
നൈസ്: ബ്രസീലിനോടു കടപ്പെട്ടതും പ്രതിരോധക്കാരന് ജോസ് ഗിമെനെസിന്റെ സെല്‍ഫ് ഗോളും ഉള്‍പ്പെടെ മൂന്ന് ഗോളിന് ഉറുഗ്വേയെ മറിച്ച് യുറോപ്യന്‍ വമ്പന്മാരായ ഇറ്റലി ലോകകപ്പിലേക്കുള്ള ആത്മവിശ്വാസം കൂട്ടി. ബുധനാഴ്ച ഫ്രാന്‍സിലെ നീസില്‍ നടന്ന മത്സരത്തില്‍ ബ്രസീലിയന്‍ വംശജന് ഏദറിന് പുറമേ ഡാനിയേല്‍ ഡിറോസിയുടെ പെനാല്‍റ്റിയുമാണ് മുന്‍ ലോക ചാമ്പ്യന്മാരെ തോല്‍ക്കാതെ രക്ഷിച്ചത്. അവസാന പത്തു മിനിറ്റിലായിരുന്നു രണ്ടു ഗോളുകളും വന്നത്.
കളിയുടെ ഏഴാം മിനിറ്റില്‍ തന്നെ ഇറ്റലി മുന്നിലെത്തി. ലോറന്‍സോ നീട്ടി നല്കിയ പന്ത് ആന്‍ഡ്രിയ ബെലോറ്റി നെഞ്ചില്‍ എടുത്ത് താഴേയ്ക്ക് കൊണ്ടുവരുമ്പോള്‍ ഗിംനെസ് ഇടപെട്ടു. എന്നാല്‍ കാലില്‍ തട്ടി ഉരുണ്ട പന്ത് ഗോളി ഫെര്‍ണാണ്ടോ മുസ്ളേരയെ തോല്‍പ്പിച്ച് വലയിലേക്ക് കയറി. 88ാം മിനിറ്റിലായിരുന്നു എഡറിന്റെ ഗോള്‍ വന്നത്. മനോലോ ഗബിയാഡിനിയുടെ ഷോട്ടില്‍ തല വെയ്ക്കുകയായിരുന്നു. തൊട്ടു പിന്നാലെ ഗിംനെസ് തന്നെ വീണ്ടും അവസരം ഒരുക്കി. എല്സഹാരാവിയെ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റി ഡിറോസി വലയില്‍ എത്തിച്ചു.
ഈ ജയത്തോടെ തോല്‍ക്കാതെ ഇറ്റലി ഒമ്പതു മത്സരം പൂര്‍ത്തിയാക്കിയപ്പോള്‍ ലാറ്റിനമേരിക്കന്‍ യോഗ്യതാറൗണ്ടില്‍ തട്ടിത്തടയുന്ന ഉറുഗ്വേ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണ് കണ്ടത്. ഇറ്റാലിയന്‍ പ്രതിരോധക്കാരന് ചില്ലെനിയെ സൂപ്പര്‍താരം ലൂയിസ് സുവാരസ് കടിച്ചതിലൂടെ വിവാദമായ 2014 ലോകകപ്പിലെ മത്സരശേഷം ഇരു ടീമുകളും ഏറ്റുമുട്ടുന്നത് ഇതാദ്യമായിരുന്നു. ബുധനാഴ്ച നടന്ന മത്സരത്തില്‍ സുവാരസ് വിട്ടു നിന്നപ്പോള്‍ ചില്ലെനി പകരക്കാരനായി കളത്തില്‍ എത്തി.
മറ്റൊരു ലോകചാമ്പ്യന്മാരും ലാറ്റിനമേരിക്കന്‍ കരുത്തും ഏറ്റുമുട്ടിയ മത്സരത്തില്‍ സ്പെയിനും കൊളംബിയയും സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടുകയായിരുന്നു. മൂഴ്സിയയില് നടന്ന മത്സരത്തില്‍ തോല്‍വി മുഖാമുഖം കണ്ടു നില്‍ക്കേ പകരക്കാനായി എത്തിയ അല്‍വാരോ മൊറാറ്റോയായിരുന്നു രക്ഷിച്ചത്. എഡ്വിന് കാര്‍ഡോണ മുന്നിലെത്തിച്ച കൊളംബിയയെ ഡേവിഡ് സില്‍വയിലൂടെ സ്പെയിന് പിടിച്ചുകെട്ടുകയും രണ്ടുവര്‍ഷത്തിന് ശേഷം ആദ്യമായി രാജ്യാന്തര ഗോള്‍ നേടിയ ഫാല്‍ക്കാവോയിലൂടെ വീണ്ടും കൊളംബിയ മുന്നിലെത്തി എങ്കിലും മൊറാറ്റോ സമനില കുറിച്ചു. ഇതോടെ പുതിയ പരിശീലകന് ജൂലിയന്‍ ലെപ്പോട്ടെഗ്വിയുടെ കീഴില്‍ തോറ്റിട്ടില്ലെന്ന റെക്കോഡ് സ്പെയിന് നിലനിര്‍ത്തി.




