
'സിറാജുന്നീസ...', നൂല്പൊട്ടിയ പട്ടംപോലെ പിടിവിട്ട് പാറുന്ന പിണറായിയുടെ പോലീസിന് നേര്‍വഴി ഉപദേശിക്കാനായി മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവ നിയമിതനാകുമ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് ഇത്. ഒപ്പം ''ഐ വാണ്ട് മുസ്ലീം ഡെഡ് ബോഡി'' എന്ന ആക്രോശ ആരോപണവും...
1991 ഡിസംബര്‍ 15 ലെ സയാഹ്നം. പാലക്കാടിന്റെ ചുമതലയുള്ള ഐജി രമണ്‍ ശ്രീവാസ്തവയുടെ ആ വിവാദ ഗര്‍ജ്ജനം അന്ന് കളക്ടറായിരുന്ന ശ്രീനിവാസന്റെ ചേംബറില്‍ അവലോകനയോഗത്തില്‍ സംബന്ധിച്ചവരുടെ കാതുകളിലേയ്ക്ക് തുളഞ്ഞു കയറി. വയര്‍ലെസിലൂടെ എത്തിയ ആ വിവാദ അലര്‍ച്ചയ്ക്ക് പിന്നാലെ പാലക്കാട് നഗരത്തിലെ പുതുപ്പള്ളി തെരുവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 'സിറാജുന്നീസ' എന്ന പതിനൊന്നുകാരി മുസ്ലീം പെണ്‍കുട്ടി സിറാജുന്നിസയുടെ മൂക്കിനു താഴെക്കൂടി കയറിയ ആ വെടിയുണ്ട അവളുടെ തല തുളച്ച് പുറത്തെത്തി. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തുനിഞ്ഞവരെയൊക്കെ പോലീസ് തല്ലിയോടിച്ചു. ആ പെണ്‍കുട്ടി സ്വന്തം വീട്ടു മുറ്റത്ത് പിടഞ്ഞു മരിച്ചു.
ബി.ജെ.പി നേതാവ് മുരളീ മനോഹര്‍ ജോഷിയുടെ രഥയാത്രയെ തുടര്‍ന്നുള്ള സംഘര്‍ഷമാണ് വെടിവെപ്പിന് കാരണം എന്നായിരുന്നു വിശദീകരണം. സിറാജുന്നീസയുടെ നേതൃത്വത്തില്‍ കലാപത്തിന് പുറപ്പെട്ടവരെ ഒരുക്കാനായിരുന്നു വെടിവെപ്പെന്നും പോലീസ് തട്ടിവിട്ടു. എന്നാല്‍, സിറാജുന്നീസ എന്ന നിഷ്കളങ്കയായ ബാലിക നിയപപാലകരുടെ വെടിയേറ്റ് സ്വന്തം വീട്ടുമുറ്റത്ത് പിടഞ്ഞ് മരിക്കുമ്പോള്‍ ആ രഥയാത്ര പുതുപ്പള്ളി തെരുവില്‍ എത്തിയിരുന്നില്ല.
വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടിരിക്കുന്നു... സിറാജുന്നീസ ഓടിക്കളിച്ചിരുന്ന ആ വീടോ വീട്ടു മുറ്റമോ ഇന്നില്ല. മകളുടെ മരണത്തിന് സാക്ഷിയാകേണ്ടി വന്ന ആ ഉമ്മയും ഇന്നില്ല. ശ്രീവാസ്തവയുടെ പേര് വീണ്ടും തലപ്പത്തേക്ക് ഉയര്‍ന്നു കേള്‍ക്കുമ്പോള്‍ ഉപ്പ മുസ്തഫയും സഹോദരങ്ങളും ഇതിനെല്ലാം സാക്ഷ്യം വഹിക്കാനുണ്ട്... ശ്രീവാസ്തവയ്ക്കു നേരെ അഴിമതി ആരോപണങ്ങള്‍ ഒന്നുമില്ല. പക്ഷേ, സിറാജുന്നീസയുടെ ആത്മാവ് ഇന്നും പാലക്കാട്ടെ പുതുപ്പള്ളി തെരുവില്‍ നിന്ന് കേരളമാകെ ഉത്തരമില്ലാതെ പറന്നുനടക്കുന്നുണ്ട്...
