്നത്. ജൂെലെ മുതല്‍ ഡിസംബര്‍ വരെ എല്‍ നിനോയുടെ ഫലമായി മഴ കുറയാനും വരള്‍ച്ച രൂക്ഷമാകാനും സാധ്യതയുണ്ടെന്ന് ഐ.എം.ഡി. മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു.
ജൂണില്‍ എത്തുന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പതിവിലും കൂടുതല്‍ മഴ തരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടും ശക്തമായ ഇടവപ്പാതിക്കു വഴിയൊരുക്കുമെന്നാണു പ്രതീക്ഷ. പകല്‍ സമയത്ത് താപനില ക്രമാതീതമായി ഉയര്‍ന്നതിനാല്‍ സൂര്യാഘാതത്തിനുള്ള സാധ്യത കൂടുതലാണ്.
ഇതൊഴിവാക്കാന്‍ ജോലി സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ മാസം 30 വരെ ഉച്ചയ്ക്കു 12 മുതല്‍ മൂന്നു വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴു മുതല്‍ െവെകിട്ട് ഏഴു വരെയുള്ള സമയത്തിനുളളില്‍ എട്ട് മണിക്കൂറായിരിക്കും. രാവിലെയും ഉച്ചയ്ക്ക് ശേഷവുമുള്ള ഷിഫ്റ്റുകളിലെ ജോലി സമയം യഥാക്രമം ഉച്ചയ്ക്ക് 12ന് അവസാനിക്കുകയും െവെകിട്ട് മൂന്നിന് ആരംഭിക്കുകയും ചെയ്യുമെന്ന് ലേബര്‍ കമ്മിഷണറുടെ ഉത്തരവില്‍ പറയുന്നു.






