
ലോകഫുട്ബോളിലെ സൂപ്പര്‍താരം ക്രിസ്ത്യനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടേക്കുമെന്ന് അഭ്യൂഹം. ഈ സമ്മറില്‍ താരത്തെ വില്ക്കാന് റയല്‍മാഡ്രിഡ് തയ്യാറെടുക്കുകയാണെന്നും താരത്തിന്റെ അടുത്ത കാലത്തെ ഫോമില്ലായ്മയില്‍ ക്ളബ്ബ് പ്രസിഡന്റ് ഫ്ളോറന്റീനോ പെരസും മാനേജര്‍ സിഡാനും നിരാശരാണെന്നും വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത് ഡോണ്‍ ബാലന് സ്പാനിഷ് പത്രമാണ്.
പോര്‍ച്ചുഗലിന്റെ 31 കാരനായ താരത്തിന് പുറമേ സൂപ്പര്‍താരങ്ങളായ ബെയ്ലും ബെന്‍സേമയും ഇറങ്ങിയിട്ടും കഴിഞ്ഞ മത്സരത്തില്‍ അത്ലറ്റികോ മാഡ്രിഡിനോട് സാന്റിയാഗോ ബെര്‍ണേബുവില്‍ 1-1 സമനില വഴങ്ങേണ്ടി വന്നിരുന്നു. ക്ളബ്ബ് സ്പാനിഷ്ലീഗ് നേട്ടത്തിലേക്ക് അടുക്കുമ്പോള്‍ പ്രകടനം മെച്ചപ്പെടുന്നില്ലെങ്കില്‍ താരത്തിന് ക്ളബ്ബ് വിട്ടു പോകേണ്ടി വരുമെന്നാണ് കേള്‍ക്കുന്നത്.
2016 നവംബറില്‍ പക്ഷേ ക്രിസ്ത്യാനോയുമായി റയല്‍ അഞ്ചു വര്‍ഷത്തേക്ക് കൂടി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. കഴിഞ്ഞ ഡിസംബറില്‍ നാലാം തവണയും ബാലന് ഡി ഓര് പുരസ്ക്കാരം നേടിയ ക്രിസ്ത്യാനോ ഈ സീസണിലെ 40 മത്സരങ്ങളില്‍ 35 ഗോളുകള്‍ അടിച്ചു കഴിഞ്ഞു. എന്നിരുന്നാലും ടീമില്‍ യുവാക്കള്‍ വര്‍ദ്ധിച്ചു വരുന്നത് താരത്തിന് ഭീഷണിയാകുന്നുണ്ട്. 31 കാരനായ താരത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ ബെയ്ലിന് 27 ും ബെന്‍സേമയ്ക്ക് 29 വയസ്സും മാത്രമാണ് പ്രായം.
അതിനിടയില്‍ മോശം ഫോമിലുള്ള ക്രിസ്ത്യാനോയെ ടീമില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ബെയ്ലും ടോണി ക്രൂസും ലൂക്കാ മോഡ്രിക്കുമെല്ലാം ടീം മാനേജ്മെന്റിനോട് ആവശ്യപ്പെടുകയും ഇക്കാര്യം ആവശ്യപ്പെട്ട് പരിശീലകന് സിഡാനെ കണ്ടതായും വാര്‍ത്തയുണ്ട്. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ടീമില്‍ സ്ഥാനം ഉറപ്പു വരുത്തുന്ന രീതി കൈക്കൊള്ളണമെന്ന് ഇവര്‍ ആവശ്യപ്പെട്ടതായും പത്രം പറയുന്നുണ്ട്. ക്രിസ്ത്യാനോയുമായി ബന്ധപ്പെട്ട വിഷയത്തില്‍ റയലില്‍ ആഭ്യന്തര കലാപാമാണെന്ന് വരെ പത്രം പറയുന്നുണ്ട്.
അതിനിടയില്‍ അത്ലറ്റിക്കോയ്ക്കെതിരേ നടന്ന മത്സരത്തില്‍ റഫറിയുടെ തീരുമാനത്തോട് അതൃപ്തി കാട്ടിയ താരത്തിന് ചിലപ്പോള്‍ ബാഴ്സിലോണയുമായി വരുന്ന എല്‍ ക്ളാസ്സികോ മത്സരം നഷ്ടമായേക്കുമെന്നും കേള്‍ക്കുന്നുണ്ട്. അര്‍ജന്റീനയുടെ മത്സരത്തിനിടയില്‍ മോശം പെരുമാറ്റം നടത്തിയതിന്റെ പേരില്‍ മെസ്സിക്ക് രാജ്യാന്തര മത്സരങ്ങളില്‍ കിട്ടിയതിന് സമാനമായ ഒരു തീരുമാനം ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് ഉണ്ടാകുമോ എന്നാണ് ആശങ്ക.
ആഴ്ചാവസാനം നടന്ന മാഡ്രിഡ് ഡര്‍ബിയില്‍ റയലിനെതിരേയുള്ള റഫറിയുടെ തീരുമാനത്തെ താരം എതിര്‍ത്തിരുന്നു. മെസിക്ക് കിട്ടിയത് പോലെ നാലു മത്സരങ്ങളില്‍ വിലക്ക് എങ്ങാനും വന്നാല്‍ ക്രിസ്ത്യാനോയ്ക്ക് സ്പാനിഷ് ലാലിഗയില്‍ ബാഴ്സിലോണയ്ക്കെതിരേയുള്ള മത്സരത്തില്‍ പുറത്തിരിക്കേണ്ടി വരും. ഇതുവരെ ക്രിസ്ത്യാനോ നാല് മഞ്ഞക്കാര്‍ഡ് കാണുകയും ചെയ്തിട്ടുണ്ട്. ഏപ്രില്‍ 23 നാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.






