
മുംബൈ: ബാങ്ക് വായ്പകള്‍ തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന വിവാദ മദ്യ വ്യവസായി വിജയ് മല്യയുടെ ഗോവയിലെ കിങ്ഫിഷര്‍ വില്ല ലേലത്തില്‍ വിറ്റു. സിനിമാ താരവും ബിസിനസുകാരനുമായ സച്ചിന് ജോഷിയാണ് 73 കോടി രൂപ മുടക്കി വില്ല സ്വന്തമാക്കിയത്.
ബാങ്കുകളുടെ കണ്‍സോര്‍ഷ്യം കിങ്ഫിഷര്‍ വില്ല പലതവണ ലേലത്തിനു വച്ചെങ്കിലും ആരും മുന്നോട്ടു വരാത്തതിനെ തുടര്‍ന്നു നടന്നില്ല. അടിസ്ഥാന വില 73 കോടി രൂപയായി പുതുക്കിയതോടെയാണ് സച്ചിന് ജോഷിയെത്തിയത്. ഗോവയിലെ കാന്ഡോലിമില് കടലിന് അഭിമുഖമായി നില്ക്കുന്ന ആഡംബര വില്ലയ്ക്ക് 85.29 കോടി രൂപയാണ് ആദ്യ ലേലത്തില്‍ അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്. ആരും എത്താത്തതിനാല്‍ 81 കോടി രൂപയായി കുറച്ച് വീണ്ടും ലേലത്തിന് വെച്ചിരുന്നു. ഈ വിലയ്ക്കും വില്ല വിറ്റില്ല. ഒടുവിലാണ് ലേലത്തുക കുറച്ച് 73 കോടി രൂപയാക്കി നിശ്ചയിച്ചത്. എസ്.ബി.ഐ. അടക്കം 17 ബാങ്കുകളില്‍നിന്നു വായ്പയെടുത്തു തിരിച്ചടയ്ക്കാതെയാണ് വിജയ് മല്യ ലണ്ടനിലേക്ക് മുങ്ങിയത്.
വായ്പായിനത്തില്‍ ലഭിക്കാനുള്ള 9000 കോടി രൂപയും പലിശയും തിരിച്ചു പിടിക്കാന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം മല്യയുടെ പേരിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടിരുന്നു. ഇവയുടെ ലേലമാണു നടക്കുന്നത്. 32 വയസുകാരനായ സച്ചിന് ജോഷി നടനും ജെ.എം.ജെ. ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ വൈസ് ചെയര്‍മാനുമാണ്.
ഫിറ്റ്നസ് സെന്റര്‍ അടക്കമുള്ള വിവിധ വ്യാപാര മേഖലകളില്‍ ജെ.എം.ജെ. ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സാന്നിധ്യമുണ്ട്. ആസാന്, മുംബൈ മിറര്‍, ജാക്ക്പോട്ട് തുടങ്ങിയ ചലച്ചിത്രങ്ങളില്‍ അഭിനയിച്ച സച്ചിന് വികിങ് മീഡിയ ആന്‍ഡ് എന്റര്‍ടെയ്മെന്റ് എന്ന നിര്‍മാണ കമ്പനിയുമുണ്ട്.