അന്ന് പ്രതിപക്ഷം വാണിരുന്ന ഇടതുമുന്നണി രമണ്‍ ശ്രീവാസ്തവയ്ക്കെതിരെ ആഞ്ഞടിച്ചു. അന്ന് ആഭ്യന്തരം ഭരിച്ചിരുന്ന കെ.കരുണാകരനെയും പോലീസിനെയും മൂര്‍ച്ചയേറിയ വാക്കുകള്‍ കൊണ്ടാണ് സിപിഎം കടന്നാക്രമിച്ചത്. കരുണാകരന്റെ മാനസപുത്രന് എന്ന വിളിപ്പേരുള്ള ആ രമണ്‍ ശ്രീവാസ്തവയാണ് ഇപ്പോള്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയന്റെ പോലീസിന് ഉപദേശകനായി എത്തുന്നത്.
ചാരക്കഥയില്‍ കെ.കരുണാകരന് താങ്ങായി നിന്ന രമണ്‍ ശ്രീവാസ്തവ സംസ്ഥാന പോലീസിലെ നിര്‍ണ്ണായക പദവികള്‍ വഹിച്ചിരുന്ന കാലം. അദ്ദേഹത്തിന്റെ ചെയ്തികള്‍ക്കെതിരെ ഉറഞ്ഞു തുള്ളിയിരുന്നത് അന്ന് കേരളത്തിലെ സിപിഎമ്മിന്റെ ശക്തനായ നേതാവും ഇന്ന് കേരളം ഭരിക്കുന്നതുമായ പിണറായി വിജയനും. ആ പിണറായിയുടെ പോലീസിനെ ഉപദേശിച്ച് നേര്‍വഴി നടത്താന്‍ ഇന്ന് മാന്ത്രിക വടിയുമായി രംഗത്തെത്തിയിരിക്കുന്നത് അന്നത്തെ ശത്രു സാക്ഷാല്‍ രമണ്‍ ശ്രീവാത്സവ. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കാര്യങ്ങള്‍ തലകീഴായി മറിയുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കെ കരുണാകരന്റെ വിശ്വസ്തനും ഹിന്ദുത്വ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും ചെയ്ത രമണ്‍ ശ്രീവാസ്തവ പിണറായി വിജയന്റെ കാവല്‍ പൊലീസിനെ എങ്ങിനെ നയിക്കും എന്നത് കാത്തിരുന്ന് കാണാം...
ആരാണ് രമണ്‍ ശ്രീവാസ്തവ...?
സ്വദേശം, ഉത്തര്‍പ്രദേശിലെ അല്ലഹാബാദ്. 1973 ബാച്ചിലെ കേരള കേഡര്‍ ഓഫീസറായി ഐപിഎസിലെത്തി. തൃശൂര്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണറായി തുടക്കം. പിന്നീട് തൃശൂര്‍, കൊല്ലം ജില്ലകളില്‍ പൊലീസ് മേധാവി, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍, പൊലീസ് ആസ്ഥാനത്ത് അഡീഷണല്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഡിഐജിയായി കോഴിക്കോട്ടേക്കു പോയി. തിരിച്ചു തലസ്ഥാനത്തേക്കു വന്നത് ദക്ഷിണമേഖലാ ഐജിയായി.
തിരുവനന്തപുരത്ത് ഐജിയായി പ്രവര്‍ത്തിക്കുന്ന കാലത്താണ് ഐഎസ്ആര്‍ഒ ചാരക്കേസില്‍ ശ്രീവാസ്തവ സസ്പെന്‍ഷനിലായത്. കരുണാകരന് മുഖ്യമന്ത്രിക്കസേരയും നഷ്ടമായി. സസ്പെന്ഷന് കഴിഞ്ഞു പരിവര്‍ത്തിത ക്രൈസ്തവ കോര്പറേഷന് എംഡിയായി തിരികെയെത്തി. കേരഫെഡിലും കുറച്ചുകാലം എംഡിയായിരുന്നു. പിന്നീട് നേരെ കേന്ദ്ര സര്‍വീസിലേക്കു പറന്നു.
2005 ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് പി കെ ഹോര്‍മിസ് തരകന് റോ ഡയറക്ടറായി പോയപ്പോഴാണ് സംസ്ഥാനപൊലീസ് മേധാവിയായി ശ്രീവാസ്തവ എത്തുന്നത്. അതിനു ശേഷം കേബിഎസ്എഫിലേക്കും പോയി. ബിഎസ്എഫിന്റെ തലവനായിരുന്നു. അതിനുശേഷം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ സ്പെഷല്‍ സെക്രട്ടറിയായി.