
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലേക്ക്. ദിലീപിന്റെ മാനേജരും ഡ്രൈവറുമായ സുനില്‍രാജിനെ (അപ്പുണ്ണി) അറസ്റ്റ് ചെയ്ുന്നയതോടെ ചിത്രം പൂര്‍ണമാകുമെന്ന വിലയിരുത്തലിലാണു പോലീസ്.
അപ്പുണ്ണി പോലീസ് വലയത്തിലുണ്ടെന്ന് അഭ്യൂഹങ്ങളുമുണ്ട്. അപ്പുണ്ണിയുടെ മൊഴി, മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെടുക്കല്‍ എന്നിവയാണു പോലീസിനു മുന്നില്‍ ശേഷിക്കുന്ന കീറാമുട്ടികള്‍.
ദിലീപിനെ മറ്റു പ്രതികളുമായി ബന്ധിപ്പിക്കുന്ന കണ്ണിയെന്ന നിലയിലാണ് അപ്പുണ്ണിയുടെ പങ്ക് കേസില്‍ നിര്‍ണായകമാകുന്നത്. അപ്പുണ്ണിയുടെ നാലു കേറ്ററിങ് വാഹനങ്ങളില്‍ ഒന്നിന്റെ ഡ്രൈവറായിരുന്നു മുഖ്യപ്രതി പള്‍സര്‍ സുനിയെന്നു കണ്ടെത്തിയിട്ടുണ്ട്. അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. തന്നെ മാപ്പുസാക്ഷിയാക്കാന്‍ കള്ളക്കളി നടക്കുന്നുണ്ടെന്നും തനിക്കീ വിഷയത്തില്‍ പങ്കില്ലെന്നുമാണ് അപ്പുണ്ണിയുടെ വാദം. ഇയാള്‍ മറഞ്ഞിരിക്കുന്ന കാലത്തോളം ദിലീപിന് ജയിലില്‍ കിടക്കേണ്ടിവന്നേക്കാം.
കാവ്യാ മാധവന്റെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ എത്തിച്ചെന്നു പള്‍സര്‍ സുനി പറയുന്ന മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താനായിട്ടില്ല. ഇതിനെപ്പറ്റി അറിയില്ലെന്നാണു കാവ്യയുടെ മൊഴി.
ഗൂഢാലോചന തെളിയിക്കുന്നതിന് ദിലീപും സുനിയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ മതിയാകില്ലെന്നു പോലീസിനു ബോധ്യമുണ്ട്. ഇവര്‍ തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ശക്തമായ തെളിവാണ് ആവശ്യം.
സിനിമാ ചിത്രീകരണ മേഖലകളില്‍ സ്ഥിരം സാന്നിധ്യമായ സുനില്‍കുമാറെന്ന പള്‍സര്‍ സുനിയെ അറിയുകയേയില്ലെന്നു പറഞ്ഞതാണു ദിലീപിനു വിനയായത്. അറിയാമെന്നു പറഞ്ഞിരുന്നെങ്കില്‍ ചിത്രം മറ്റൊന്നാകുമായിരുന്നു. ഇതേ അബദ്ധം കാവ്യയ്ക്കും പറ്റി. അതിനാലാണു വീണ്ടും കാവ്യയെ ചോദ്യം ചെയേ്േണ്ടിവരുന്നത്. പള്‍സറും കാവ്യയുമായി അടുപ്പമുണ്ടെന്ന നിര്‍ണായക തെളിവു കിട്ടിയശേഷമായിരുന്നു ആദ്യത്തെ ചോദ്യംചെയ്യല്‍. കാവ്യയും ദിലീപും ഒടുവില്‍ ഒരുമിച്ചഭിനയിച്ച "പിന്നെയും" എന്ന അടൂര്‍ സിനിമയുടെ സെറ്റില്‍ പള്‍സര്‍ സജീവമായിരുന്നു.
അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്നു വിധി പറയും. രണ്ടാഴ്ച മുമ്പ് ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ച ഇയാള്‍ പിന്നീട് അപ്രത്യക്ഷനാകുകയായിരുന്നു. ഇതിനിടയിലാണ് അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ എത്തിയത്.
അപ്പുണ്ണി കൈയെത്തും ദൂരത്തുണ്ടെന്നും അറസ്റ്റ് ചെയ്യാതെ പോലീസ് രംഗം നിരീക്ഷിക്കുകയാണെന്നും വാദമുയര്‍ന്നിട്ടുണ്ട്. അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്ന സാഹചര്യത്തിലും ഇയാള്‍ അറസ്റ്റിലായാല്‍ ദിലീപിനു ജാമ്യം ലഭിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നതിനാലും അറസ്റ്റ് ഒഴിവാക്കുകയാണെന്നും സൂചനയുണ്ട്.
കേസില്‍ ദിലീപിനെതിരേ മുഖ്യമായുമുള്ളത് 120 ബി വകുപ്പുപ്രകാരമുള്ള ഗൂഢാലോചനക്കുറ്റമാണ്. അപ്പുണ്ണി മാപ്പുസാക്ഷിയായാല്‍ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ കഴിയുമെന്നും വിലയിരുത്തപ്പെടുന്നു. അപ്പുണ്ണിയുടെ അറസ്റ്റ് നീട്ടുമ്പോള്‍ ലഭിക്കുന്ന ഇടവേളയില്‍ ഗൂഢാലോചന പഴുതില്ലാതെ തെളിയിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു പോലീസ് എന്നാണു സൂചനകള്‍.






